
ഇടുക്കി : മൂന്നാർ രാജമലയില്‍ പ്രദേശവാസികൾക്ക് ജാഗ്രതാ നിര്‍ദേശം. കടുവ ഇറങ്ങിയതിന് പിന്നാലെയാണ് ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചത്. കടുവ അക്രമകാരിയായതിനാല്‍ വീടിനുള്ളില്‍ നിന്നും ആരും പുറത്തിറങ്ങരുതെന്നാണ് നിർദ്ദേശം നൽകിയിട്ടുള്ളത്.
ഇതിനിടെ റോഡിലൂടെ ഓടി പോകുന്ന കടുവയുടെ ദൃശ്യങ്ങൾ പുറത്തുവന്നു. പ്രദേശത്ത് കടുവയുടെ ആക്രമണത്തില്‍ പത്ത് പശുക്കള്‍ ചത്തിരുന്നു. കടുവയെ പിടികൂടാനുള്ള ശ്രമം വനംവകുപ്പ് ഊര്‍ജ്ജിതമാക്കി.
Read Also : ശ്രീ പള്ളിയറ ദേവീക്ഷേത്രം ചിലന്തിയമ്പലം ആയതിന് പിന്നിലെ ഐതീഹ്യം
അതേസമയം, രണ്ട് ദിവസങ്ങളിലായി 10 കന്നുകാലികള്‍ ആണ് കടുവയുടെ ആക്രമണത്തില്‍ ചത്തത്. മേഖലയില്‍ വനം വകുപ്പ്, ക്യാമ്പ് ചെയ്ത് കൂട് സ്ഥാപിച്ച് കടുവയെ പിടിക്കുന്നതിനുള്ള നടപടികള്‍ തുടരുകയാണ്.
നയ്മക്കാട് ഈസ്റ്റ് ഡിവിഷനില്‍ തൊഴിലാളികള്‍ താമസിയ്ക്കുന്ന ലയത്തിന് സമീപത്തെ തൊഴുത്തിലാണ് രാത്രിയില്‍ കടുവയുടെ ആക്രമണം ഉണ്ടായത്. തൊഴിലാളികളുടെ ഉടമസ്ഥയിലുള്ളവയാണ് ചത്ത കന്നുകാലികള്‍. കടുവയുടെ ആക്രമണത്തില്‍ മൂന്ന് പശുക്കള്‍ക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്.
രണ്ട് വര്‍ഷത്തിനിടെ 100 ലധികം കന്നുകാലികള്‍ മേഖലയില്‍, വന്യമൃഗ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. കടലാര്‍, ലാക്കാട് എസ്റ്റേറ്റ് മേഖലകളിലും കടുവ ശല്യം പതിവായി ഉണ്ടാകാറുണ്ട്. വന്യ മൃഗ ആക്രമണം പതിവാകുന്നതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം നാട്ടുകാര്‍ മൂന്നാര്‍ ഉദുമല്‍പേട്ട അന്തര്‍സംസ്ഥാന പാത ഉപരോധിച്ചിരുന്നു.
നഷ്ടപരിഹാരം വൈകുന്നതായാണ് തൊഴിലാളികളുടെ പരാതി. ദേവികുളം സബ് കളക്ടറുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന്, കഴിഞ്ഞ ദിവസം ചത്ത അഞ്ച് പശുക്കള്‍ക്കുള്ള നഷ്ടപരിഹാരം വിതരണം ചെയ്തു.
അതേസമയം, വനം വകുപ്പ് മേഖലയില്‍ നിരീക്ഷണം ശക്തമാക്കി. വ്യത്യസ്ത ഗ്രുപ്പുകളായി തിരിഞ്ഞ് വിവിധ പ്രദേശങ്ങള്‍ നിരീക്ഷിയ്ക്കും. മേഖലയിലെ രണ്ട് സ്ഥലങ്ങളില്‍ കൂടുകള്‍ സ്ഥാപിച്ച് കടുവയെ പിടികൂടാനാണ് വനം വകുപ്പിന്റെ പദ്ധതി.
Post Your Comments