ഭുവനേശ്വര്‍: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തീവ്രന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് ഒഡീഷയില്‍ കനത്ത മഴ. ഒഡീഷയില്‍ പെയ്ത കനത്ത മഴ ദുര്‍ഗാപൂജ ആഘോഷങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ചു. മിന്നലേറ്റ് വ്യത്യസ്ത സ്ഥലങ്ങളിലായി മൂന്ന് പേര്‍ മരിച്ചു. അതിശക്തമായ കാറ്റില്‍ മൂന്ന് വലിയ ദുര്‍ഗാ പൂജ പന്തല്‍ ഗേറ്റുകള്‍ തകര്‍ന്നു വീണു. അപകടത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
കനത്ത മഴയില്‍ ഒഡീഷയുടെ വിവിധ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ശക്തമായ കാറ്റില്‍ പലയിടത്തും മരങ്ങള്‍ വീണു. പലയിടത്തും വൈദ്യുതി ബന്ധം താറുമാറായി. ഗതാഗതം തടസപ്പെട്ടു.
ഒഡീഷയിലെ തീരദേശ ജില്ലകളിലാണ് തീവ്രമായ മഴ രേഖപ്പെടുത്തിയത്. കഴിഞ്ഞ 12 മണിക്കൂറിനുള്ളില്‍ ഏറ്റവും കൂടുതല്‍ 97 മില്ലിമീറ്റര്‍ മഴയാണ് ഭദ്രകില്‍ രേഖപ്പെടുത്തിയത് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു.
ജാജ്പൂര്‍ (46), പുരി (43.3), ഖുര്‍ദ (32), ചന്ദ്ബാലി (29.2), കട്ടക്ക് (28.8), ബരിപദ (26) എന്നീ ജില്ലകളിലും കനത്ത മഴ പെയ്തു. സംസ്ഥാന തലസ്ഥാനമായ ഭുവനേശ്വറില്‍ 16.4 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തി. ഭദ്രക് ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയിലേക്ക് മഴവെള്ളം കയറിയത് രോഗികള്‍ക്കും പരിചാരകര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതായി അധികൃതര്‍ പറഞ്ഞു.
അതേസമയം, പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും സമീപപ്രദേശങ്ങളിലും രൂപപ്പെട്ട ന്യൂനമര്‍ദ്ദം ഇപ്പോള്‍ ആന്ധ്രാപ്രദേശ് തീരത്തിന് മുകളിലാണെന്ന് ഐഎംഡി പ്രത്യേക ബുള്ളറ്റിനില്‍ പറഞ്ഞു.
Post Your Comments