Latest NewsKeralaNews

‘പത്തു പൈസയുടെ വിലയില്ലാത്ത,ആര്‍ക്കും തല്ലിക്കൊല്ലാവുന്ന തെരുവ് പട്ടി തന്നെയാണ് സ്‌നേഹം’: ലക്ഷ്മി രാജീവ്

പതിനേഴ് വര്‍ഷം മകനെപ്പോലെ വളര്‍ത്തിയ വളര്‍ത്തു നായ ജാക്കിന്റെ ഓര്‍മകള്‍ പങ്കുവെച്ച് എഴുത്തുകാരി ലക്ഷ്മി രാജീവ്‌. സ്‌നേഹം എന്താണെന്ന് ചോദിച്ചാല്‍ അതൊരു പട്ടിയാണ് എന്നു മാത്രമാണ് തനിക്ക് പറയാനുള്ളതെന്നും, മരിച്ച് കഴിഞ്ഞാൽ അവനുള്ളിടത്തേക്കാവും താൻ പോവുകയെന്നും ലക്ഷ്മി ഫേസ്‌ബുക്കിൽ കുറിച്ചു. കൊല്ലേണ്ടവർക്ക് കൊല്ലാമെന്നും, ഈ നാട്ടിൽ മനുഷ്യൻ പിഞ്ചു കുഞ്ഞുങ്ങളെ റേപ്പ് ചെയ്തു കൊല്ലുമ്പോഴും ഇതുപോലെ മരവിച്ച മനസോടെ കാണാൻ കാണാൻ തനിക്ക് സാധിച്ചിട്ടുണ്ടെന്നും ലക്ഷ്മി പറയുന്നു.

ലക്ഷ്മി രാജീവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

പതിനേഴു വർഷങ്ങൾ ഒരു പട്ടി എന്റെ കൂടെയും ഞാൻ അവന്റെ കൂടെയും ജീവിച്ചു. അതിനു മുൻപോ അതിനു ശേഷമോ ഞാൻ ഒരു പട്ടിയെയും സ്നേഹിച്ചിട്ടില്ല. അതുകൊണ്ടു തന്നെ എന്നെ ഒരു പട്ടി / മൃഗ സ്നേഹിയായി കാണാൻ സാധിക്കില്ല എന്നുമാത്രമല്ല അവൻ മരിച്ചതിൽ പിന്നെ ഞാൻ ഒരു ജീവികളെയും തൊട്ടിട്ടില്ല.ഏതു പട്ടിയെ കണ്ടാലും അതിന്റെ കണ്ണിലേക്ക് നോക്കാതെ നടന്നു പോകാൻ ഞാൻ എന്നെ പരിശീലിപ്പിച്ചിരുന്നു. മദ്രാസിൽ കടൽക്കരയിലെ ഒരു വീട്ടിലാണ് ഞങ്ങൾ താമസിച്ചിരുന്നത്. കുട്ടികൾ ഇല്ലായിരുന്ന കാലം. രാജീവ് ജോലിക്കു പോയാൽ വൈകുന്നേരങ്ങളിൽ ഞാൻ കടകൽക്കരയിലേക്ക് പോകും. അച്ഛന്റെ മരണ ശേഷം അച്ഛന്റെ അസ്ഥി കടലിൽ ഒഴുക്കിയത് കൊണ്ടാവും കടലുമായും വെള്ളവുമായും മറ്റൊരു തരത്തിലെ ആത്മബന്ധം ഉണ്ടായത്. അങ്ങനെ നടക്കാനിറങ്ങിയാൽ അവസാനം കടലിൽ കുളിച്ചിട്ടു അതെ വേഷത്തിൽ നടന്നു വീട്ടിലെത്തുമ്പോൾ രാത്രി ഏഴു മണിയാകും. വലിയ നഗരങ്ങൾ സമ്മാനിക്കുന്ന സ്വാതന്ത്ര്യം. വരുന്ന വഴിയിൽ ലക്ഷ്മീ എന്നൊരു വിളി കേട്ടു – കൂടെ പഠിച്ച ഒരുവനാണ്.

ലക്ഷ്മി ഈ രാത്രി ഞാൻ തന്നെ ഇവിടെ പ്രതീക്ഷിച്ചില്ല. ഞാൻ പറഞ്ഞു അടുത്താണ് വീട് , നാളെ രാജീവും ഉണ്ടാവും അങ്ങോട്ട് വരൂ. കുട്ടികളൊക്കെ എത്രയായി ലക്ഷ്മി, ഒരു വിവരവും അറിയാനില്ലല്ലോ തന്നെക്കുറിച്ചു ! ഞാൻ പറഞ്ഞു കുട്ടികൾ ഇല്ല.
അവൻ വീട്ടിൽ വന്നു. എന്തോ ജോലി സംബന്ധമായി കുറച്ചു നാൾ മദ്രാസിൽ വന്നതായിരുന്നു അവൻ. രാജീവുമായി സൗഹൃദമായി. അവിടെ നിന്നും ജോലി കഴിഞ്ഞു അവൻ ഉടനെ മടങ്ങി . അവൻ സമ്മാനിച്ചതാണ് ജാക്ക്. ലക്ഷ്മിക്ക് ഒരു കൂട്ടായിരിക്കും. താനിവിടെ വല്ലാണ്ട് തനിച്ചാണ്…. എനിക്ക് ജാക്ക് നെ തൊടാൻ കൂടി ആദ്യം ഒരു വിഷമം തോന്നി. പത്തു ദിവസം പോലും പ്രായമില്ല. ഒരു ഷൂ വിന്റെ പകുതിയേ ഉള്ളൂ. ഞാൻ അവനെ മടിച്ചു മടിച്ചു എടുത്തു.

വളരെ പെട്ടെന്ന് ഞാനും അവനും കൂട്ടായി. ബീച്ചിലേക്കുള്ള യാത്രകളിൽ ഞാൻ പെട്ടെന്ന് തിരികെ വരാൻ തുടങ്ങി. വരുമ്പോൾ മെഡിക്കൽ സ്റ്റോറിൽ പോയി ബേബി ഫുഡ് ആദ്യമായി വാങ്ങിയ ദിവസം അത് പൊതിയുന്ന ആൾ എന്നോട് വളരെ സ്നേഹത്തോടെ ചോദിച്ചു- എത്ര വയസായി. ഞാൻ പറഞ്ഞു ഒരു മാസം. മകനാണോ മകളാണോ. ഞാൻ പറഞ്ഞു മകനാണ്. എനിക്ക് മനസിലായി അയാൾ എന്റെ കുട്ടി ആണെന്ന് വിചാരിച്ചാണ് അങ്ങനെ ചോദിച്ചത് എന്ന്. പട്ടി ആണെന്ന് ഞാൻ തിരുത്തിയില്ല. കളിപ്പാട്ടങ്ങൾ വാങ്ങാൻ പോകുമ്പോഴും ‘അമ്മ മാർക്ക് മാത്രം ലഭിക്കുന്ന ഒരു ആദരവും സ്നേഹവും കടയിലെ ആൾക്കാർ പ്രകടിപ്പിക്കും. മകനാണോ, മകളാണോ എന്ന ചോദ്യത്തിനു ഞാൻ മകൻ എന്ന് പറയും. ഞാൻ വീട്ടിൽ വന്നു അവനോടു പറയും. ജാക്ക് നീയോ, അല്ലെങ്കിൽ ഈ മൂലയിലെ കൃഷ്ണനോ എന്നോട് ഒന്ന് സംസാരിച്ചുവെങ്കിൽ എനിക്ക് പിന്നെ വേറെ മക്കൾ വേണ്ടിയിരുന്നില്ലല്ലോ.

എന്റെ യാത്രകൾ കുറഞ്ഞു. ഞാൻ വായിക്കുമ്പോഴും എഴുതുമ്പോഴും കടലിൽ കളിയ്ക്കാൻ പോകുമ്പോഴും അവൻ എന്റെ ഒപ്പം ആയി. വലിയ തിരകൾ വരുമ്പോൾ അവൻ എന്നെ നോക്കി കുരക്കും , എന്നെ കരയിലേക്ക് ഓടിക്കും. തിരകളിലേക്ക് ഓടി ഇറങ്ങുന്ന എന്റെ ഡ്രെസ്സിൽ കടിച്ചു പിടിച്ചു പുറകിലേക്ക് വലിക്കുന്ന ജാക്ക് എല്ലാവര്ക്കും ഒരു കാഴ്ച ആയിരുന്നു. അവസാനം അവനെ യാത്രകളിൽ കൂടെ കൂട്ടണമെന്ന് ആവശ്യത്തിൽ അവനു യാത്ര ചെയ്യാൻ രാജീവ് ഒരു വലിയ കൂട് വാങ്ങി. പട്ടിക്ക് പോകാൻ പറ്റാത്ത യാത്രകൾ എനിക്കും വേണ്ടാതെ ആയി. എന്റെ പട്ടി സ്നേഹം രാജീവിന് വലിയ ഒരു സൗകര്യമായി. മദ്രാസിൽ സുനാമി അടിച്ച പ്രഭാതം. തറയൊന്നു കുലുങ്ങി. അവൻ ഉച്ചത്തിൽ കുരച്ചു .ആളുകൾ കൂട്ടത്തോടെ വീടുകൾ വിട്ടിറങ്ങി ഓടി. രാജീവ് ഇല്ല. ഞങ്ങൾ നടക്കാൻ പോകുന്ന ഇടമെല്ലാം കടല് കയറി. നമുക്ക് ഇവിടെ നിന്ന് പോകണോ ജാക്ക്? കടല് കയറിയാലോ? അവൻ മിണ്ടാതെ എന്നെ നോക്കി. നിനക്ക് പോണോ ? ഞാൻ ചോദിച്ചു. അവൻ എന്ത് മിണ്ടാൻ.

ഒരു നാല് മാസം കഴിഞ്ഞപ്പോൾ ഞാൻ പ്രെഗ്നന്റ് ആയി. വിവാഹം കഴിഞ്ഞു പത്താം വർഷം . എല്ലാവരും ആദ്യം പറഞ്ഞു പട്ടിയെ പുറത്താക്കണം. ഈ കൂട്ട് ഇനി മതിയാക്കണം. ഞാൻ പറഞ്ഞു പട്ടി യെ ഇഷ്ടമില്ലാത്തവർ പുറത്ത്. പട്ടി അകത്തു തന്നെ കാണും. അവൻ പതിവിലധികം എന്നെ വിട്ടു മാറാതെ ആയി. ഞാൻ പ്രസവിക്കാൻ പോയപ്പോൾ അമ്മയും രാജീവിന്റെ അമ്മയും എല്ലാം ചേർന്ന് അവനെ വീടിനു പുറത്താക്കി. ഞാൻ മക്കളുമായി തിരികെ വന്നപ്പോൾ മക്കളെ രണ്ടു പേരെയും നിലത്തു കിടത്തി അവനെ ഉള്ളിലേക്ക് കൊണ്ട് വന്നു. ജാക്ക് നീ കണ്ടോ ഇവരെ? അവൻ രണ്ടു പേരുടെയും അടുത്തേക്ക് വന്നു. വാൽ മെല്ലെ ആട്ടി . എന്നെ നോക്കി. ഞാൻ മക്കളോട് പറഞ്ഞു. ഇതാണ് ജാക്ക് ചേട്ടൻ. അവൻ പുറത്തേക്ക് ഇറങ്ങി പോയി. ഇനി അവനെ അകത്തു കയറേണ്ട. എത്രയായാലും മൃഗമാണ് തീരെ ചെറിയ കുട്ടികളും. രാജീവും പറഞ്ഞു.

പറ്റില്ല എന്ന് ഞാൻ തീർത്തു പറഞ്ഞു. കുട്ടികൾ കിടക്കുന്ന മുറിയിൽ അവൻ പിന്നെ കയറിയതെ ഇല്ല. എന്നാൽ അതിന്റെ വാതിൽക്കൽ നിന്നും മാറിയതേ ഇല്ല. ആദിത്യനും ഭദ്രയും നടക്കാൻ തുടങ്ങിയപ്പോൾ കളിയ്ക്കാൻ തുടങ്ങിയപ്പോ ജീവനുള്ള ഒരു കളിപ്പാട്ടമായി അവൻ മാറി. അവർ എന്ത് ചെയ്താലും സഹിക്കും. അവരെ കൊണ്ട് നടക്കും. അവരും ചേട്ടാ ചേട്ടാ എന്ന് അവനെ വിളിക്കാൻ തുടങ്ങി. ചേട്ടാ എന്ന് വിളിക്കുമ്പോൾ ഓടി എത്തുന്ന പട്ടി എല്ലാവർക്കും ഒരു കൗതുകമായി.
അവർ സ്‌കൂളിൽ പോയി തുടങ്ങി അവനു വയസായി. ഒരു ദിവസം എഴുന്നേൽക്കാതെ ആയി. ഡോക്ടർ വന്നു പറഞ്ഞു ഇനി ശരിയാവില്ല. ലിവർ തകരാറാണ് .. അധികം കഷ്ടപ്പെടേണ്ട… മാഡം നമുക്ക് അവനെ മരുന്ന് കൊടുത്ത്…
പറ്റില്ല ഡോക്ടർ ഞാൻ നോക്കിക്കൊള്ളാം. അവൻ സ്വാഭാവികമായി മരിക്കട്ടെ. അവനെ കൊല്ലാൻ എനിക്കാവില്ല.

അവനെ നോക്കുക എന്ന ശ്രമകരമായ ജോലി ഞാൻ ഏറ്റെടുത്തു. വലിയ ജർമൻ ഷെപ്പേർഡ് . ഒന്ന് തിരിച്ചു കിടത്തുന്പോഴേക്കും ഞാൻ തളർന്നു പോകും. ഭക്ഷണം വാരി കൊടുക്കണം. വിസർജ്യങ്ങളും എടുക്കണം. തുടച്ചു ഡ്രയർ കൊണ്ട് ഉണക്കുപൊഴേക്കും വീണ്ടും മൂത്രമൊഴിക്കും.വീണ്ടും തുടയ്ക്കും. പൌഡർ ഇടും. നല്ല ഷീറ്റിൽ പുതപ്പിക്കും. ഒരു ദിവസം അവൻ ഏറെ നേരം എന്നെ നോക്കി കിടന്നു. രാത്രി പന്ത്രണ്ടു മണിക്ക് എനിക്കവനെ ഒന്ന് കൂടെ നോക്കണെമെന്നു തോന്നി. ഞാൻ അവനെ കിടത്തിയ ഇടത്തേക്ക് തിരികെ വന്നു , കുറച്ചു പാല് ചൂടാക്കി കൊടുത്തു. എന്നിട്ടു വീണ്ടും ഷീറ്റ് മാറ്റി ഞാൻ വന്നു കിടന്നു. രാവിലെ പോയി നോക്കിയപ്പോൾ അവൻ അതെ ഇടത്ത് മരിച്ചു കിടക്കുന്നു. വായിൽ നിന്നും അൽപ്പം ചോര വന്നിട്ടുണ്ട്.

ഞാൻ അവനെ കെട്ടിപ്പിടിച്ചു കരഞ്ഞു. പിന്നെ അവനെ മറവു ചെയ്യാനുള്ള ഒരുക്കങ്ങൾ ചെയ്തു. നാട്ടിൽ. പതിനാറിന് പാപനാശത്തു ബലിയിടാൻ ഇരുന്നപ്പോൾ വലിയ മഴ പെയ്തു. ആരാണ് മരിച്ചത് , കർമ്മി ചോദിച്ചു. മകൻ എന്ന് ഞാൻ മറുപടി പറഞ്ഞു. എത്ര വയസായിരുന്നു ? 16 . അയ്യോ എന്ന് അയാൾ. ഞാൻ അവിടെ ഇരുന്നു കരഞ്ഞു. ബലി ഇട്ടു തീരും മുൻപേ വലിയ തിരകൾ വന്നു. ആ പതിനാറു വർഷവും അവൻ എന്നോട് ഒന്നും മിണ്ടിയിട്ടില്ല. എന്നാൽ അവനോളം എന്നെ സ്നേഹിച്ച ആരും ഉണ്ടായിട്ടില്ല എന്ന് ഒരു ലജ്ജയും ഇല്ലാതെ തുറന്നു പറയാൻ എനിക്ക് സാധിക്കും. ഇപ്പോഴും മഴ പെയ്യുമ്പോൾ അവൻ മഴയിൽ കളിച്ചിട്ട് അവനു പുറകെ towel മായി ഓടി നടന്നു സങ്കൽപ്പത്തിൽ അമ്മയായി നടിക്കാൻ അവൻ തന്ന കാലം ഓർമ്മ വരും. സ്നേഹമല്ലാതെ ഒന്നും ബാക്കി വയ്ക്കാത്ത പട്ടി .

മരിക്കുമ്പോൾ എവിടെ പോകണമെന്ന് എനിക്കൊരു ഉത്തരമുണ്ട്. അവനുള്ളിടത്ത്.
ഞാനിതു എഴുതുമ്പോൾ വിനോദ് ലോകത്തെവിടെ നിന്നെങ്കിലും ഇത് വായിക്കും. അവൻ സമ്മാനിച്ച് കടന്നു പോയ നായ ആയിരുന്നു പിന്നീടുള്ള എന്റെ പതിനാറു വർഷങ്ങളെ തീരുമാനിച്ചത്. ജാക്ക് മരിച്ചപ്പോൾ ഇതേക്കുറിച്ചു കേരളം കൗമുദിയിൽ എഴുതിയ ലേഖനം അന്ന് ഒരുപാടു ചർച്ച കൾക്ക് ഇടനൽകിയിരുന്നു. സ്നേഹം എന്താണ് എന്ന് ചോദിച്ചാൽ അതൊരു പട്ടിയാണ് എന്ന് മാത്രമാണ് എനിക്ക് പറയാനുള്ളത്. അതെ സ്നേഹമൊരു പട്ടിയാണ് .പത്തു പൈസയുടെ വിലയില്ലാത്ത ആർക്കും എന്തും ചെയ്യാവുന്ന ,തല്ലി കൊല്ലാവുന്ന തെരുവ് പട്ടി തന്നെയാണ് സ്നേഹം. ആർക്കു വേണോ കൊല്ലാം പട്ടിയെ. എനിക്കൊരു വിരോധവുമില്ല. ഈ നാട്ടിൽ മനുഷ്യൻ പിഞ്ചു കുഞ്ഞുങ്ങളെ റേപ്പ് ചെയ്തു കൊല്ലുമ്പോഴും ഇതുപോലെ മരവിച്ച മനസോടെ കാണാൻ എനിക്ക് സാധിച്ചിട്ടുണ്ട്. ഞാനെവിടെ തീരുന്നു ഞാൻ എന്ന പട്ടി എവിടെ തുടങ്ങുന്നു എന്ന് മാത്രം എനിക്കറിയില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button