NattuvarthaLatest NewsKeralaNews

കണ്ണൂരിൽ ബോംബേറ്, കൊല്ലത്ത് പൊലീസുകാരെ ബൈക്കിടിച്ച് കൊല്ലാൻ ശ്രമം:പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ സംസ്ഥാനത്ത് വ്യാപക ആക്രമണം

തിരുവനന്തപുരം: പോപ്പുലർ‌ ഫ്രണ്ട് ദേശീയ-സംസ്ഥാന നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിൽ വ്യാപക ആക്രമണം. കണ്ണൂരിൽ വിവിധ ഇടങ്ങളിൽ ബോംബേറ് ഉണ്ടായി. കൊല്ലത്ത് പൊലീസുകാരെ വാഹനമിടിപ്പിച്ച് കൊല്ലാൻ ശ്രമം നടന്നതായി റിപ്പോർട്ട്. കൊല്ലം ഇരവിപുരം പോലീസ് സ്റ്റേഷനിലെ സിപിഒ ആന്റണി, കൊല്ലം എ.ആർ.ക്യാമ്പിലെ കോൺസ്റ്റബിൾ നിഖിൽ ‌എന്നിവർക്ക് ഗുരുതര പരിക്ക്. ഇവരെ കൊല്ലം എൻ.എസ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കണ്ണൂർ ഉളിയിൽ പെട്രോൾ ബോംബേറില്‍ എയർപോർട്ട് ജീവനക്കാരന് പരുക്കേറ്റു. മട്ടന്നൂർ എയർപോർട്ട് ജീവനക്കാരൻ പുന്നാട് സ്വദേശി നിവേദിനാണ് പരുക്കേറ്റത്. ഇയാളെ ഇരിട്ടിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നരയൻപാറയിലും വാഹനത്തിന് നേരെ പെട്രോൾ ബോംബെറിഞ്ഞു. പത്രം കൊണ്ടുപോകുന്ന വാഹനത്തിന് നേരെയാണ് ബോംബേറുണ്ടായത്. പാലക്കാട് കൂറ്റനാട് സ്വകാര്യ വാഹനങ്ങൾ തടഞ്ഞ രണ്ടു പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ചാലിശ്ശേരി പൊലീസാണ് കസ്റ്റഡിയിലെടുത്തത്. പത്തനംതിട്ടയിൽ ഹർത്താൽ അനുകൂലികൾ KSRTC ബസിന് കല്ലെറിഞ്ഞു.

കണ്ണൂർ വിളക്കോട് ലോറിക്ക് നേരെയും കല്ലേറുണ്ടായി. ചെങ്കൽ ലോഡിറക്കിയ ശേഷം മടങ്ങിയ ലോറിക്ക് നേരെയാണ് കല്ലേറുണ്ടായത്. വാഹനത്തിൻ്റെ ഗ്ലാസ് തകർന്നു. പലയിടത്തും കെ.എസ്.ആർ.ടി.സി വാഹനങ്ങൾക്ക് നേരെ ഉൾപ്പെടെ ഹർത്താലിനെ തുടര്‍ന്ന് കല്ലേറ് ഉണ്ടായി. കോഴിക്കോട്, വയനാട്, തിരുവനന്തപുരം, ആലപ്പുഴ, പന്തളം, കൊല്ലം, തൃശൂർ എന്നിവിടങ്ങളിലാണ് വാഹനങ്ങൾക്ക് നേരെ കല്ലേറ് ഉണ്ടായത്. കോട്ടയത്ത് കുറിച്ചിയിൽ എം സി റോഡിൽ കെഎസ്ആർടി സി ബസുകൾക്ക് നേരേയും കല്ലേറ് ഉണ്ടായി.

ദേശീയ അന്വേഷണ ഏജൻസിയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും വ്യാഴാഴ്ച പുലർച്ചെ മുതൽ രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽനടത്തിയ റെയ്ഡിൽ നൂറിലധികം നേതാക്കളെ അറസ്റ്റ് ചെയ്തിരുന്നു. തീവ്രവാദത്തിന്റെ സാമ്പത്തിക സ്രോതസുകളും തീവ്രവാദ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നവരെ പിടികൂടാനായുമാണ് റെയ്ഡ് എന്ന് ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കി. തീവ്രവാദത്തിന് പണം നൽകി സഹായിക്കുക, തീവ്രവാദികളെ സഹായിക്കാൻ പരിശീലന ക്യാമ്പുകൾ സംഘടിപ്പിക്കൽ, നിരോധിത സംഘടനകളിൽ ചേരാൻ തക്കവണ്ണം ആളുകളിൽ തീവ്രമത ചിന്ത വളർത്തൽ എന്നിവയാണ് റെയ്‌ഡിന്‌ ആരോപിക്കപ്പെടുന്ന കുറ്റങ്ങൾ. മഹാരാഷ്ട്ര, കേരളം, തമിഴ്നാട്, കർണാടക, അസം തുടങ്ങിയ സംസ്ഥാനങ്ങളിലെ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫിസുകളിലുമാണ് റെയ്ഡ് നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button