തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളേജുകളിൽ ആദ്യമായി കീഴ്താടിയെല്ലിന്റെ അതിസങ്കീർണമായ സന്ധി മാറ്റിവെക്കൽ ശസ്ത്രക്രിയ കോട്ടയം സർക്കാർ മെഡിക്കൽ/ ഡെന്റൽ കോളേജിലെ ഓറൽ & മാക്‌സിലോഫേഷ്യൽ സർജറി വിഭാഗം വിജയകരമായി പൂർത്തിയാക്കി. കോട്ടയം സ്വദേശിയായ 56 കാരനാണ് മെഡിക്കൽ കോളേജിൽ അപൂർവ ശസ്ത്രക്രിയ നടത്തിയത്. രോഗി സുഖം പ്രാപിച്ചു വരുന്നു. ശസ്ത്രക്രിയയ്ക്ക് നേതൃത്വം വഹിച്ച മുഴുവൻ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.
Read Also: ‘യുടിഎസ് ഓൺ’ മൊബൈൽ ആപ്ലിക്കേഷനുമായി ഇന്ത്യൻ റെയിൽവേ, ടിക്കറ്റ് എടുക്കാൻ ഇനി ക്യൂവിൽ നിൽക്കേണ്ട
കീഴ്താടിയെല്ലിലെ ട്യൂമർ കാരണം, കീഴ്താടിയെല്ലും അതിനു അനുബന്ധിച്ചുള്ള സന്ധിയും ശസ്ത്രക്രിയ വഴി നീക്കം ചെയ്ത് പകരം പുതിയ കൃത്രിമ സന്ധി വച്ചു പിടിപ്പിക്കുകയാണ് ചെയ്തത്. ട്യൂമർ ബാധിച്ച താടിയെല്ല് എടുത്ത് കളഞ്ഞാൽ കവിളൊട്ടിയിരിക്കും. ഭക്ഷണം കഴിക്കാനും ബുദ്ധിമുട്ടായിരിക്കും. അതിനാലാണ് കൃത്രിമ സന്ധി വച്ചുപിടിപ്പിക്കുന്നതിന്റെ സാധ്യതയാരാഞ്ഞത്. ചെന്നൈയിലെ ലാബിൽ സിടി സ്‌കാൻ അയച്ചുകൊടുത്ത് മാതൃകയുണ്ടാക്കിയ ശേഷമാണ് ആർട്ടിഫിഷ്യൽ സന്ധിയുണ്ടാക്കി ശസ്ത്രക്രിയ നടത്തി വച്ചുപിടിപ്പിച്ചത്.
മുഖഭാവങ്ങളും മുഖത്തെ വിവിധ പേശികളുടെ പ്രവർത്തനവും സാധ്യമാകുന്ന ഞെരമ്പുകൾക്ക് ക്ഷതം സംഭവിക്കുന്നത് ഈ ശസ്ത്രക്രിയയുടെ സങ്കീർണതയാണ്. എന്നാൽ യാതൊരു പാർശ്വഫലവും കൂടാതെ ഈ ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചു. കഴിഞ്ഞ ബുധനാഴ്ച നടന്ന ശസ്ത്രക്രിയ ഏഴു മണിക്കൂർ നീണ്ടു നിന്നു.
ഒഎംഎഫ്എസ്. മേധാവി ഡോ എസ് മോഹന്റെയും അനസ്‌തേഷ്യാ വിഭാഗം ഡോ ശാന്തി, ഡോ ഷീല വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ ഡോ ദീപ്തി സൈമൺ, ഡോ ബോബി ജോൺ, ഡോ പി ജി ആന്റണി, ഡോ ജോർജ് ഫിലിപ്പ്, നഴ്‌സുമാർ എന്നിവർ ശസ്ത്രക്രിയയിൽ പങ്കാളികളായി.
Read Also: ബിജെപി സർക്കാർ വികസന പദ്ധതികൾക്ക് തറക്കല്ലിടുകമാത്രമല്ല, അത് ഉദ്ഘാടനവും ചെയ്യാറുണ്ട്: പ്രധാനമന്ത്രി
Post Your Comments