തിരുവനന്തപുരം: മത്സരപ്പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് പരിശീലനത്തിന് സാമ്പത്തിക സഹായം നൽകുന്ന ‘യത്‌നം’ പദ്ധതി ഈ സാമ്പത്തികവർഷം ആരംഭിക്കും. ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി ഡോ ആർ ബിന്ദുവാണ് ഇക്കാര്യം അറിയിച്ചത്. പദ്ധതിക്ക് ഈ വർഷത്തേക്ക് 6,85,000 രൂപയുടെ ഭരണാനുമതിയായെന്നും മന്ത്രി പറഞ്ഞു.
ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് വിവിധ തൊഴിൽമേഖലകളിൽ പ്രാതിനിധ്യം ഉറപ്പാക്കാനും അവരുടെ സാമ്പത്തിക ശാക്തീകരണത്തിനുമായാണ് ‘യത്‌നം’ ആരംഭിക്കുന്നത്. പിഎസ്‌സി, യുപിഎസ്‌സി, ബാങ്ക് സേവനം, ആർആർബി, യുജിസി, നെറ്റ്, ജെആർഎഫ്, സിഎടി/മാറ്റ് പരീക്ഷകൾക്ക് പരിശീലനത്തിനാണ് സാമ്പത്തിക സഹായം.
വിവിധ മത്സരപ്പരീക്ഷകളിൽ പങ്കെടുക്കുന്നവരിൽ ആറുമാസം വരെയുള്ള പരിശീലനത്തിന് 8500 രൂപ വരെ അനുവദിക്കും. പത്തു വ്യക്തികൾക്കാണ് ഈ സഹായം നൽകുക. പിഎസ്‌സി, യുപിഎസ്‌സി, ബാങ്ക് സേവനം, ആർആർബി പരീക്ഷാ പരിശീലനത്തിന് പത്തു വ്യക്തികൾക്ക് പരമാവധി 40,000 രൂപ വീതം വരെ അനുവദിക്കും. യുജിസി, നെറ്റ്, ജെആർഎഫ് പരീക്ഷാ പരിശീലനത്തിന് അഞ്ചു വ്യക്തികൾക്ക് പരമാവധി 40,000 രൂപ വീതം വരെയും നൽകുമെന്നും മന്ത്രി പറഞ്ഞു.
Post Your Comments