തിരുവനന്തപുരം: മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം കാര്യവട്ടം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിൽ നടന്ന അന്താരാഷ്ട്ര ക്രിക്കറ്റ് വിരുന്നിൽ പങ്കാളിയാകാൻ ഇന്ത്യയുടെ മുന്‍ നായകനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയും എത്തിയിരുന്നു. ഇന്ത്യ- ദക്ഷിണാഫ്രിക്ക ആദ്യ ടി20 കാണാനെത്തിയ സൗരവ് ഗാംഗുലി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനിടെ, വട്ടിയൂർക്കാവ് എം.എൽ.എ ആയ വി.കെ പ്രശാന്തും ദാദയുമായി കൂടിക്കാഴ്ച നടത്തി. എന്നാൽ, ഇതിന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെ ദാദയ്ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് ചില സൈബർ സഖാക്കൾ.
വി.കെ പ്രശാന്തിന് കൈകൊടുക്കുമ്പോൾ ഒരുകാലിന് മുകളിൽ മറ്റൊരു കാൽ കയറ്റിവെച്ചിരിക്കുന്ന സൗരവിനെയാണ് ചിത്രത്തിൽ കാണാനാകുന്നത്. ഇതാണ് സഖാക്കളെ ചൊടിപ്പിച്ചത്. മുൻ മേയറും എം.എൽ.എയുമാണെന്ന പരിഗണന നൽകിയില്ലെങ്കിലും, മുന്നിൽ വന്ന് കൈ തരുന്ന ആളെ എഴുന്നേറ്റ് നിന്ന് കൈ കൊടുക്കുക എന്നത് ഇനിയും ചില രാജകുമാരന്മാർ പഠിക്കേണ്ട പാഠമാണെന്ന് ചിലർ കമന്റായി കുറിക്കുന്നു.
‘എന്തോന്ന് ദാദ. ഇങ്ങള് ഒരു ജനപ്രതിനിധി അല്ലേ. അവന്റെ ഒരു കാല് വെക്കല്, ആ കാൽ ഒന്ന് താഴെ വെക്കാൻ ഗാംഗുലിക്ക് പറ്റിയില്ല, നിങ്ങള് വട്ടിയൂർക്കാവ് ദാദ ആണെന്ന് പുള്ളിയോട് പറഞ്ഞോ? ആ കാൽ താഴ്ത്തി വച്ചൂടെ, ഒരു ജനപ്രതിനിധി അല്ലേ? കാലു കയറ്റി വച്ചിരിക്കുന്നതൊന്നും ഗൗനിക്കാതെ സൗഹാർദ്ധത്തോടെ പെരുമാറുന്നത് നമ്മുടെ ബ്രോയുടെ മാന്യത, എനിക്ക് ഈ പടം ഇഷ്ടപ്പെട്ടില്ല. ഒരു ജനപ്രതിനിധിക്കും മേലെയല്ല ഒരു സ്പോർട്സ് താരം. ഗാംഗുലിയുടെ ശരീരഭാഷ മര്യാദകേടാണ്’, ഇങ്ങനെ പോകുന്നു സൗരവിനെ വിമര്ശിച്ചുകൊണ്ടുള്ള കമന്റുകൾ.
Post Your Comments