തിരുവനന്തപുരം: യുവതയെ തൊഴിലിലേക്കും സംരംഭങ്ങളിലേക്കും വഴികാട്ടാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന തൊഴിൽ സഭയ്ക്ക് കണ്ണൂർ പിണറായിയിൽ ഉജ്വല തുടക്കം. ആദ്യ തൊഴിൽ സഭയിൽ കെ ഡിസ്‌കിന്റെ നേതൃത്വത്തിൽ നടന്ന കൗൺസിലിംഗിൽ 29 തൊഴിൽ അന്വേഷകർ ആദ്യഘട്ട തൊഴിൽ അഭിമുഖത്തിൽ പങ്കെടുത്തു. 9 തൊഴിൽദായകരാണ് കൗൺസിലിംഗിനായി എത്തിയത്. മൂന്ന് ഗ്രൂപ്പുകളായി തിരിഞ്ഞ് തൊഴിൽ സാധ്യതകളെയും സംരംഭങ്ങളെയും കുറിച്ച് തൊഴിൽ സഭാ അംഗങ്ങൾ ചർച്ച ചെയ്തു. ഒരേ അഭിരുചിയുള്ളവർ ചേർന്ന് തൊഴിൽ ക്ലബ്ബുകളും രൂപീകരിച്ചു.
Read Also: അംഗീകാരമില്ലാത്ത ക്ഷേമസ്ഥാപനങ്ങൾ പ്രവർത്തിക്കാൻ അനുവദിക്കില്ല: ഓർഫനേജ് കൺട്രോൾ ബോർഡ്
സ്വന്തം വാർഡിലെ തൊഴിൽ സഭയിൽ പങ്കെടുത്ത് മുഖ്യമന്ത്രി പിണറായി വിജയനാണ് തൊഴിൽ സഭയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ചത്. പിണറായി കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അധ്യക്ഷത വഹിച്ചു. തൊഴിൽ സുരക്ഷ ഉറപ്പ് വരുത്തുകയെന്ന കേരള സർക്കാറിന്റെ നിലപാടിന്റെ തുടർച്ചയാണ് തൊഴിൽ സഭയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
തൊഴിലവസരം വർദ്ധിപ്പിക്കുന്നതിനുള്ള ജനകീയ പദ്ധതി എന്ന നിലയിലുള്ളതാണ് തൊഴിൽ സഭയെന്ന ആശയം. പുതിയ ഒരു കേരള മാതൃകയാണ് തൊഴിൽ സഭ മുന്നോട്ടുവെക്കുന്നത്. കേരളത്തിന്റേത് ബദൽ ഇടപെടലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനകീയ ഇടപെടലിന്റെ പുതിയ മാതൃകയാണ് തൊഴിൽ സഭയിലൂടെ കേരളം മുന്നോട്ട് വെക്കുന്നതെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് വ്യക്തമാക്കി. പ്രാദേശിക സംരംഭകത്വം വർധിപ്പിച്ച്, തൊഴിൽ സാധ്യകൾ കൂട്ടി, വരുമാനം വർദ്ധിപ്പിക്കാനുള്ള ബദൽ ഇടപെടലാണ് തൊഴിൽസഭയെന്നും മന്ത്രി അറിയിച്ചു.
ഡോ വി ശിവദാസൻ എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ, തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, കേരള ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ സുരേഷ്, ചേംബർ ഓഫ് മുൻസിപ്പൽ ചെയർമെൻ കേരള ചെയർമാൻ എം കൃഷ്ണദാസ്, സംസ്ഥാന ആസൂത്രണ ബോർഡംഗം ഡോ ജിജു പി അലക്സ്, നോളജ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ പി എസ് ശ്രീകല, കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്ടർ ജാഫർ മാലിക്, ഐ കെ എം എക്സിക്യുട്ടീവ് ഡയറക്ടർ ഡോ സന്തോഷ് ബാബു. പിണറായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ രാജീവൻ, അംഗങ്ങളായ എ ദീപ്തി, വി കെ സുമേഷ് ചന്ദ്രൻ എന്നിവർ ഉദ്ഘാടന ചടങ്ങിൽ സംസാരിച്ചു.
Post Your Comments