KeralaLatest NewsNewsIndia

‘വെജ് ആണെന്ന് പറഞ്ഞ് ചെന്നിത്തല തന്ന സമൂസ നോൺവെജ് ആയിരുന്നു’: കുശലം പറഞ്ഞും പൊട്ടിച്ചിരിച്ചും രാഹുൽ, ജോഡോച്ചിരി വൈറല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് 19 ദിവസം നീണ്ട ഭാരത് ജോഡോ യാത്രയുടെ അവസാന ഘട്ടത്തിലെ ചില വീഡിയോകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു. കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്കൊപ്പം കുശലം പറഞ്ഞും പൊട്ടിച്ചിരിച്ചും സമയം കളയുന്ന രാഹുൽ ഗാന്ധിയുടെ വീഡിയോ വൈറലാകുന്നു. പാർട്ടിയുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് കുറച്ച് നേരത്തേക്ക് ഇടവേള നൽകി തമാശകൾ പറഞ്ഞ് ചിരിക്കുന്ന രാഹുലിന്റെ വീഡിയോയ്ക്ക് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. മലപ്പുറത്തെ ഒരു കണ്‍വെന്‍ഷന്‍ സെന്‍ററില്‍ വച്ചാണ് നേതാക്കളുമായി രാഹുല്‍ ഗാന്ധി യാത്രാനുഭവങ്ങള്‍ പങ്കിട്ടത്. കെപിസിസിയാണ് സംഭാഷണത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്.

രാഹുൽ ഗാന്ധിക്കൊപ്പം കെ സുധാകരൻ, വി ഡി സതീശൻ, രമേശ് ചെന്നിത്തല, കെ സി വേണുഗോപാൽ, എം എം ഹസൻ, പി സി വിഷ്ണുനാഥ്, കൊടിക്കുന്നിൽ സുരേഷ്, ടി സിദ്ദിഖ് എന്നിവരാണ് ഒത്തുകൂടിയത്. കേരളത്തിലെ നേതാക്കളോടൊപ്പമുള്ള നിമിഷങ്ങൾ പങ്കുവെക്കുന്നു എന്ന തലക്കെട്ടോട് കൂടി രാഹുൽ ഗാന്ധിയും ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. കേരളമെന്ന സുന്ദരഭൂമിയിലൂടെയുള്ള ഹൃദയസ്പർശിയായ ഒരു യാത്രയാണിതെന്നും ആ ഓർമകൾ തൻ്റെ മനസിൽ നിലനിൽക്കുമെന്നും രാഹുൽ ഗാന്ധി സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.

സംഭാഷണമിങ്ങനെ:

രാഹുൽ ഗാന്ധി: ജോഡോ യാത്രയുടെ സ്ഥിരം മുന്‍ നിരക്കാരായിരുന്നു എം.എം.ഹസനും കെ.മുരളീധരനും. യാത്രക്കിടയില്‍ ഇരുവരും താഴെ വീണിട്ടുണ്ട്. ഹസന്‍ ശക്തിയായാണ് മറിഞ്ഞുവീണത്.

ഹസൻ: എന്നെ രക്ഷിച്ചത് രാഹുല്‍ ആണ് (പൊട്ടിച്ചിരിക്കുന്നു).

രാഹുൽ ഗാന്ധി: നടക്കുമ്പോള്‍ മുട്ടിന് പ്രശ്‌നമുള്ള ആളാണ് ഞാൻ. ചിലപ്പോള്‍ നടുവേദനയുമുണ്ടാകും. അത്തരത്തില്‍ കടുത്ത ബുദ്ധിമുട്ടുണ്ടാകുമ്പോള്‍ അതിനെ മറികടക്കാന്‍ എന്തെങ്കിലും വഴി മുന്നില്‍ തെളിഞ്ഞു വരും. ചിലപ്പോള്‍ എന്തെങ്കിലും കാഴ്‌ചകളില്‍ കണ്ണുടക്കും. അല്ലെങ്കില്‍ ആരെങ്കിലും എന്റെ അടുത്തേക്ക് ഓടിയെത്തും. ഇങ്ങനെ ഓരോന്ന് ഉണ്ടാകുമ്പോൾ ഞാനറിയാതെ എന്റെ മുട്ടിന്റെ വേദന മാറും. കേരളത്തിലെ നഗരങ്ങളില്‍ കച്ചവടം നടത്തുന്ന ചെറുകിട ഇടത്തരം കച്ചവടക്കാർ വിവിധ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. അവർക്ക് നല്ല സമയമല്ല. കേരളത്തിലെ വനിതകൾ മികച്ച ആത്മ വിശ്വാസത്തിലാണ്. അവരില്‍ ഒരിക്കലും അരക്ഷിതാവസ്ഥ നിഴലിക്കുന്നില്ല.

ചെന്നിത്തല അടക്കമുള്ള തലയാട്ടുന്നു.

രാഹുൽ ഗാന്ധി: യാത്രയ്ക്കിടെ രമേശ് ചെന്നിത്തല വെജിറ്റബിള്‍ സമൂസയെന്ന് പറഞ്ഞ് നോണ്‍ വെജ് സമൂസ കഴിപ്പിക്കാന്‍ ശ്രമം നടത്തിയിരുന്നു. ആദ്യമായാണ് പകുതി വെജും പകുതി നോണ്‍ വെജുമായ സമൂസ കഴിക്കുന്നത്. (എല്ലാവരും പൊട്ടിച്ചിരിക്കുന്നു).

രാഹുല്‍ ഗാന്ധിയുടെ ജോഡോ യാത്ര കേരളത്തിലെ പര്യടനം പൂര്‍ത്തിയാക്കി തമിഴ്‌നാട്ടിലെ ഗൂഡല്ലൂരില്‍ പ്രവേശിച്ചു. സെപ്‌റ്റംബര്‍ 30 മുതല്‍ കര്‍ണാടകത്തിലാണ് പര്യടനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button