വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ വീണ്ടും അപകടത്തിൽപ്പെട്ടു. പശുവുമായി കൂട്ടിയിടിച്ച് ട്രെയിനിന് തകരാർ. ഗാന്ധിനഗര്‍- മുംബൈ റൂട്ടില്‍ അനന്ദ് സ്റ്റേഷന് സമീപമാണ് പുതിയ അപകടം. ഇന്നലെ പോത്തുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിന് പിന്നാലെയാണിത്. ട്രാക്കിലേക്ക് കയറി വന്ന പശുവിനെ ഇടിക്കുകയായിരുന്നു. ട്രെയിന് മുന്നിലെ ഫൈബർ കവചത്തിന് ചെറിയ തകരാർ സംഭവിച്ചു.
അപകടം നടന്നതോടെ പത്തുമിനിറ്റോളം ട്രെയിൻ നിർത്തിയിട്ടു. പരിശോധനകൾ കഴിഞ്ഞാണ് യാത്ര തുടർന്നത്. ഇന്നലെ കന്നുകാലികളെ ഇടിച്ചതിനെ തുടർന്ന് വന്ദേഭാരത് എക്സ്പ്രസ്സ് ട്രെയിന് തകരാർ സംഭവിച്ചതിൽ പോത്തുകളുടെ ഉടമകൾക്കെതിരെ കേസെടുത്തിരുന്നു. ഇടിയിൽ ട്രെയിന് തകരാർ സംഭവിക്കുകയും നാല് പോത്തുകളുടെ ജീവൻ നഷ്ടമാവുകയും ചെയ്തിരുന്നു. റെയിൽവേ ആക്ട് സെഷൻ 147 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
പോത്തുകളുടെ ഉടമകളെ കണ്ടെത്താന്‍ റെയില്‍വേ പോലിസിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും ശ്രമങ്ങള്‍ തുടരുകയാണെന്നും വൃത്തങ്ങള്‍ അറിയിച്ചു. അപകടം നടന്ന് 24 മണിക്കൂറിനുള്ളില്‍ മുംബൈയില്‍ സെമിഹൈ സ്പീഡ് ട്രെയിനിന്റെ ഡ്രൈവര്‍ കോച്ചിന്റെ മുന്‍ഭാഗത്തെ കവര്‍ മാറ്റി പുതിയത് സ്ഥാപിച്ചതായി പശ്ചിമ റെയില്‍വേ (ഡബ്ല്യുആര്‍) അറിയിച്ചു. റെയില്‍വേയുടെ ഏതെങ്കിലും ഭാഗത്തേക്ക് അനധികൃതമായി പ്രവേശിക്കുന്നതും സ്വത്ത് ദുരുപയോഗം ചെയ്യുന്നതും 1989 ലെ റെയില്‍വേ ആക്ട് സെക്ഷന്‍ 147 പ്രകാരം കുറ്റകരമാണെന്ന് വത്വ ആര്‍പിഎഫ് ഇന്‍സ്‌പെക്ടര്‍ പ്രദീപ് ശര്‍മ അറിയിച്ചു.
Post Your Comments