തിരുവനന്തപുരം: സംസ്ഥാന സാക്ഷരതാ മിഷൻ നടത്തുന്ന ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി നിരക്ഷരരെ കണ്ടെത്താനുള്ള സർവ്വേ ഒക്ടോബർ 8 മുതൽ 12 വരെ നടക്കും. പ്രാദേശിക ചർച്ചകളിലൂടെ കണ്ടെത്തിയ സാധ്യതാ മേഖലകളിലാണ് സർവ്വേ നടത്തുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ രൂപീകരിച്ച സംഘാടക സമിതികളുടെ ആഭിമുഖ്യത്തിലാണ് സർവ്വേ നടത്തുന്നത്.
ജനപ്രതിനിധികൾ, പ്രേരക്മാർ, തുല്യതാ പഠിതാക്കൾ, കുടുംബശ്രീ പ്രവർത്തകർ, ആശാ പ്രവർത്തകർ, എസ്‌സി/എസ്ടി പ്രമോട്ടർമാർ, തൊഴിലുറപ്പ് പദ്ധതി പ്രവർത്തകർ, കോളേജുകളിലെ എൻഎസ്എസ് വോളന്റിയർമാർ, മറ്റ് സന്നദ്ധപ്രവർത്തകർ തുടങ്ങിയവർ സർവ്വേയിൽ പങ്കാളികളാവും. സർവ്വേയിലൂടെ കണ്ടെത്തുന്ന നിരക്ഷരർക്ക് 120 മണിക്കൂർ ദൈർഘ്യമുള്ള സാക്ഷരതാ ക്ലാസ്സ് നൽകും.
സന്നദ്ധ അധ്യാപകർക്ക് പരിശീലനം നൽകി ശരാശരി 10 പേരടങ്ങുന്ന പഠിതാക്കളെ ഉൾപ്പെടുത്തി ക്ലാസ്സ് രൂപീകരിക്കും. സമ്പൂർണ്ണ സാക്ഷരതയിൽ നിന്നും പരിപൂർണ്ണ സാക്ഷരതയിലേക്ക് എന്ന ലക്ഷ്യത്തോടെ നടത്തുന്ന സർവ്വേയുടെ ജില്ലാതല ഉദ്ഘാടനം ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിലെ മണ്ഡപം കോളനിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിർവ്വഹിക്കും. ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് ഭാരവാഹികളും ഉദ്യോഗസ്ഥരും മറ്റ് സന്നദ്ധ പ്രവർത്തകരും പരിപാടിയിൽ പങ്കെടുക്കും.
5 വർഷം നീണ്ടു നിൽക്കുന്ന ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാമിന്റെ ആദ്യ വർഷത്തിൽ ജില്ലയിൽ നിന്നും 7000 പേരെ കണ്ടെത്തി സാക്ഷരരാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സാമ്പത്തിക സഹായത്തോടെ നടത്തുന്ന പദ്ധതിയിൽ ഡിജിറ്റൽ സാക്ഷരത കൈവരിക്കാനുള്ള പ്രവർത്തനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
Read Also: ഐഎസ്‌ഐ പിന്തുണയുള്ള ഭീകരൻ പിടിയിൽ: ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തു
Post Your Comments