KeralaLatest NewsNews

യാത്ര സേഫ് ആക്കാൻ ‘സുരക്ഷാമിത്ര’: ജി.പി.എസ് ഘടിപ്പിച്ചത് രണ്ടര ലക്ഷം വാഹനങ്ങളിൽ

തിരുവനന്തപുരം: സുരക്ഷിത യാത്ര സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന സുരക്ഷാമിത്ര പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ രണ്ടര ലക്ഷത്തിലധികം വാഹനങ്ങളിൽ ജി.പി.എസ് ഘടിപ്പിച്ചു. യാത്രയ്ക്കിടെയുണ്ടാകുന്ന അടിയന്തര സാഹചര്യങ്ങളിൽ സഹായം ഉറപ്പാക്കുകയാണ് പ്രധാന ലക്ഷ്യം. ‘നിർഭയ’ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായാണു മോട്ടോർവാഹന വകുപ്പ് ആരംഭിച്ച സുരക്ഷാമിത്രയെന്ന നിരീക്ഷണ പദ്ധതിക്കു തുടക്കമിട്ടത്. വാഹനങ്ങളിൽ ജി.പി.എസ് ഘടിപ്പിക്കുന്നതോടൊപ്പം സുരക്ഷാ ബട്ടൺ (പാനിക് ബട്ടൺ) കൂടി ഘടിപ്പിക്കുന്നതിനാൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള യാത്രക്കാരുടെ സുരക്ഷ പൂർണമായി ഉറപ്പാക്കാനാകും.

യാത്രയ്ക്കിടയിൽ അസ്വാഭാവിക സാഹചര്യങ്ങളുണ്ടായാൽ പോലീസ് സേവനം തേടുന്നതിന് സുരക്ഷാ ബട്ടൺ അമർത്തിയാൽ മതി. വാഹനത്തിന്റെ വലിപ്പം, ഉൾക്കൊള്ളുന്ന യാത്രക്കാരുടെ എണ്ണം തുടങ്ങിയവ കണക്കാക്കി രണ്ട് മുതൽ അഞ്ച് വരെ പാനിക് ബട്ടണുകളാണ് വാഹനങ്ങളിൽ ഘടിപ്പിക്കുന്നത്. അപായ സൂചന നൽകുന്നതിനു ഡ്രൈവറുടെ സീറ്റിന് സമീപവും പാനിക് ബട്ടൺ ഘടിപ്പിക്കുന്നുണ്ട്. സ്‌കൂൾ ബസുകൾ, കെ.എസ്.ആർ.ടി.സി, ആംബുലൻസ്, ട്രക്കുകൾ, ടാക്‌സി വാഹനങ്ങൾ തുടങ്ങി പൊതുഗതാഗത സംവിധാനത്തിന്റെ ഭാഗമായുള്ള വാഹനങ്ങളിലാണ് ജി.പി.എസ് ഘടിപ്പിക്കുന്നത്.

വാഹനങ്ങളിൽ ഘടിപ്പിക്കുന്ന വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിങ് ഡിവൈസ് വഴി കൺട്രോൾ റൂമിൽ സന്ദേശം ലഭിക്കുന്നതിനാൽ യാത്ര സദാസമയം നിരീക്ഷിക്കാനും വാഹനങ്ങൾ തുടർച്ചയായി അമിത വേഗത്തിലോടിയാൽ ഇക്കാര്യം വാഹന ഉടമയുടെ മൊബൈൽ നമ്പറിൽ അറിയിക്കാനും കഴിയും. പ്രതിമാസം 150 ഓളം വാഹനങ്ങൾക്ക് അമിതവേഗം സംബന്ധിച്ച മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇത്തരത്തിൽ സന്ദേശം ലഭിക്കുന്ന വാഹനങ്ങൾ പിന്നീട് അമിതവേഗം നിയന്ത്രിക്കുന്നുണ്ടെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.

ഇതുവരെ ജി.പി.എസ് ഘടിപ്പിച്ച രണ്ടര ലക്ഷത്തിലധികം വാഹനങ്ങളിൽ 23,745 എണ്ണം സകൂൾ ബസുകളും 2234 എണ്ണം നാഷണൽ പെർമിറ്റുള്ള ട്രക്കുകളും 1863 എണ്ണം കെ.എസ്.ആർ.ടി.സി ബസുകളുമാണ്. റോഡപകടങ്ങൾ സംഭവിക്കുന്ന സാഹചര്യങ്ങളിൽ വാഹനങ്ങളുടെ അമിതവേഗം കണ്ടെത്താനും സുരക്ഷാമിത്ര വഴി സാധിക്കും. പുതിയ വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്ന സമയത്തും ഫിറ്റ്നസ് പുതുക്കുന്ന സമയത്തും ജി.പി.എസ് നിർബന്ധമാക്കിയിട്ടുണ്ട്. മുഴുവൻ വാഹനങ്ങളിലും ജി.പി.എസ് ഘടിപ്പിക്കുന്നതോടെ അസ്വാഭാവിക സാഹചര്യങ്ങൾ, അപകടങ്ങൾ തുടങ്ങിയ സാഹചര്യങ്ങളിൽ സുരക്ഷയും സഹായവും ഉറപ്പക്കാനാകും. കൂടാതെ, ഏറ്റവും കൂടുതൽ വാഹനാപകടങ്ങൾ സംഭവിക്കുന്ന മേഖലകൾ കണ്ടെത്തി ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിനും കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്ന വാഹനങ്ങളെ കണ്ടെത്താൻ പോലീസിന് സഹായകമായ വിവരങ്ങൾ നൽകാനും ഇതു സഹായകമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button