KeralaLatest NewsNews

കൊല്ലപ്പെട്ട ചിന്നമ്മയുടെ ഭര്‍ത്താവും മരിച്ച നിലയില്‍

കട്ടപ്പന: കൊച്ചുതോവാള കൊച്ചുപുരയ്ക്കല്‍ താഴത്ത് കെ.പി ജോര്‍ജിന്റെ ഭാര്യ ചിന്നമ്മ കൊലക്കേസില്‍ സംശയ നിഴലില്‍ ഉണ്ടായിരുന്ന ഭര്‍ത്താവ് ജോര്‍ജും മരിച്ചു. ഒന്നര വര്‍ഷമായിട്ടും പ്രതിയെ കണ്ടെത്താനാകാതെ അന്വേഷണം ഇഴഞ്ഞു നീങ്ങവേ സംശയ നിഴലില്‍ ഉണ്ടായിരുന്ന ഭര്‍ത്താവ് ജോര്‍ജും മരിച്ചതോടെ തുടരന്വേഷണം വഴിമുട്ടി. ചിന്നമ്മയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ അതേ വീട്ടിലാണ് ജോര്‍ജിനെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. 2021 ഏപ്രില്‍ എട്ടിനായിരുന്നു ചിന്നമ്മയുടെ കൊലപാതകം.

സംഭവ ദിവസം ജോര്‍ജും ചിന്നമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രാവിലെ തൃശൂരിലെ ബന്ധുവീട്ടിലേക്ക് പോകാന്‍ ഇവര്‍ തീരുമാനിച്ചിരുന്നു. വീടിന്റെ മുകള്‍ നിലയിലെ മുറിയിലാണ് ജോര്‍ജ് കിടന്നിരുന്നത്. പുലര്‍ച്ചെ എഴുന്നേറ്റ് താഴത്തെ നിലയില്‍ എത്തിയപ്പോഴാണ് കട്ടിലിനു താഴെ കിടക്കുന്ന ചിന്നമ്മയെ കണ്ടതെന്നാണ് ജോര്‍ജ് പൊലീസിനു നല്‍കിയ മൊഴി. എടുത്ത് കട്ടിലില്‍ കിടത്തിയശേഷം മറ്റുള്ളവരുടെ സഹായത്തോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

പോസ്റ്റ്‌മോര്‍ട്ടത്തിലാണ് ശ്വാസംമുട്ടിച്ചുള്ള കൊലപാതകമാണെന്ന് തെളിഞ്ഞത്. ആശുപത്രി അധികൃതര്‍ ചിന്നമ്മ അണിഞ്ഞിരുന്ന ആഭരണങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറിയപ്പോഴാണ് ചിലത് കാണാതായതായി ശ്രദ്ധയില്‍പ്പെട്ടത്. മാല, വള, മോതിരം എന്നിവ ഉള്‍പ്പെടെ 4 പവന്റെ സ്വര്‍ണാഭരണങ്ങളാണ് കാണാതായത്. എന്നാല്‍, ജോര്‍ജ് കിടന്നിരുന്ന മുറിയില്‍ സൂക്ഷിച്ചിരുന്ന 20 പവനോളം സ്വര്‍ണാഭരണങ്ങളും ഒരുലക്ഷത്തോളം രൂപയും നഷ്ടപ്പെട്ടിട്ടില്ലെന്നും പൊലീസ് കണ്ടെത്തി.

മോഷ്ടാവാണ് കൊല നടത്തിയതെങ്കില്‍ അവയും കവരാന്‍ സാധ്യതയുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. 7 മാസം കഴിഞ്ഞിട്ടും ലോക്കല്‍ പൊലീസ് അന്വേഷണത്തില്‍ പുരോഗതി ഇല്ലാതെ വന്നതോടെ നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് സമരം ആരംഭിച്ചു. തുടര്‍ന്ന് ക്രൈംബ്രാഞ്ചിന് കേസന്വേഷണം കൈമാറി. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും നടത്തിയ പരിശോധനകളിലും കാര്യമായ തെളിവുകള്‍ ലഭിക്കാതെ വന്നതോടെ ഭര്‍ത്താവ് സംശയ നിഴലിലായി.

എന്നാല്‍ പലതവണ ചോദ്യം ചെയ്തിട്ടും പ്രയോജനം ഉണ്ടായില്ല. ഒടുവില്‍ ജോര്‍ജിന്റെ അനുമതിയോടെ നുണപരിശോധനയ്ക്ക് വിധേയമാക്കിയിട്ടും കാര്യമായ തെളിവൊന്നും ലഭിച്ചില്ലെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കിയത്. സംശയനിഴലിലുള്ള എല്ലാവരെയും നിരീക്ഷിച്ചുകൊണ്ടുള്ള അന്വേഷണമാണ് ക്രൈംബ്രാഞ്ച് നടത്തി വരുന്നതെങ്കിലും ജോര്‍ജിന്റെ മരണം തുടരന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്ന സ്ഥിതിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button