കൊല്ലം: യുവതിയേയും മകനേയും വീട്ടില്‍ നിന്ന് ഭര്‍തൃവീട്ടുകാര്‍ ഇറക്കിവിട്ടതായി പരാതി. കൊല്ലം തഴുത്തലയിലാണ് സംഭവം. തഴുത്തല സ്വദേശിനി ആദിത്യ, അഞ്ചു വയസ്സുകാരനായ മകന് എന്നിവരെയാണ് വീട്ടുകാര്‍ പുറത്താക്കിയത്. വീടിന്റെ സിറ്റൗട്ടിലാണ് അമ്മയും മകനും രാത്രിയില്‍ കഴിഞ്ഞത്. സ്ത്രീധനത്തിന്റെ പേരില്‍ തുടരുന്ന പീഡനത്തിന്റെ തുടര്‍ച്ചയായാണ് വീട്ടില്‍നിന്ന് ഇറക്കവിട്ടതെന്ന് ആദിത്യയുടെ അമ്മ അതുല്യ പറഞ്ഞു.
ഇതിനിടെ, പൊലീസ് ഇടപെടല്‍ കാര്യക്ഷമമല്ലെന്ന് ആരോപിച്ച് നാട്ടുകാരും പൊലീസുമായി വാക്കേറ്റമുണ്ടായി. ഇന്നലെ വൈകിട്ട് സ്കൂളില്‍നിന്നു വന്ന മകനെ കൂട്ടാനായി പുറത്തിറങ്ങിയപ്പോഴാണ് ഭര്‍തൃവീട്ടുകാര്‍ ഗേറ്റ് പൂട്ടിയത്.
ആദിത്യ മാദ്ധ്യമങ്ങളോട് പറഞ്ഞ വാക്കുകള്‍ ഇങ്ങനെ
‘ഇന്നലെ രാത്രി മോനെ വിളിക്കാന്‍ പോയതാണ്. പുറത്തിറങ്ങി അഞ്ച് മിനിറ്റ് കഴിഞ്ഞതേയുള്ളൂ. മകനെ കൂട്ടി തിരിച്ചെത്തിയപ്പോഴേയ്ക്കും രണ്ടു ഗേറ്റും പൂട്ടിയിട്ടിരിക്കുകയായിരുന്നു. അകത്തു കയറാന്‍ നിര്‍വാഹമില്ലാതെ വന്നതോടെ ഞാന്‍ പൊലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു. പൊലീസ് കമ്മീഷണറെ നേരിട്ട് വിളിക്കുകയും ചെയ്തു. അതിനു പുറമെ വനിതാ സെല്ലിലും ചില്‍ഡ്രന്‍സ് വെല്‍ഫയറിലും അറിയിച്ചു. അവിടെ നിന്നൊന്നും യാതൊരു നീതിയും കിട്ടിയില്ല’ – ആദിത്യ പറഞ്ഞു.
”ഒരു രക്ഷയുമില്ലാതായതോടെ രാത്രി 11 വരെ മോനുമൊത്ത് വീടിന്റെ ഗെയ്റ്റിനു മുന്നില്‍ നിന്നു. അതുകഴിഞ്ഞ് നാട്ടുകാരുടെ സഹായത്തോടെ മതില് വഴി അകത്തുകടന്ന് സിറ്റൗട്ടിലിരുന്നു. അവിടുത്തെ ലൈറ്റിട്ടപ്പോള്‍ ഭര്‍ത്താവിന്റെ അമ്മ മെയിന്‍ സ്വിച്ച് ഓഫ് ചെയ്തു’. –
”വിവാഹം കഴിച്ചു വന്നതു മുതല്‍ ഇവിടെ ഇത്തരത്തിലുള്ള പീഡനങ്ങളായിരുന്നു. സ്ത്രീധനം കുറഞ്ഞുപോയി, കാര്‍ വേണം എന്നൊക്കെ പറഞ്ഞ് ദിവസവും ഉപദ്രവിക്കുമായിരുന്നു. എന്റെ അതേ അവസ്ഥയാണ് മൂത്ത ചേട്ടത്തിക്കും സംഭവിച്ചിരിക്കുന്നത്. അതുകൊണ്ട് അവര്‍ ഇപ്പോള്‍ സ്വന്തം വീട്ടിലാണ് താമസം’, ആദിത്യ പറഞ്ഞു.
Post Your Comments