ഇടുക്കി: മൂന്നാര്‍ നയമക്കാട് ജനവാസ മേഖലയിലിറങ്ങി പരിഭ്രാന്തി പരത്തിയ കടുവയ്ക്ക് തിമിരമെന്ന് വനംവകുപ്പ്. കടുവയുടെ ഇടത് കണ്ണില്‍ തിമിരം ബാധിച്ചതിനാല്‍ കാഴ്ച ശക്തി കുറവുണ്ട്. ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ കടുവയെ കാട്ടിലേക്ക് തുറന്നുവിടില്ലെന്ന് വനംവകുപ്പ് അറിയിച്ചു.
കാഴ്ചക്കുറവുള്ളതിനാല്‍ കടുവയ്ക്ക് സ്വഭാവിക ഇരപിടിയ്ക്കാന്‍ കഴിയില്ല. അതുകൊണ്ട്, കടുവയെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റുമെന്നും വനംവകുപ്പ് അധികൃതർ അറിയിച്ചു. ഇടതു കണ്ണിന് കാഴ്ച കുറഞ്ഞതാകാം ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങി വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കാന്‍ കാരണമെന്നും വനം വകുപ്പ് പറയുന്നു.
അതേസമയം, ഇന്നലെ രാത്രി എട്ടരമണിയോടെയാണ് വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കടുവ കുടുങ്ങിയത്. നയമക്കാട് മേഖലയില്‍ കഴിഞ്ഞ രണ്ട് ദിവസമായി പത്തോളം പശുക്കളെ കടുവ കൊന്നിരുന്നു. കടലാര്‍ ഈസ്റ്റ് ഡിവിഷനില്‍ ഇന്നലെ മേയാന്‍ വിട്ട പശുവിനെ കടുവ ആക്രമിച്ചിരുന്നു. അഞ്ചു പശുക്കളെ മേയാന്‍ വിട്ടിരുന്നു. അതിലൊരെണ്ണത്തിനെയാണ് ആക്രമിച്ചത്. പശുവിന്റെ കാലിന് പരിക്കേറ്റിട്ടുണ്ട്.
Read Also : മൈഗ്രേയ്ൻ കുറയ്ക്കാനുള്ള ചില എളുപ്പ വഴികൾ ഇതാ!
ചൊവ്വാഴ്ച രാവിലെ പ്രദേശത്ത് പശുക്കളെ മേയ്ക്കാന്‍ പോയ വേലായുധന് എന്നയാളെ കടുവ ആക്രമിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ കടുവയെ കണ്ട പ്രദേശത്തുനിന്ന് 6 കിലോമീറ്റര്‍ അകലെയാണ് ആക്രമണം ഉണ്ടായത്.
കൂടാതെ, അക്രമകാരിയായ കടുവയായതിനാല്‍ പ്രദേശവാസികള്‍ പുറത്തിറങ്ങരുതെന്നും ജാഗ്രത പാലിക്കണമെന്നും വനംവകുപ്പ് നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കടുവ കുടുങ്ങിയത്.
മാത്രമല്ല, നെയ്മക്കാട് രണ്ട് ദിവസങ്ങളിലായി 10 കന്നുകാലികള്‍ ആണ് കടുവയുടെ ആക്രമണത്തില്‍ ചത്തത്. നയ്മക്കാട് ഈസ്റ്റ് ഡിവിഷനില്‍ തൊഴിലാളികള്‍ താമസിയ്ക്കുന്ന ലയത്തിന് സമീപത്തെ തൊഴുത്തിലാണ് രാത്രിയില്‍ കടുവയുടെ ആക്രമണം ഉണ്ടായത്. തൊഴിലാളികളുടെ ഉടമസ്ഥയിലുള്ളവയാണ് ചത്ത കന്നുകാലികള്‍. കടുവയുടെ ആക്രമണത്തില്‍ മൂന്ന് പശുക്കള്‍ക്ക് സാരമായി പരുക്കേൽക്കുകയും ചെയ്തിരുന്നു.
Post Your Comments