കൊച്ചി: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിനിടെ നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ടാണ് അദ്ദേഹം സംസ്ഥാന സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചത്. കേരളം കത്തിയെരിയുമ്പോൾ മുഖ്യമന്ത്രി ചെണ്ട കൊട്ടി രസിക്കുകയായിരുന്നെന്ന് അദ്ദേഹം പരിഹസിച്ചു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കണ്ടെയ്നറിൽ കിടന്ന് ഉറങ്ങുകയായിരുന്നെന്നും അദ്ദേഹം വിമർശിച്ചു.
Read Also: ചര്‍മ്മത്തിന് തിളക്കം നൽകുന്നതിനും ചുളിവകറ്റുന്നതിനും ആവണക്കെണ്ണ
ഇസ്ലാമിക ഭീകരവാദികൾക്ക് അഴിഞ്ഞാടാനുള്ള സർവസ്വാതന്ത്ര്യവും കേരള സർക്കാർ നൽകിയെന്നാണ് സംസ്ഥാനത്തുടനീളം നടന്ന അക്രമണങ്ങൾ സൂചിപ്പിക്കുന്നത്. കേരളത്തിൽ ഇന്നുവരെ ഇത്ര വ്യാപകമായ ആക്രമണങ്ങൾ നടന്നിട്ടില്ല. പൊലീസിന് മുന്നിലാണ് അക്രമികൾ അഴിഞ്ഞാടിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അക്രമം തടയാൻ ഒരു സ്ഥലത്തും ഒരു നടപടിയും എടുത്തില്ല. ഏതാനും ആഴ്ചകൾക്ക് മുമ്പ് ആലപ്പുഴയിൽ വിദ്വേഷ പ്രകടനം നടത്തിയ ആളുകൾക്ക് കോഴിക്കോട് മഹാസമ്മേളനം നടത്താൻ അനുവാദം നൽകിയത് കേരളത്തിലെ ആഭ്യന്തര വകുപ്പാണ്. ആ അനുവാദത്തിന്റെ അടിസ്ഥാനത്തിലും അതിൽ നിന്ന് ലഭിച്ച ഊർജവുമാണ് കേരളത്തിലുടനീളം അക്രമം നടത്താൻ പോപ്പുലർ ഫ്രണ്ടുകാർക്ക് ധൈര്യം നൽകിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അക്രമങ്ങളൊക്കെ ഒരുവശത്ത് നടക്കുമ്പോൾ മുഖ്യമന്ത്രിക്ക് പഴയ നീറോ ചക്രവർത്തിയെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള പെരുമാറ്റമായിരുന്നു. നീറോ ചക്രവർത്തി റോം കത്തിയെരിയുമ്പോൾ വീണ വായിക്കുകയായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. ഇവിടെ കേരളം മുഴുവൻ കത്തിയെരിയുമ്പോൾ മുഖ്യമന്ത്രിയും ഡി.ജി.പിയും കൊച്ചിയിൽ കൊക്കൂൺ പരിപാടിയിൽ ചെണ്ടകൊട്ടി രസിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: ബൈപ്പാസ് റോഡിൽ ഓടിക്കൊണ്ടിരുന്ന വാഹനങ്ങൾക്ക് മുകളിൽ ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞുവീണ് അപകടം
Post Your Comments