തിരുവനന്തപുരം: ഒളിവില്‍ കഴിയുന്ന പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കാനൊരുങ്ങി എന്‍ഐഎ. സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താര്‍, സെക്രട്ടറി സി.എ റൗഫ് എന്നിവര്‍ക്കെതിരെയാണ് കൊച്ചി എന്‍ഐഎ കോടതിയില്‍ ഹര്‍ജി നല്‍കുക. റെയ്ഡിനിടെ ഒളിവില്‍ പോയ ഇരുവരും ചേര്‍ന്നാണ് സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തതെന്നും എന്‍ഐഎ വ്യക്തമാക്കി.
Read Also: ‘ഈജിപ്തിലെ സ്ത്രീകൾ ഹിജാബ് ധരിക്കണമെന്ന് പറയുന്നത് എന്തിനാണ്?’: മുൻ ഈജിപ്ഷ്യൻ പ്രസിഡന്റിന്റെ പ്രസംഗം
തീവ്രവാദ പ്രവര്‍ത്തനത്തിന് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ മൂന്നാം പ്രതിയാണ് അബ്ദുള്‍ സത്താര്‍. കേസിലെ പന്ത്രണ്ടാം പ്രതിയാണ് സി.എ.റൗഫ്. കഴിഞ്ഞ ദിവസത്തെ മിന്നല്‍ റെയ്ഡിനിടെയാണ് ഇരുവരും ഒളിവില്‍ പോയത്. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഗൂഢാലോചന നടത്തിയതിനും സമൂഹ മാദ്ധ്യമങ്ങള്‍ വഴി ഭീകര സംഘടനകളിലേക്ക് യുവാക്കളെ ആകര്‍ഷിച്ചതിനും ഇരുവര്‍ക്കും പങ്കുണ്ടെന്നാണ് എന്‍ഐഎ വ്യക്തമാക്കുന്നത്.
കൊല്ലം കരുനാഗപ്പള്ളി സ്വദേശിയാണ് അബ്ദുള്‍ സത്താര്‍. പാലക്കാട് പട്ടാമ്പി സ്വദേശിയാണ് റൗഫ്. നേതാക്കള്‍ കൂട്ടത്തോടെ അറസ്റ്റിലായപ്പോള്‍ സംഘടനാ പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിക്കാനാണ് ഇരുവരും ഒളിവില്‍ പോയതെന്നും, ഒളിവിലിരുന്നാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തതെന്നും അന്വേഷണസംഘം വ്യക്തമാക്കുന്നു. എന്‍ഐഎ ഓഫീസില്‍ പ്രതികള്‍ കീഴടങ്ങാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് അറസ്റ്റ് വാറണ്ടും ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിക്കാന്‍ എന്‍ഐഎ കോടതിയെ സമീപിക്കുന്നത്.
Post Your Comments