മാഞ്ചസ്റ്റർ: നീണ്ട ഇടവേളയ്ക്ക് ശേഷം യൂറോപ്പിൽ വീണ്ടും ഫുട്ബോൾ ആരവം. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വമ്പന്മാർ ഇന്നിറങ്ങും. ആഴ്‌സനൽ, ചെൽസി, ലിവർപൂൾ ടീമുകൾക്ക് ഇന്ന് മത്സരമുണ്ട്. ലാ ലിഗയിൽ ബാഴ്‌സലോണയും ഫ്രഞ്ച് ലീഗിൽ പിഎസ്‌ജിയും ഇന്നിറങ്ങും. സ്‌പാനിഷ് ലീഗിൽ തോൽവിയറിയാതെ മുന്നേറുന്ന ബാഴ്‌സലോണയ്ക്ക് റയൽ മയോർക്കയാണ് ഇന്ന് എതിരാളികൾ.
പരിക്കാണ് ബാഴ്‌സ കോച്ച് സാവിയെ വലയ്ക്കുന്നത്. മെംഫിസ് ഡിപെ, ഫ്രെങ്കി ഡിയോങ്, യൂൾസ് കൗണ്ടെ എന്നിവർ പരിക്ക് കാരണം ഇന്ന് കളിക്കില്ല. അരൗജോയും ഹെക്റ്റർ ബെല്ലറിനും ഏറെനാൾ പുറത്തിരിക്കേണ്ടിവരും. ഇന്ന് ജയിച്ചാൽ കറ്റാലൻ ക്ലബിന് റയൽ മാഡ്രിഡിനെ പിന്തള്ളി വീണ്ടും ലീഗിൽ മുന്നിലെത്താം. ഇന്ത്യൻ സമയം രാത്രി പന്ത്രണ്ടരയ്ക്കാണ് മത്സരം.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മുന്നിലുള്ള ആഴ്‌സനൽ ഇന്ന് വൈകിട്ട് 5 മണിക്ക് ടോട്ടനത്തെ നേരിടും. ജയിച്ചാൽ ടോട്ടനത്തിനും ലീഗിൽ മുന്നിലെത്താനുള്ള അവസരമാണിത്. പ്രീമിയർ ലീഗ് സീസണിൽ മികവ് പുലർത്താനാകാത്ത ലിവർപൂളിന് ബ്രൈറ്റനാണ് ഇന്ന് എതിരാളികൾ. വിജയവഴിയിൽ തിരിച്ചെത്താനിറങ്ങുന്ന യുർഗൻ ക്ലോപ്പിനും സംഘത്തിനും മത്സരം ആൻഫീൽഡിലാണ് എന്നത് കരുത്താകും.
അപ്രതീക്ഷിതമായി മികച്ച തുടക്കം നേടിയ ബ്രൈറ്റൺ നിലവിൽ ലീഗിൽ നാലാം സ്ഥാനത്താണ്. പരിശീലകൻ ഗ്രഹാം പോട്ടർ ചെൽസിയിലേക്ക് പോയതിനാൽ പുതിയ കോച്ച് റോബർട്ടോ ഡി സെർബിയുടെ കീഴിലാണ് ബ്രൈറ്റൺ ഇറങ്ങുക. ചെൽസി ക്രിസ്റ്റൽ പാലസിനെയും എവർട്ടൻ സതാംപ്റ്റണെയും ഇന്ന് നേരിടും.
Read Also:- എന്താണ് കുഴിമന്തി? രുചികരമായ കുഴിമന്തി വീട്ടിലുണ്ടാക്കുന്നതെങ്ങനെ?
ഫുൾഹാമിന് ന്യൂകാസിലും ബേൺമൗത്തിന് ബ്രെന്‍റ്‌ഫോഡുമാണ് എതിരാളികൾ. എല്ലാ മത്സരങ്ങളും വൈകീട്ട് ഏഴരയ്ക്കാണ് തുടങ്ങുക. അതേസമയം, ആരാധകർ കാത്തിരുന്ന മാഞ്ചസ്റ്റർ ഡെർബിയിൽ സിറ്റി നാളെ യുണൈറ്റഡിനെ നേരിടും, ഇന്ത്യൻ സമയം വൈകുന്നേരം 6.30നാണ് മത്സരം. ഫ്രഞ്ച് ലീഗിൽ തോൽവിയറിയാതെ മുന്നേറുന്ന പിഎസ്‌ജിക്ക് നീസാണ് ഇന്ന് എതിരാളികൾ. പാരീസിൽ രാത്രി 12.30നാണ് മത്സരം.
Post Your Comments