പാലക്കാട്: വടക്കഞ്ചേരിയില്‍ ടൂറിസ്റ്റ് ബസും കെ.എസ്.ആര്‍.ടി.സിയും കൂട്ടിയിടിച്ച് ഒൻപത് പേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ തെറ്റ് മുഴുവൻ ബസ് ജീവനക്കാരുടേതെന്ന് വിദ്യാർത്ഥികൾ. ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ അശ്രദ്ധ മൂലമാണ് അപകടമുണ്ടായതെന്ന് രക്ഷപ്പെട്ട വിദ്യാർത്ഥികൾ പറയുന്നു. എറണാകുളം ബസേലിയോസ് വിദ്യാനികേതന്‍ സ്‌കൂളില്‍ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്ര പുറപ്പെട്ട സംഘമാണ് ടൂറിസ്റ്റ് ബസിലുണ്ടായിരുന്നത്.
37 വിദ്യാര്‍ത്ഥികളും അഞ്ച് അധ്യാപകരും രണ്ട് ബസ് ജീവനക്കാരുമാണ് ബസിലുണ്ടായിരുന്നത്. ടൂറിസ്റ്റ് ബസ് അമിത വേഗതയിലായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. യാത്ര തുടങ്ങിയപ്പോൾ മുതൽ ബസ് അമിതവേഗതയിൽ ആയിരുന്നുവെന്ന് വിദ്യാർത്ഥികൾ പറയുന്നു. അമിതവേഗതയെ കുറിച്ച് ചോദിച്ചപ്പോൾ വഴി പരിചയമുള്ള, അമിതവേഗതയിൽ ഓടിച്ച് ശീലമുള്ള കിടിലൻ ഡ്രൈവർ ആണെന്നായിരുന്നു ബസ് ജീവനക്കാർ നൽകിയ മറുപടി.
കെ.എസ്.ആർ.ടി.സി ബസിനെ ഓവർടേക്ക് ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്. ബസിടിച്ച് തലകീഴായി മറിയുകയാണ് ചെയ്തത്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അപകടമുണ്ടായത്. കൊട്ടാരക്കര കോയമ്പത്തൂര്‍ സൂപ്പര്‍ഫാസ്റ്റ് ബസിലാണ് ടൂറിസ്റ്റ് ബസ് ഇടിച്ചത്.
മരിച്ചവരിൽ അഞ്ച് പേര്‍ വിദ്യാര്‍ത്ഥികളും ഒരാള്‍ അധ്യാപകനും മൂന്ന് പേര്‍ കെ.എസ്.ആര്‍.ടി.സി യാത്രക്കാരുമാണ്. എല്‍ന ജോസ് (15), ക്രിസ്വിന്ത് (16), ദിവ്യ രാജേഷ്( 16), അധ്യാപകനായ വിഷ്ണു(33), അഞ്ജന അജിത് (16) എന്നിവരും കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്ര ചെയ്തിരുന്ന ഇമ്മാനുവല്‍ (16) ദീപു (25) രോഹിത് (24) എന്നിവരുമാണ് മരിച്ചത്. മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ രാവിലെ 9 മണിയോടെ ആരംഭിക്കും.
തൃശൂര്‍ മെഡിക്കല്‍ കോളജിലും ആലത്തൂര്‍ ആശുപത്രിയിലും പാലക്കാട് ജില്ലാ ആശുപത്രിയിലുമാണ് പരുക്കേറ്റവരെ പ്രവേശിപ്പിച്ചിട്ടുള്ളത്. ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ നിലവില്‍ 16 പേരാണ് ചികിത്സയിലുള്ളത്. 50-ല്‍ അധികം പേര്‍ക്കാണ് അപകടത്തില്‍ പരുക്കേറ്റത്.
Post Your Comments