തിരുവനന്തപുരം: കോർപ്പറേഷൻ പരിധിയിൽ അട്ടക്കുളങ്ങര ജംഗ്ഷനിലെ ഗതാഗത സ്തംഭനത്തിന് ശാശ്വത പരിഹാരമായ ഫ്ലൈഓവർ നിർമ്മാണത്തിനായി ഭൂമി ഏറ്റെടുക്കുന്നതിന്റെ പ്രാരംഭ പ്രവൃത്തി തുടങ്ങി. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കാനായി സംസ്ഥാന ഗതാഗത മന്ത്രി ആന്റണി രാജു വെള്ളിയാഴ്ച രാവിലെ അഴീക്കോട്ട ജംഗ്ഷൻ സന്ദർശിച്ചു.
1200 മീറ്റർ നീളത്തിൽ വിഭാവനം ചെയ്തിട്ടുള്ള അട്ടക്കുളങ്ങര ഫ്ലൈഓവർ ശ്രീവരാഹം അഴീക്കോട്ട ജംഗ്ഷനിൽ തുടങ്ങി കിഴക്കേക്കോട്ട രാമചന്ദ്ര ടെക്സ്റ്റയിൽസിന് സമീപം. അവസാനിക്കുമെന്ന് മന്ത്രി പറഞ്ഞു. നിരന്തരം ഗതാഗതം സ്തംഭിക്കുന്ന ജംഗ്ഷനിലെ പ്രശ്ന പരിഹാരത്തിനുള്ള ശാശ്വത നടപടിയാണ് ഫ്ലൈഓവർ. റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്പ്മെന്റ് കോർപ്പറേഷൻ ഓഫ് കേരള (ആർ.ബി.സി.ഡി.കെ)യ്ക്കാണ് നിർമ്മാണ പ്രവർത്തനങ്ങളുടെ ചുമതല. ഒന്നര വർഷത്തിൽ ഭൂമി ഏറ്റെടുക്കലും അടുത്ത ഒന്നര വർഷത്തിൽ നിർമ്മാണവും നടത്തി മൂന്ന് വർഷം കൊണ്ട് ഫ്ലൈഓവർ യാഥാർഥ്യമാകുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
ആകെ 180 കോടി രൂപയാണ് കിഫ്ബിയിൽ വകയിരുത്തിയിട്ടുള്ളത്. ഇതിൽ 100 കോടിയോളം ഭൂമി ഏറ്റെടുക്കലിനാണ്. നിർദിഷ്ട ഫ്ലൈഓവറിന്റെ ഇടത് ഭാഗം പുരാവസ്തു വകുപ്പിന്റെ അധീനതയിലായതിനാൽ വലത് വശത്തുള്ള ഭൂമിയായിരിക്കും ഏറ്റെടുക്കുക. ഏകദേശം 300 കടകൾ സ്ഥിതി ചെയ്യുന്ന ഭൂമി ഏറ്റെടുക്കേണ്ടതായി വരും.
സമീപത്തെ തിരക്കേറിയ മറ്റൊരു പ്രധാന ജംഗ്ഷനായ ഈഞ്ചക്കലിൽ ഫ്ലൈഓവർ നിർമ്മാണത്തിന് കേന്ദ്ര സർക്കാർ 159 കോടി അനുവദിച്ചതായി ഗതാഗത മന്ത്രി പറഞ്ഞു. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിയെ സന്ദർശിച്ച് വിഷയം ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണിത്.
ഭൂമി ഏറ്റെടുക്കുന്നതിനായി സ്ഥലം അടയാളപ്പെടുത്തുന്ന പ്രവൃത്തിയാണ് വെള്ളിയാഴ്ച തുടങ്ങിയത്. കിഴക്കേക്കോട്ടയിൽ പുതുതായി നിർമ്മിച്ച ആകാശ നടപ്പാത ജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി ഗതാഗതകുരുക്ക് ഒഴിവാക്കുന്നതിൽ സഹകരിക്കണമെന്ന് മന്ത്രി ആന്റണി രാജു അഭ്യർഥിച്ചു. ഇക്കാര്യം ബോധവൽക്കരിക്കാൻ മാധ്യമങ്ങളും തയ്യാറാകണം.
Post Your Comments