കൊച്ചി: കണ്ണൂരിന്റെ രാഷ്ട്രീയ പശ്ചാത്തലത്തിൽ സിബി മലയിൽ സംവിധാനം ചെയ്ത ചിത്രമാണ് ‘കൊത്ത്’. ആസിഫ് അലി, റോഷൻ എന്നിവർ കേന്ദ്ര കഥാപാത്രമായ ചിത്രത്തിൽ നിഖില വിമൽ ആണ് നായിക. തന്റെ രാഷ്ട്രീയം എന്താണെന്നുള്ളത് നിഖില മുൻപ് വെളിപ്പെടുത്തിയതാണ്. ഇപ്പോഴിതാ, സിനിമാ രംഗത്തെ ലഹരി ഉപയോഗത്തെക്കുറിച്ച് മനസ് തുറക്കുന്നു. ഒരാൾ തന്റെ സ്വകാര്യതയിൽ ലഹരി ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്നും എന്നാൽ, മറ്റുള്ളവരെ ബുദ്ധിമുട്ടിക്കരുതെന്നും നിഖില വിമൽ പറയുന്നു. റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നിഖില.
‘ഞാൻ ലഹരി ഉപയോഗിക്കാറുണ്ടോ എന്ന് ചോദിച്ചിട്ട് ആരെയും പരിചയപ്പെട്ടിട്ടില്ല. ഞാൻ ഉപയോഗിക്കാറില്ല. ലഹരി ഉപയോഗിക്കുന്നത് സിഗരറ്റ് വലിക്കുന്നത് പോലെയൊരു കാര്യമാണ്. എന്റെയൊക്കെ ചെറുപ്പത്തിൽ സിഗരറ്റ് വലിക്കുന്നതും കള്ള് കൂടിക്കുന്നതും പ്രശ്നം ആയിരുന്നു. ഇപ്പോൾ നോക്കുമ്പോൾ അത് സോഷ്യൽ ഡ്രിങ്കിംഗ് ആണ്. വൃത്തിയായിട്ട് ചെയ്യുന്നതിന് എനിക്ക് കുഴപ്പമില്ല. ആരെയും ബുദ്ധിമുട്ടിക്കാതെ ചെയ്യുന്ന ആൾക്കാർ ഉണ്ടല്ലോ. അതവരുടെ പേഴ്സണൽ ചോയ്സ് ആണ്. പക്ഷെ പബ്ലിക്കിലേക്ക് വരുമ്പോൾ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്ന ഒന്നും നിങ്ങൾ ചെയ്യരുത്. നിങ്ങളുടെ സ്വകാര്യതയിൽ ചെയ്യുന്നതിൽ ബുദ്ധിമുട്ടില്ല. ലഹരി ഉപയോഗിക്കുന്നവരുടെ സർക്കിൾ സിനിമയിലുണ്ടോ എന്നെനിക്ക് അറിയില്ല’, നിഖില പറയുന്നു.
തന്റെ ജീവിതത്തിൽ രാഷ്ട്രീയത്തിന് വളരെ വലിയ പങ്കുണ്ടെന്നും, അച്ഛനും ചേച്ചിയും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഭാഗമായിരുന്നുവെന്നും നിഖില വ്യക്തമാക്കി. ബീഫ് വിഷയവുമായി ബന്ധപ്പെട്ട മുൻപൊരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ വൈറലാകാൻ കാരണം ഇന്നത്തെ രാഷ്ട്രീയ സാഹചര്യമാണെന്ന് നിഖില പറഞ്ഞു. രാഷ്ട്രീയ പരമായ ചോദ്യങ്ങൾ ആ അഭിമുഖത്തിന് മുൻപ് ഉണ്ടായിട്ടില്ലെന്ന് നിഖില പറയുന്നു. ബീഫ് നിരോധിക്കണമെന്നുള്ള ചർച്ച നിലനിൽക്കുന്ന സാഹചര്യത്തിലായിരുന്നു തന്റെ മറുപടി വൈറലായതെന്നും, ബീഫ് മാത്രമല്ല താൻ പോർക്കും കഴിക്കാറുണ്ടെന്നും നിഖിൽ പറയുന്നു.
Post Your Comments