Latest NewsKeralaIndiaNews

‘വേരോടെ പിഴുതെറിയണം, അമീബ പോലെയാണ്’: പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച കേന്ദ്ര നടപടിയെ പിന്തുണച്ച് എം.കെ മുനീർ

കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയ നടപടിയെ പിന്തുണച്ച് മുസ്ലീം ലീഗ് നേതാവ് എം.കെ മുനീര്‍. പല സ്ഥലങ്ങളില്‍ നിരവധി അക്രമണങ്ങള്‍ അഴിച്ചുവിട്ടിട്ടുള്ള സംഘടനയാണ് പിഎഫ്‌ഐ എന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. പുതിയ തലമുറയെ വഴിതെറ്റിക്കുന്ന മുദ്രാവാക്യമാണ് സംഘടന എപ്പോഴും മുഴക്കുന്നതെന്നും മുനീർ പറഞ്ഞു. പോപ്പുലർ ഫ്രണ്ടിനെ വേരോടെ പിഴുതെറിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

‘സിമി എന്ന സംഘടനെ നിരോധിച്ചു, അതാണ് പിന്നീട് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയും പോപ്പുലര്‍ ഡെമോക്രാറ്റിക് ഫ്രണ്ടും ഒക്കെ ആയി മാറിയത്. തക്കതായ കാരണങ്ങള്‍ കണ്ടെത്തി സംഘടന നിരോധിച്ചിട്ടുണ്ടെങ്കില്‍ ആ നിലപാടിനൊപ്പം നില്‍ക്കുന്നു. പണ്ട് ആര്‍എസ്എസും നിരോധിച്ചിരുന്നു. എന്നാല്‍, ആര്‍എസ്എസ് കൂടുതല്‍ ഊര്‍ജസ്വലതയോടെ തിരിച്ചുവരികയാണ് ചെയ്തത്. ഇതിനെ ആശയപരമായി നേരിടുകയും വേരോടെ പിഴുതെറിയുകയും ചെയ്യണം. അല്ലെങ്കില്‍ ഇത് അമീബ പോലെയാണ്, പല രൂപത്തില്‍ മാറി മാറി വരും. ആര്‍എസ്എസ് എന്ന വിപത്തിനെയും നേരിടേണ്ടതുണ്ട്. അവര്‍ക്ക് ശക്തിപകരുന്ന രീതിയിലുള്ള സംഭവവികാസങ്ങളല്ല ഉണ്ടാകേണ്ടത്’, എം കെ മുനീര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ച് അഞ്ച് വര്‍ഷത്തേക്കാണ് പോപ്പുലര്‍ ഫ്രണ്ടിനും അനുബന്ധ സംഘടനകള്‍ക്കും കേന്ദ്രസര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത്. പിഎഫ്‌ഐയ്‌ക്കെതിരെ പാൻ-ഇന്ത്യയിൽ നടന്ന വൻ റെയ്ഡുകളുടെ പശ്ചാത്തലത്തിലാണ് ഇത്. പോപ്പുലർ ഫ്രണ്ട് ഭീകരപ്രവർത്തനം നടത്തിയെന്നും റിപ്പോർട്ടിൽ ഉണ്ട്. നിരവധി ഭീകര പ്രവർത്തനങ്ങളും കൊലപാതകങ്ങളും സംഘടന നടത്തി, രാജ്യസുരക്ഷയ്ക്ക് കനത്ത വെല്ലുവിളിയാണ്, ഐ.എസുമായി ബന്ധം തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് നിരോധനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button