
തിരുവനന്തപുരം: കോഴിക്കോട് മിൽക്ക് ബാങ്ക് ആരംഭിച്ച ശേഷം ഇതുവരെ മുലപ്പാൽ നൽകാനായത് 1813 കുഞ്ഞുങ്ങൾക്കെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. 1397 അമ്മമാരാണ് മുലപ്പാൽ ദാനം ചെയ്തതെന്നും മന്ത്രി പറഞ്ഞു. 1,26,225 എംഎൽ മുലപ്പാൽ ശേഖരിച്ചു. 1,16,315 എംഎൽ മുലപ്പാൽ വിതരണം ചെയ്തു. 1370 എംഎൽ കൂടി വിതരണം ചെയ്യാൻ തയ്യാറായെന്നും വീണാ ജോർജ് അറിയിച്ചു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
Read Also: വിവരാവകാശ നിയമം ഉദ്യോഗസ്ഥരും ജനങ്ങളും പരസ്പരം പൊരുതാനുള്ള ആയുധമാക്കരുത്: വിവരാവകാശ കമ്മീഷണർ
സേവന സന്നദ്ധരായ മുലയൂട്ടുന്ന അമ്മമാരിൽ നിന്നും മുലപ്പാൽ ശേഖരിച്ച് വിവിധ പ്രക്രിയകളിലൂടെയും സ്‌ക്രീനിങ്ങുകളിലൂടെയും സംഭരിച്ച് ആവശ്യമായ ശിശുക്കൾക്ക് ആരോഗ്യകരവും ശുദ്ധവുമായ മുലപ്പാൽ വിതരണം ചെയ്യുന്നു. നാലോ അഞ്ചോ പേരിൽ നിന്ന് ശേഖരിച്ച പാൽ ഒന്നിച്ച് ചേർത്ത ശേഷം ഏകദേശം 60 ഡിഗ്രി സെന്റിഗ്രേഡിൽ പാസ്ചറൈസ് ചെയ്യും. ബാക്റ്റീരിയകളുടെ സാന്നിദ്ധ്യം ഇല്ല എന്നുറപ്പിക്കാനുള്ള കൾച്ചർ പരിശോധനകളും നടത്തുന്നതാണ്. ഫ്രീസറിനുളളിൽ ഇത് മാസങ്ങളോളം സൂക്ഷിക്കാനാകും. പരിശോധനകൾ പൂർത്തിയായ ശേഷം മാത്രമാണ് പാൽ കുഞ്ഞുങ്ങൾക്ക് കൊടുക്കുന്നത്. കോഴിക്കോട് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ മുലപ്പാൽ ബാങ്ക് സാക്ഷാത്ക്കരിക്കാൻ പ്രയത്നിച്ച എൻഎച്ച്എം പ്രോഗ്രാം മാനേജർ ഡോ. നവീൻ, ആശുപത്രി സൂപ്രണ്ട് ഡോ പി ശ്രീകുമാർ ഉൾപ്പെടെയുള്ള എല്ലാവരേയും പ്രത്യേകം ഓർമ്മിക്കുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
നവജാത ശിശുക്കൾക്ക് ഏറ്റവും പ്രധാനമാണ് അമ്മയുടെ പാൽ. കുഞ്ഞിന്റെ ആരോഗ്യത്തിനും രോഗപ്രതിരോധ ശേഷിക്കും മുലപ്പാൽ ഏറ്റവും ആവശ്യമാണ്. 6 മാസം വരെ കുഞ്ഞിന് മുലപ്പാൽ തന്നെ കൊടുക്കുന്നതാണ് ഉത്തമമെന്ന് ശിശുരോഗ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഏതെങ്കിലും കാരണത്താൽ പാൽ ലഭിയ്ക്കാതെ പോകുന്ന കുഞ്ഞുങ്ങളുടെ ആരോഗ്യസംരക്ഷണം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് മിൽക്ക് ബാങ്ക് എന്ന ആശയം രൂപപ്പെട്ടത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് എസ്.എ.ടി. ആശുപത്രിയിലും, തൃശൂർ മെഡിക്കൽ കോളേജിലും മിൽക്ക് ബാങ്ക് ആരംഭിക്കുന്നതാണെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.
Read Also: മിൽക്ക് ബാങ്ക്: ഇതുവരെ മുലപ്പാൽ നൽകാനായത് 1813 കുഞ്ഞുങ്ങൾക്കെന്ന് ആരോഗ്യമന്ത്രി
Post Your Comments