തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെയും സംഘത്തിന്റെയും യൂറോപ് യാത്രയിൽ രാജ്ഭവന് അതൃപ്തി. രാജ്ഭവൻ അറിയിക്കാതെയാണ് മുഖ്യമന്ത്രിയും സംഘവും വെളുപ്പിനെ യാത്ര തിരിച്ചത്. വിദേശ യാത്രയ്‌ക്കൊരുങ്ങുമ്പോൾ രാജ്ഭവനെ അറിയിച്ച ശേഷമാണ് പൊതുവെ മന്ത്രിമാരും മുഖ്യമന്ത്രിയും യാത്ര തിരിക്കുക. എന്നാൽ, ഇന്നത്തെ വിദേശ യാത്ര രാജ്ഭവനെ ഔദ്യോഗികമായി അറിയിച്ചില്ല. ഇതാണ് രാജ്ഭവനെ ചൊടിപ്പിച്ചത്.
ഒക്ടോബർ ഒന്നിന് തീരുമാനിച്ച യൂറോപ്യൻ സന്ദർശനം കോടിയേരി ബാലകൃഷ്ണന്റെ അപ്രതീക്ഷിത വിയോഗത്തെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു. കോടിയേരിയുടെ സംസ്കാര ചടങ്ങുകൾക്ക് ശേഷമാണ് മുഖ്യമന്ത്രി പിണറായി വിജയനും സംഘവും മാറ്റിവെച്ച യൂറോപ്യൻ സന്ദർശനം ഇന്ന് ആരംഭിച്ചത്. മന്ത്രിമാരായ പി. രാജീവും വി. അബ്ദു റഹ്‌മാനുമൊപ്പമാണ് മുഖ്യമന്ത്രിയുടെ യാത്ര. നോർവേയിലേക്കാണ് മുഖ്യമന്ത്രി പോയിരിക്കുന്നത്.
ഈ മാസം 12 വരെയാണ് വിവിധ രാജ്യങ്ങളിലെ സന്ദർശനം. ഡല്‍ഹിയില്‍ നിന്നും ഫിൻലാണ്ടിലേക്കായിരുന്നു ആദ്യം തീരുമാനിച്ചത്. കോടിയേരിയുടെ മരണത്തോടെ ഇതൊഴിവാക്കി. അഞ്ചുമുതൽ ഏഴ് വരെ മുഖ്യമന്ത്രിയും സംഘവും നോർവേയിൽ ഉണ്ടാകും. 9 മുതൽ 12
വരെ യു.കെയിലാണ് സന്ദർശനം. ബ്രിട്ടൻ സന്ദർശനത്തിൽ ആരോഗ്യ മന്ത്രി വീണ ജോര്‍ജ് മുഖ്യമന്ത്രി പിണറായി വിജയന് ഒപ്പം ഉണ്ടാകും. സന്ദർശനത്തിൽ വീഡിയോ കവറേജിനായി ഇന്ത്യൻ എംബസി മുഖേനെ 7 ലക്ഷം രൂപ ചെലവിട്ട് വീഡിയോ കാമറ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
ഇന്ത്യൻ സമയം വൈകിട്ട് ആറിന് സംഘം നോർവേയിലെത്തും. വിദേശത്തെ കൂടിയാലോചനകൾ അടിയന്തിരമാണെന്ന നിലപാടിലാണ് മുഖ്യമന്ത്രി. വിദ്യാഭ്യാസം, ആരോഗ്യം, ടൂറിസം തുടങ്ങിയ മേഖകളിലെ മാതൃകകൾ പഠിക്കുകയും, ഈ രാജ്യങ്ങളുമായി സൗഹൃദം ശക്തിപ്പെടുത്തുകയുമാണ് യാത്രയുടെ ലക്ഷ്യം. ലണ്ടനിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ലോക കേരളസഭയുടെ പ്രാദേശിക യോഗം വിളിച്ച് ചേർക്കും.
Post Your Comments