പെരുനാട്: തെരുവുനായയുടെ ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലിരിക്കെ മരണപ്പെട്ട 13കാരി അഭിരാമിയുടെ കുടുംബം ആരോഗ്യ വകുപ്പിനെതിരെ പരാതിയുമായി രംഗത്ത്. അഭിരാമിക്ക് ചികിത്സ തേടിയപ്പോള്‍ വീഴ്ച്ച വരുത്തിയ ഡോക്ടര്‍മാര്‍ ഉൾപ്പെടെയുള്ളവർക്ക് എതിരെയാണ് പരാതി. ജില്ലാ പൊലീസ് മേധാവിക്ക് പരാതി കൈമാറി. അഭിരാമിയെ പട്ടികടിച്ച് പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും, കൃത്യസമയത്ത് വേണ്ട ശുശ്രൂഷ നൽകാൻ ഇവർ തയ്യാറായില്ലെന്ന് മാതാപിതാക്കൾ ആരോപിക്കുന്നു.
ആശുപത്രിയിൽ ഡോക്ടറോ ജീവനക്കാരോ ആംബുലന്‍സ് ഡ്രൈവറോ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടര്‍ അടക്കമുള്ളവരുടെ അനാസ്ഥ മൂലം മൂന്ന് മണിക്കൂര്‍ വൈകിയാണ് അഭിരാമിക്ക് പ്രാഥമിക ശുശ്രൂഷ ലഭിച്ചത്. മുറിവ് വൃത്തിയാക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ല. മുറിവ് വൃത്തിയാക്കാന്‍ സോപ്പ് ഇല്ലെന്ന് പറഞ്ഞ് ഇത് വാങ്ങിക്കാന്‍ മാതാപിതാക്കളെ ആശുപത്രിക്ക് പുറത്തേക്ക് വിട്ടു. മാതാപിതാക്കളെക്കൊണ്ട് തന്നെ മുറിവ് കഴുകിച്ചുവെന്നും പരാതിയിൽ പറയുന്നു.
പത്തനംതിട്ട മൈലപ്ര എസ്എച്ച് സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ അഭിരാമിയെ ഓഗസ്റ്റ് 13ന് രാവിലെ 7ന് പാലു വാങ്ങാൻ പോയപ്പോൾ റോഡിൽ വച്ചാണ് നായ കടിച്ചത്. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പേവിഷ ബാധയ്ക്കെതിരെ മൂന്ന് ഡോസ് വാക്സിൻ എടുത്തിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കണ്ണിലും കാലിലും കൈയ്യിലുമായി ഏഴിടത്ത് കടിയേറ്റു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിക്ക് അവിടെ നിന്നാണ് ആദ്യത്തെ വാക്‌സിന്‍ എടുക്കുന്നത്. രണ്ട് വാക്‌സിന്‍ പെരുനാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിന്നുമാണ് സ്വീകരിച്ചത്. നാലാമത്തെ വാക്‌സിന്‍ ഈ മാസം 10ന് എടുക്കണമെന്ന് ആശുപത്രിയില്‍ നിന്ന് അറിയിച്ചിരുന്നു. എന്നാല്‍, വെള്ളിയാഴ്ച്ച വൈകിട്ടോടെ അസ്വസ്ഥത അനുഭവപ്പെട്ട കുട്ടിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. പക്ഷെ ജീവൻ രക്ഷിക്കാനായില്ല.
Post Your Comments