KeralaLatest NewsNews

ജനപങ്കാളിത്തതോടെ ഡിജിറ്റൽ സർവെ പൂർത്തിയാക്കാൻ സർവെ സഭകൾ നടത്തും: മന്ത്രി കെ രാജൻ

തിരുവനന്തപുരം: ഭൂമിസംബന്ധമായ സേവനങ്ങൾ പൊതുജനങ്ങൾക്ക് വിരൽത്തുമ്പിൽ ലഭ്യമാക്കാനുള്ള നടപടികളിലാണ് റവന്യുവകുപ്പ്. ആധുനിക വിവര വിനിമയ സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി ഭൂരേഖകൾ വളരെ വേഗത്തിൽ സുതാര്യമായ രീതിയിൽ നൽകുന്നത് ലക്ഷ്യമിട്ടാണ് വകുപ്പ് ഡിജിറ്റൽ സർവെ നടപ്പാക്കുന്നത്. ഡിജിറ്റൽ റീസർവെ സംസ്ഥാനതല ഉദ്ഘാടനം നവംബർ ഒന്നിന് മുഖ്യമന്ത്രി ഔപചാരികമായി നിർവ്വഹിക്കും. ആദ്യഘട്ടത്തിൽ ഒരേ സമയം 200 വില്ലേജുകളിലാകും റീസർവെ നടക്കുക. മൂന്ന് വർഷവും എട്ട് മാസവും കൊണ്ട് സംസ്ഥാനത്താകെ ഡിജിറ്റൽ റീസർവെ പൂർത്തീകരിക്കാനാണ് സർവെ വകുപ്പ് ഉദ്ദേശിക്കുന്നതെന്ന് റവന്യു വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. റവന്യു-സർവെ-തദ്ദേശസ്വയംഭരണ വകുപ്പുകളുടെ സംയുക്ത യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

Read Also: ഹയര്‍ സെക്കന്ററി പാഠ്യപദ്ധതിയില്‍ റോഡ് നിയമങ്ങള്‍ പഠിപ്പിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ: പാസായാല്‍ ലേണേഴ്‌സ് വേണ്ട

സുതാര്യവും പരാതിരഹിതവുമായി ഡിജിറ്റൽ സർവെ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് ജനപങ്കാളിത്തം ഉറപ്പാക്കിയിട്ടുള്ള പ്രവർത്തനങ്ങൾ അത്യന്താപേക്ഷിതമാണ്. ഭൂവുടമകളായ മുഴുവൻ പേരുടെയും സഹകരണത്തോട് കൂടി മാത്രമേ ഡിജിറ്റൽ സർവ്വെ പൂർത്തിയാക്കുന്നതിന് സാധിക്കുകയുള്ളു. ഗ്രാമസഭകളുടെ മാതൃകയിൽ വാർഡ് തലത്തിൽ സർവെ സഭകൾ രൂപീകരിച്ച് ഡിജിറ്റൽ സർവെയുടെ ലക്ഷ്യങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

തദ്ദേശസ്വയംഭരണ വകുപ്പിന്റെയും ജനപ്രതിനിധികളുടെയും സമ്പൂർണ്ണ സഹകരണത്തോടെ സർവെ സഭകളിൽ ജനപങ്കാളിത്തം പൂർണമായും ഉറപ്പാക്കും. സർവെ വകുപ്പിലെ പരിശീലനം ലഭിച്ച റിസോഴ്‌സ് പേഴ്‌സന്റെ നേതൃത്വത്തിൽ ഡിജിറ്റൽ സർവെയുടെ പ്രയോജനങ്ങളെ കുറിച്ചും വിവിധ ഘട്ടങ്ങളിലെ സർവെ പ്രവർത്തനങ്ങളെ കുറിച്ചും ഉപകരണങ്ങളെ കുറിച്ചും പ്രചാരണം നടത്തും. ഇതിന്റെ ഭാഗമായി ഒക്ടോബർ ആറ് മുതൽ 20 വരെ ആദ്യഘട്ട സർവെ നടക്കുന്ന വില്ലേജുകളിലെ തദ്ദേശസ്വയംഭരണ പ്രതിനിധികളുമായി റവന്യു-തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിമാരുടെ പങ്കാളിത്തത്തോടെയുള്ള ചർച്ചകൾ നടക്കും. ഒക്ടോബർ 12 മുതൽ 25 വരെയാകും സർവെ സഭകൾ സംഘടിപ്പിക്കുക. തോന്നയ്ക്കൽ കുമാരനാശാൻ സ്മാരകത്തിൽ നടക്കുന്ന ചടങ്ങിൽ ഒക്ടോബർ 12ന് ഉച്ചയ്ക്ക് ശേഷം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി സർവെ സഭകൾക്ക് ഔദ്യോഗിക തുടക്കം കുറിക്കും. ഡിജിറ്റൽ സർവെ സംബന്ധിച്ച ആശങ്കകൾ പരിഹരിക്കുന്നതിനും ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനുമാണ് സഭകളിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു. തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്, റവന്യു വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എ. ജയതിലക്, തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, പഞ്ചായത്ത് വകുപ്പ് ഡയറക്ടർ എച്ച് ദിനേശൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Read Also: കൊച്ചിയിൽ 13 ആരോഗ്യ കേന്ദ്രങ്ങളിൽ പ്രാഥമിക ഹൃദയ പരിശോധനാ സൗകര്യമൊരുക്കും: മന്ത്രി വീണാ ജോർജ്

shortlink

Related Articles

Post Your Comments

Related Articles


Back to top button