തൃശൂര്‍: വടൂക്കര എസ്‌എന്‍ നഗറില്‍ അയല്‍വാസിയായ റിട്ടയേര്‍ഡ് ടീച്ചര്‍ റഹ്മത്തിന്റെ ഹാന്‍ഡ് ബാഗില്‍ നിന്നും എടിഎം കാര്‍ഡും പിന്‍ നമ്പര്‍ എഴുതി വച്ച കടലാസും മോഷ്ടിച്ച് രണ്ട് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ രണ്ട് യുവതികള്‍ അറസ്റ്റില്‍. കാസര്‍ഗോഡ് ഹൊസങ്ങാടി ദേശത്ത് സമീറ മന്‍സിലില്‍ അബ്ദുള്‍ റഹ്മാന്‍ ഭാര്യ സമീറ (31 വയസ്സ്), വടൂക്കര എസ്.എന്‍. നഗര്‍ കളപ്പുരയില്‍ വീട്ടില്‍ മുഹമ്മദ് സലീം ഭാര്യ ഷാജിത (36 വയസ്സ്) എന്നിവരെ നെടുപുഴ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
സെപ്തംബര്‍ മാസം 19-ാം തീയതി ആയിരുന്നു കേസിനാസ്പദമായ സംഭവം. ഒരാഴ്ചയോളം തൃശൂര്‍ നഗരത്തിലെ വിവിധ എടിഎമ്മുകളില്‍ നിന്നും 1,84,000 രൂപയാണ് ഇവർ കൈക്കലാക്കിയത്.
പരാതിക്കാരിയായ സ്ത്രീയും പ്രതികളും അയല്‍വാസികളും സുഹൃത്തുക്കളുമായിരുന്നു. പരാതിക്കാരിയായ റിട്ടയേർഡ് ടീച്ചര്‍ വാടകക്ക് നല്‍കിയ വീട്ടിലാണ് പ്രതി ഷാജിത താമസിക്കുന്നത്. ടീച്ചറുടെ അക്കൗണ്ടില്‍ ധാരാളം പണം ഉണ്ടെന്ന് പ്രതികള്‍ക്ക് അറിയാമായിരുന്നു. അത്യാവശ്യഘട്ടങ്ങളില്‍ ടീച്ചര്‍ സാമ്പത്തികമായി ഇവരെ സഹായിക്കാറുമുണ്ടായിരുന്നു.
സെപ്റ്റംബര്‍ മാസം 19ാം തീയതി മൂവരും കൂടി തൃശൂര്‍ സാഹിത്യ അക്കാദമിയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് രാത്രി 8 മണിയോടെ പരാതിക്കാരിയുടെ എസ്.എന്‍ നഗറിലെ വീട്ടിലെത്തി വിശ്രമിക്കുന്ന സമയത്താണ് ഹാന്‍ഡ് ബാഗില്‍ നിന്നും പ്രതി സമീറ എടിഎം കാര്‍ഡും പിന്‍ നമ്പര്‍ എഴുതി വച്ച കടലാസും രണ്ടാം പ്രതിയായ ഷാജിതയുടെ നിര്‍ദ്ദേശപ്രകാരം മോഷ്ടിച്ചെടുത്തത്.
എടിഎം സെന്ററിലുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുള്ള അന്വേഷണത്തില്‍ നിന്നാണ് പ്രതികളെക്കുറിച്ചുള്ള സൂചന ലഭിച്ചത്. മോഷ്ടിച്ചെടുത്ത പണം ഉപയോഗിച്ച് സ്വന്തം കടങ്ങള്‍ വീട്ടിയതായി പ്രതികള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Post Your Comments