കോട്ടയം: കെ.എസ്.ആർ.ടി.സിയെ നിലനിർത്താൻ സർക്കാർ പ്രതിഞ്‌ജാബദ്ധരാണെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തുമായി ചേർന്ന് കെ.എസ്.ആർ.ടി.സി നടപ്പാക്കുന്ന ഗ്രാമവണ്ടി പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി ആന്റണി രാജു.
കെ.എസ്.ആർ.ടി.സി ലാഭമുണ്ടാക്കാനുള്ള സംവിധാനമല്ല. നിലവിലുള്ള സാമ്പത്തിക സ്ഥിതിയിൽ പുതിയ ബസുകൾ അനുവദിക്കാവുന്ന സാഹചര്യവുമല്ല. അതിനാൽ ഗ്രാമ വണ്ടി പദ്ധതിയിലൂടെയേ യാത്രക്ലേശം പരിഹരിക്കാനാവൂ. ഗ്രാമവണ്ടി പദ്ധതി ജനങ്ങളേറ്റെടുത്താൽ നഷ്ടം സഹിച്ചും പദ്ധതി നടപ്പിലാക്കും. ജനങ്ങൾക്ക് യാത്രാസൗകര്യമൊരുക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കൂടി ഉത്തരവാദിത്തമുണ്ട്. അത്തരമൊരു സാഹചര്യത്തിലാണ് സർക്കാർ ഗ്രാമവണ്ടി പദ്ധതിക്ക് രൂപം കൊടുത്തത്.
ഗ്രാമവണ്ടിയിലൂടെ പൊതു ഗതാഗത സംവിധാനം ജനകീയമാവുകയാണ്. പദ്ധതിയുടെ അടുത്ത ഘട്ടത്തിൽ മിനി ബസുകൾ ഗ്രാമവണ്ടികളാക്കി വലിയ ബസുകൾ എത്താൻ കഴിയാത്ത ഗ്രാമീണ പാതയിൽ സർവ്വീസ് നടത്താനും ആലോചനയുണ്ട് എന്നും മന്ത്രി പറഞ്ഞു.
അഡ്വ. മോൻസ് ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ തോമസ് ചാഴിക്കാടൻ എം.പി, ജില്ല പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി സുനിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ സുഷമ, സൈനമ്മ ഷാജു, ടി.കെ വാസുദേവൻ നായർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ് ശരത്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നയന ബിജു, ജില്ല പഞ്ചായത്തംഗം ജോസ് പുത്തൻകാല, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ജോൺസൺ കൊട്ടുകാപ്പള്ളി, സെലിനാമ്മ ജോർജ്, പി.കെ സന്ധ്യ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, കെ.എസ്.ആർ.ടി.സി പ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
Post Your Comments