പാലക്കാട്: വടക്കഞ്ചേരി വാഹനാപകടവുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ ഇന്ന് ട്രാൻസ്പോർട്ട് കമ്മിഷണർക്ക് അന്തിമ റിപ്പോർട്ട് സമർപ്പിക്കും. ടൂറിസ്റ്റ് ബസിന്റെ ശരാശരി വേഗത 84 കീ.മി ആയിരുന്നുവെന്ന് ആർ.ടി.ഒ എൻഫോസ്മെന്റ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ വൈകീട്ട് ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥർ അപകടസ്ഥലത്ത് പരിശോധന നടത്തിയിരുന്നു.
നിയമവിരുദ്ധമായി രൂപമാറ്റം നടത്തിയ ടൂറിസ്റ്റ് ബസുകൾക്കെതിരെ മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന ഇന്ന് മുതൽ കർശനമായി നടക്കും. അനധികൃതമായി ഘടിപ്പിച്ചവയെല്ലാം മാറ്റി രണ്ട് ദിവസത്തിനുള്ളിൽ ബസ് വീണ്ടും പരിശോധനയ്ക്ക് എത്തിക്കണമെന്നാണ് നിര്‍ദ്ദേശം.
അതേസമയം, അനധികൃതമായി രൂപമാറ്റം നടത്തിയതിന് 23 ബസുകൾക്കെതിരെ നടപടിയെടുത്തു. ഈ ബസുകൾക്ക് 6,500 വീതം പിഴയും ചുമത്തിയിട്ടുണ്ട്.
ആലുവയിൽ 13 ടൂറിസ്റ്റ് ബസുകൾക്കെതിരെയാണ് മോട്ടോർ വാഹന വകുപ്പ് നടപടിയെടുത്തത്. ഇന്നലെ നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്. എറണാകുളത്ത് ഇന്നലെ മാത്രം 29 ബസുകൾക്കെതിരെയാണ് നടപടിയെടുത്തത്. രണ്ട് ബസുകളുടെ ഫിറ്റ്നെസും റദ്ദാക്കിയിട്ടുണ്ട്.
Post Your Comments