കോട്ടയം: ആടുകൾക്ക് നേരെ തെരുവുനായ്ക്കൂട്ടത്തിന്റെ ആക്രമണം. കോട്ടയം അകലകുന്നം പഞ്ചായത്ത് കാഞ്ഞിരമറ്റം ക്ടാക്കുഴി ഭാഗം നെടിയത്തിൽ തോംസൺ സഖറിയാസിന്റെ ആടുകളെയാണ് തെരുവുനായ്ക്കൂട്ടം ആക്രമിച്ചത്.
വീടിന് സമീപത്തെ കൂട്ടിൽ കെട്ടിയിട്ടിരുന്ന ഒന്നിലധികം ആടുകളെ അലഞ്ഞുതിരഞ്ഞു നടന്ന തെരുവുനായ്ക്കൂട്ടം പാഞ്ഞെത്തി ആക്രമിക്കുകയായിരുന്നു. വീട്ടുകാർ ശബ്ദം കേട്ടെത്തിയപ്പോഴേക്കും ആടുകൾ പരിക്കേറ്റ് അവശനിലയിലായിരുന്നു. ആടുകളിൽ ഒന്നിന്റെ കഴുത്തിൽ ആഴത്തിൽ ഗുരുതരമായ മുറിവേറ്റിട്ടുണ്ട്.
അതേസമയം, പ്രദേശത്ത് മുൻപും തെരുവുനായ്ക്കളുടെ ആക്രമണം നടന്നിട്ടുണ്ട്. എങ്കിലും പഞ്ചായത്തിന്റെ ഭാഗത്ത് നിന്നും യാതൊരുവിധത്തിലുള്ള പ്രതിരോധ നടപടികൾ സ്വീകരിച്ചിട്ടില്ലെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.
അതേസമയം, ചേർത്തല കളവംകോടത്ത് തെരുവുനായ ആക്രമണത്തിൽ ഏഴു വയസുള്ള കുട്ടിക്കും രക്ഷിക്കാനെത്തിയ അമ്മയ്ക്കും പരിക്കേറ്റു. ചുണ്ടിന് കടിയേറ്റ കുട്ടിയെയും അമ്മയെയും കോട്ടയം മെഡിക്കൽ കോളജിനോടനുബന്ധിച്ചുള്ള കുട്ടികളുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുട്ടിയുടെ ചുണ്ടിനേറ്റ പരിക്ക് ഗുരുതരമാണെന്നും പ്ലാസ്റ്റിക് സർജറി വേണ്ടി വന്നേക്കുമെന്നുമാണ് ഡോക്ടർമാർ അറിയിച്ചത്.
സമാനമായി ഇന്നലെ തൃശ്ശൂർ വരവൂരിൽ മൂന്ന് വയസുകാരിയെയും തെരുവ് നായ കടിച്ചിരുന്നു. വീടിന് മുൻവശത്ത് കളിച്ചു കൊണ്ടിരുന്നപ്പോഴാണ് തെരുവു നായ കടിച്ചത്.
ചാത്തൻകോട് സ്വദേശി ഉമ്മറിന്‍റെ മകൾ ആദിലക്കാണ് കടിയേറ്റത്. മുഖത്ത് പരിക്കേറ്റ കുട്ടിയെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് പ്രതിരോധ കുത്തിവയ്പ്പ് നൽകി.
Post Your Comments