പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ ജാമ്യം തേടി 11 പ്രതികൾ കോടതിയിൽ വീണ്ടും ഹർജി നൽകി. പാലക്കാട് മണ്ണാർക്കാട് വിചാരണ കോടതിയിലാണ് ഹർജി നല്‍കിയിരിക്കുന്നത്. സാക്ഷികളെ സ്വാധീനിക്കുന്നുവെന്ന് കാണിച്ചാണ് കേസിൽ പ്രതികളുടെ ജാമ്യം റദ്ദാക്കിയത്. ഇനി വിസ്തരിക്കാനുള്ളത് ഉദ്യോഗസ്ഥരെയാണെന്ന് കാരണം പറഞ്ഞാണ് പ്രതികൾ ജാമ്യാപേക്ഷ സമർപ്പിച്ചത്.
ഓഗസ്റ്റ് 20നാണ് പ്രതികൾ നേരിട്ടും ഇടനിലക്കാർ മുഖേനെയും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചു എന്ന് വിചാരണ കോടതി കണ്ടെത്തിയതിനെ തുടര്‍ന്ന് 12 പ്രതികളുടെ ജാമ്യം റദ്ദാക്കിയത്. വിചാരണ കോടതി ഉത്തരവിനെതിരെ പ്രതികൾ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജാമ്യം നിഷേധിച്ചു. എന്നാൽ, 12ാം പ്രതിക്ക് മാത്രം ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. തുടർന്ന് സെപ്തംബർ 19 നാണ് 11 പ്രതികൾ വിചാരണ കോടതിയിൽ കീഴടങ്ങിയത്.
പ്രതികൾ സാക്ഷികളെ സ്വാധീനിച്ചെന്ന് കണ്ടെത്തിയായിരുന്നു പാലക്കാട്ടെ പ്രത്യേക കോടതി മുഴുവൻ പ്രതികളുടെയും ജാമ്യം റദ്ദാക്കിയത്. ഇതിനെതിരെയാണ് 12 പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കാൻ കീഴ്കോടതിയ്ക്ക് കഴിയില്ലെന്നായിരുന്നു വാദം. എന്നാൽ, ജാമ്യ വ്യവസ്ഥയിലെ ലംഘനം ഉണ്ടായാൽ വിചാരണ കോടതിയ്ക്ക് തുടർ നടപടി ആകാമെന്ന് പ്രോസിക്യൂഷനും കോടതിയിൽ വാദിച്ചു. പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് ഹൈക്കോടതി പ്രതികളുടെ ജാമ്യം റദ്ദാക്കിയ കീഴ്ക്കോടതി ഉത്തരവ് ശരിവെച്ചത്.
Post Your Comments