തിരുവനന്തപുരം: തൊണ്ടി മുതൽ മോഷണക്കേസിൽ നെടുമങ്ങാട് കോടതിയിലെ തുടർ നടപടികൾക്കുള്ള സ്റ്റേ കേരള ഹൈക്കോടതി നാല് മാസം കൂടി നീട്ടി. മന്ത്രി ആന്റണി രാജു നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. വിചാരണ വേഗത്തിൽ പൂർത്തിയാക്കാൻ നിർദ്ദേശം നൽകണമെന്ന ഹർജി ഈ മാസം 25 ന് പരിഗണിക്കും.
ലഹരിക്കേസിലെ പ്രതിയെ രക്ഷിക്കാൻ കോടതിയിൽ സൂക്ഷിച്ച തൊണ്ടിമുതലിൽ കൃത്രിമത്വം കാണിച്ചെന്നാണ് മന്ത്രിയ്ക്കെതിരായ കേസ്. തൊണ്ടിമുതലിൽ കൃത്രിമം കാട്ടി മയക്കുമരുന്ന് കേസിലെ പ്രതിയെ രക്ഷിച്ചതിനാണ് അന്ന് അഭിഭാഷകനായിരുന്ന ആന്റണി രാജുവിനെതിരെ കേസെടുക്കുന്നത്.
അടിവസ്ത്രത്തിൽ ഹാഷിഷുമായി സാൽവാദോർ സാർലി എന്ന ഓസ്ട്രേലിയൻ സ്വദേശിയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിലാകുന്നത്. ഈ വിദേശിയെ കേസിൽ നിന്നും രക്ഷിക്കാനാണ് വഞ്ചിയൂർ കോടതിയിലെ അഭിഭാഷനായിരുന്ന ആന്‍റണി രാജു തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചു എന്നാണ് കേസ്. ആന്‍റണി രാജുവിന്‍റെ സീനിയറായി അഭിഭാഷക സെലിൻ വിൽഫ്രണ്ടാണ് വിദേശിക്ക് വേണ്ടി കോടതിയിൽ ഹാജരായത്. മയക്കുമരുന്ന് കേസിൽ വിദേശിയെ തിരുവനന്തപുരം സെഷൻസ് കോടതി 10 വര്‍ഷത്തേക്ക് ശിക്ഷിച്ചു. പക്ഷെ ഹൈക്കോടതി സാർലിയെ വെറുതെ വിടുകയായിരുന്നു.
കേസിൽ പ്രധാന തൊണ്ടി മുതൽ ആയ വിദേശി ധരിച്ചിരുന്ന അടിവസ്ത്രം കുറ്റാരോപിതനായ വിദേശിക്ക് പാകമാകില്ലെന്നും ഇത് വ്യാജ തൊണ്ടിയാണെന്നുമുള്ള ഹൈക്കോടതിയിലെ പ്രതിഭാഗത്തിന്‍റെ വാദം കണക്കിലെടുത്താണ് പ്രതിയെ കോടതി വെറുതെ വിട്ടത്. എന്നാല്‍, തൊണ്ടി മുതലിൽ കൃത്രിമുണ്ടായെന്ന സംശയിച്ച അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥൻ ജയമോഹൻ, കേരള ഹൈക്കോടതിയിൽ നൽകിയ പരാതിയെ തുടര്‍ന്ന് അന്വേഷണം തുടങ്ങി. തിരുവനന്തപുരം കോടതിയിലെ തൊണ്ടി ക്ലർക്കായ ജോസും അഭിഭാഷകനായ ആന്റണി രാജുവും ചേർന്നാണ് തൊണ്ടി മുതലിൽ കൃത്രിമം കാണിച്ചത് എന്നായിരുന്നു അന്വേഷണത്തിലെ കണ്ടെത്തൽ.
Post Your Comments