പാലക്കാട്: സീറ്റിൽ എഴുന്നേറ്റ് നിന്ന് ഡാൻസ് ചെയ്തുകൊണ്ട് ബസോടിക്കുന്ന ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ വീഡിയോ പുറത്ത് വന്നതോടെ, ഇത് വടക്കഞ്ചേരിയിൽ ഒൻപത് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ ടൂറിസ്റ്റ് ബസ് ഓടിച്ച ഡ്രൈവർ ജോമോൻ ആണോയെന്ന സംശയത്തിൽ പോലീസ്. ഭയപ്പെടുത്തുന്ന രീതിയിലുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇത് ജോമോൻ ആണോയെന്ന് കണ്ടെത്താനുള്ള ശ്രമമാണ് പോലീസ് നടത്തുന്നത്.
ബസിൽ ഉയർന്ന ശബ്ദത്തിൽ കേൾക്കുന്ന പാട്ടിനൊപ്പം ഡാൻസ് ചെയ്യുകയാണ് ഡ്രൈവർ. ഡ്രൈവറുടെ നിയന്ത്രണത്തിലല്ല ബസ് പോകുന്നതെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഒറ്റനോട്ടത്തിൽ വീഡിയോയിലുള്ളത് ജോമോൻ തന്നെയാണ് എന്ന സംശയത്തിലാണ് പൊലീസ്. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ ജോമോനോട് തന്നെ കാര്യങ്ങൾ ചോദിച്ചറിയാനൊരുങ്ങുകയാണ് പോലീസ്.
അതേസമയം, മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് ജോമോനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വടക്കഞ്ചേരി അഞ്ചുമൂർത്തിമംഗലം വാഹനാപകടത്തിൽ അറസ്റ്റിലായ ഡ്രൈവർ ജോമോനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തിയേക്കും. അപകടസമയം ബസ് അമിത വേഗത്തിലായിരുന്നു. അപകടമുണ്ടാകുമ്പോൾ ബസ് 97 കിലോമീറ്റർ വേഗത്തിലായിരുന്നു. റോഡിൽ അനുവദനീയമായത് 80 കിലോമീറ്ററാണ്. ബസിൽ സ്ഥാപിച്ച ജിപിഎസ് സംവിധാനത്തിൽനിന്നാണ് അപകടസമയത്തെ ബസിന്റെ വേഗം കണ്ടെത്തിയത്. ബസ് അമിത വേഗത്തിലാണെന്ന് ബസുടമയുടെ മൊബൈൽ ഫോണിലേക്ക് അപകടത്തിനുമുമ്പ് രണ്ടുതവണ സന്ദേശം എത്തി.
Post Your Comments