ജോധ്പൂർ: തെരുവ് നായയെ കാറിൽ കെട്ടിയിട്ട് റോഡിലൂടെ വലിച്ചിഴച്ച് ഡോക്‌ടർ. രാജസ്ഥാനിലാണ് സംഭവം. സംഭവത്തിൽ സർക്കാർ ആശുപത്രിയിലെ പ്രശസ്ത പ്ലാസ്റ്റിക് സർജനെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം തെരുവ് നായയെ കാറിൽ കെട്ടിയിട്ട് റോഡിലൂടെ വലിച്ചിഴച്ച് കൊണ്ടുപോകുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ഡോക്ടർ രജനീഷ് ഗാൽവയ്‌ക്കെതിരെയാണ് കേസെടുത്തത്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 428 (മൃഗത്തെ കൊല്ലുകയോ അംഗഭംഗം വരുത്തുകയോ ചെയ്യുക), മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമത്തിലെ സെക്ഷൻ 11 (മൃഗങ്ങളെ ക്രൂരമായി പെരുമാറുക) എന്നിവ പ്രകാരം ആണ് കേസെടുത്തതെന്ന് ശാസ്ത്രി നഗർ സ്റ്റേഷൻ ഹൗസ് ഓഫീസർ ജോഗേന്ദ്ര സിംഗ് പറഞ്ഞു. തന്റെ വീടിന് സമീപത്താണ് തെരുവുനായ സ്ഥിരമായി താമസിക്കുന്നത്. അതിനെ അവിടെ നിന്ന് മാറ്റാനാണ് ശ്രമിച്ചതെന്ന് ഡോക്ടർ രജനീഷ് പൊലീസിനോട് പറഞ്ഞു.
നായയുടെ ഒരു കാലിന് ഒടിവും, മറ്റൊരു കാലിന് മുറിനും പറ്റിയിട്ടുണ്ട്. കഴുത്തിൽ ചതവുകൾ ഉണ്ടായിട്ടുണ്ടെന്ന് ഡോഗ് ഹോം ഫൗണ്ടേഷനിലെ കെയർടേക്കർ പറഞ്ഞു. ഞായറാഴ്ചയാണ് സംഭവം. തെരുവു നായയെ വലിച്ചിഴക്കുന്നത് കണ്ട ബൈക്കിലെത്തിയ മറ്റൊരു യാത്രക്കാരൻ രജനീഷിനോട് കാർ നിർത്താൻ ആവശ്യപ്പെട്ടു. തുടർന്ന് വാഹനം നിർത്തിയ ഇയാളിൽ നിന്നും നായയെ രക്ഷിക്കുകയായിരുന്നു. പിന്നീട് ഡോഗ് ഹോം ഫൗണ്ടേഷനെ വിവരം അറിയിച്ചു.
Post Your Comments