കോട്ടയം: കോട്ടയം മെഡിക്കൽ കോളജിലെ ശസ്ത്രകിയാ വിഭാഗത്തിൽ വെരിക്കോസ് വെയ്ൻ ലേസർ സർജറി യൂണിറ്റ് ഒരുക്കുന്നതിനുവേണ്ടി കേന്ദ്രപൊതുമേഖലാ സ്ഥാപനമായ വെയർഹൗസിങ് കോർപറേഷൻ സിഎസ്ആർ ഫണ്ട് വകയായി 10 ലക്ഷം രൂപ കൈമാറി. കോട്ടയം മെഡിക്കൽ കോളജിന് വെയർഹൗസിങ് കോർപറേഷൻ നൽകുന്ന സിഎസ്ആർ ഫണ്ടിലെ ആദ്യഗഡുവാണു കൈമാറിയത്.
കോട്ടയം കളക്ടറുടെ ചേംബറിൽ നടന്ന ചെക്ക് കൈമാറ്റ ചടങ്ങിൽ തോമസ് ചാഴികാടൻ എം.പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ജില്ലാ കലക്ടർ ഡോ. പി.കെ. ജയശ്രീ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. എസ്. ശങ്കർ, സീനിയർ വാസ്‌കുലർ സർജനും സർജറി പ്രൊഫസറുമായ ഡോ. ബിന്നി ജോൺ, വെയർഹൗസിങ് കോർപറേഷൻ ഡയറക്ടർ കെ.വി. പ്രദീപ്കുമാർ, റീജണൽ മാനേജർ ബി.ആർ. മനീഷ്, ബിസിനസ് ഹെഡ് രാഹുൽ ധർമ്മരാജാ, സീനിയർ കൺസൽറ്റന്റ് ബി. ഉദയഭാനു എന്നിവർ പങ്കെടുത്തു.
രണ്ടാം ഗഡുവായ 10 ലക്ഷം രൂപ സർജറി യൂണിറ്റ് എത്തുന്ന മുറയ്ക്ക് കൈമാറും. എല്ലാ വർഷവും ആരോഗ്യ മേഖലയ്ക്കായി സിഎസ്ആർ ഫണ്ട് വിനിയോഗിക്കുന്നുണ്ടെന്ന് കോർപറേഷൻ അധികൃതർ പറഞ്ഞു. കഴിഞ്ഞ വർഷം ഇത്തരത്തിൽ ഒരു കോടി ഇരുപതു ലക്ഷം രൂപ എട്ട് മെഡിക്കൽ കോളേജ് ആശുപത്രികൾക്കും ജില്ലാ ആശുപത്രികൾക്കും വേണ്ടി ചെലവഴിച്ചിരുന്നു. ഈ വർഷം 60 ലക്ഷം രൂപ ചെലവഴിച്ചു. കുമരകം പബ്ലിക് ഹെൽത്ത് സെന്ററിൽ കോവിഡ് വാക്സിൻ സെന്റർ തുടങ്ങുന്നതിന് വേണ്ടി എട്ട് ലക്ഷം രൂപ കഴിഞ്ഞ വർഷം ചെലവഴിച്ചിരുന്നു.
Post Your Comments