തൃശൂര്‍: അച്ഛനോടുള്ള സ്‌നേഹം കൊണ്ടും കരുതല്‍ കൊണ്ടും മകള്‍ പകുത്തു നല്‍കിയത് സ്വന്തം കരള്‍. തൃശൂര്‍ വടക്കുംചേരിക്കാരനായ നെല്‍സണ്‍ ആണ് മകളുടെ കാരുണ്യത്താല്‍ രണ്ടാം ജീവിതത്തിലേയ്ക്ക് നടന്നുകയറിയത്. വണ്ടിക്കച്ചവടക്കാരനായ നെല്‍സണ്‍ ഭാര്യ ബിനുവിനും മക്കളായ എവിലിനും ഇഷിതയ്ക്കും ഒപ്പം തൃശ്ശൂരിലെ വടക്കുംചേരിയിലാണ് താമസം. ഒരു ദിവസം മലപ്പുറത്തേക്ക് ജോലി സംബന്ധമായി പോകാനിറങ്ങിയതായിരുന്നു, പിന്നെ നടന്നതൊന്നും നെല്‍സണ് ഓര്‍മയില്ല. കണ്ണ് തുറന്നപ്പോള്‍ ആശുപത്രി കിടക്കയില്‍. പിത്താശയത്തില്‍ കല്ല് നിറഞ്ഞ് അത് പിന്നീട് കരളിനെ ബാധിക്കുകയായിരുന്നു. കരള്‍ മാറ്റി വെയ്ക്കലല്ലാതെ മറ്റൊരു പോംവഴിയില്ലെന്ന് ഡോക്ടര്‍മാര്‍ തീര്‍ത്ത് പറഞ്ഞതോടെ ദാതാക്കളെ കാത്തിരുന്ന നെല്‍സണ് ആരോഗ്യം വഷളാകുകയായിരുന്നു. സഹോദരന്റെ കരള്‍ നല്‍കാമെന്ന് അറിയിച്ചെങ്കിലും വിശദമായ പരിശോധനയില്‍ ഫാറ്റി ലിവര്‍ കണ്ടെത്തിയതോടെ ആ വഴിയും അടഞ്ഞു.
നെല്‍സന്റെ ആരോഗ്യം വഷളാകാന്‍ തുടങ്ങിയതറിഞ്ഞ മകള്‍ എവിലിന്‍, കരള്‍ പകുത്ത് നല്‍കാന്‍ മുന്നോട്ട് വരികയായിരുന്നു. അമ്മ ബിനുവടക്കം എല്ലാവരെയും പറഞ്ഞു ബോധ്യപ്പെടുത്തുകയായിരുന്നു എവിലിന്‍ ആദ്യം ചെയ്തത്. നീ കുഞ്ഞല്ലേ എന്നു ചോദിച്ചവരോടെ് 18 കഴിഞ്ഞവര്‍ക്ക് അവയവദാനം നടത്താമെന്ന് എവിലിന്‍ വാദിച്ചു.
മകളുടെ ഉത്സാഹം ധൈര്യവും തന്നിലേക്ക് പകര്‍ന്നതോടെ ആത്മവിശ്വാസം ലഭിച്ചെന്ന് നെല്‍സണ്‍ പറയുന്നു. തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഡോ. ടി.പി. സുമേഷ് അടക്കമുള്ളവരും കുടുംബാംഗങ്ങളും ധൈര്യം പകര്‍ന്ന് ഒപ്പം നിന്നു. ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു 45 ലക്ഷം രൂപയോളം ചെലവിട്ടുള്ള ശസ്ത്രക്രിയ. വിശ്രമശേഷം പൂര്‍ണ ആരോഗ്യത്തോടെ ഇരുവരും സാധാരണ ജീവതത്തിലേക്ക് മടങ്ങിയെത്തി.
പെരുമ്പാവൂരിലെ സാന്‍ജോ കോളജ് ഓഫ് നഴ്‌സിങ്ങില്‍ വിദ്യാര്‍ഥിനിയാണ് എവിലിന്‍. വ്യാപാരത്തില്‍ സജീവമാകാനൊരുങ്ങുകയാണ് നെല്‍സണ്‍.
Post Your Comments