Article

ചായ വില്‍പ്പനക്കാരനില്‍ നിന്നും തുടങ്ങിയ ആ യാത്ര ഇന്ന് എത്തി നില്‍ക്കുന്നത് ലോകം ആദരിക്കുന്ന പ്രധാനമന്ത്രിയിലേയ്ക്ക്

ഉത്തര ഗുജറാത്തിലെ മെഹ്സാന ജില്ലയിലെ വഡ്‌നഗര്‍ എന്ന ഒരു ഗ്രാമത്തില്‍ പലചരക്കു വ്യാപാരികളുടെ കുടുംബത്തിലാണ് 1950 സെപ്റ്റംബര്‍ 17ന് നരേന്ദ്രമോദി ജനിച്ചത്. ദാമോദര്‍ദാസ് മൂല്‍ചന്ദ് മോദിയുടേയും, ഹീരാബെന്നിന്റേയും ആറുമക്കളില്‍ മൂന്നാമനായിട്ടായിരുന്നു മോദിയുടെ ജനനം. സ്‌കൂള്‍ കാലഘട്ടത്തില്‍, വഡ്നഗര്‍ റെയില്‍വേ സ്റ്റേഷനു സമീപം പിതാവ് നടത്തുന്ന ചായക്കച്ചവടത്തില്‍ അദ്ദേഹം സഹായിക്കാന്‍ പോകുമായിരുന്നു, കൗമാരകാലഘട്ടത്തില്‍ സഹോദരനോടൊപ്പം മോദി, ഒരു ചായക്കടയും നടത്തിയിരുന്നു.

പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം രാഷ്ട്രീയത്തിലേക്കു വന്ന മോദി പിന്നീട് ഡല്‍ഹി സര്‍വകലാശാലയുടെ വിദൂര വിദ്യാഭ്യാസ പദ്ധതിയിലൂടെ രാഷ്ട്രതന്ത്രത്തില്‍ ബിരുദവും , ഗുജറാത്ത് സര്‍വകലാശാലയില്‍ നിന്നും അതേ വിഷയത്തില്‍ തന്നെ ബിരുദാനന്തര ബിരുദവും നേടുകയുണ്ടായി.

തന്റെ എട്ടാമത്തെ വയസ്സുമുതല്‍ മോദി ആര്‍.എസ്.എസ്സില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു. പ്രചാരക് ആയി പ്രവര്‍ത്തിച്ചു. രാഷ്ട്രീയ സ്വയം സേവക് സംഘത്തില്‍ നിന്നും ദീര്‍ഘ പരിശീലനം ലഭിച്ച മോദി ഗുജറാത്തിലെ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തില്‍ വിദ്യാര്‍ത്ഥി നേതാവാകുകയും, തുടര്‍ന്ന് ബി.ജെ.പി, നവനിര്‍മ്മാണ്‍ എന്നീ പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു.

1968- ല്‍ തന്റെ പതിനേഴാം വയസ്സില്‍ യെശോദാ ബെനിനെ വിവാഹം കഴിച്ച മോദി, വിവാഹത്തിനു ശേഷം ചില മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഭാര്യയുമായി പിരിയുകയും ചെയ്തു. ആ കാലത്ത് നിലനിന്നിരുന്ന ഒരു സാമൂഹികാചാരപ്രകാരം വിവാഹിതനാകുക മാത്രമാണ് മോദി ചെയ്തതെന്ന് മോദിയുടെ ജ്യേഷ്ഠ സഹോദരന്‍ സോമഭായ് പറയുന്നു. ഭാര്യയായ യശോദയെ പഠനം പൂര്‍ത്തിയാക്കാന്‍ നിര്‍ബന്ധിച്ച് സ്വഗൃഹത്തിലേക്കയച്ചിട്ടാണ് രാഷ്ട്രീയപ്രവര്‍ത്തനങ്ങള്‍ക്കായി മോദി വീടു വിട്ടതെന്നും പറയപ്പെടുന്നു.

 

ആദ്യകാല രാഷ്ട്രീയം

1971 ലെ ഇന്ത്യാ-പാകിസ്താന്‍ യുദ്ധ കാലഘട്ടത്തിലാണ് മോദി ആര്‍.എസ്സ്.എസ്സില്‍ ചേരുന്നത്. 1975 ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി ഇന്ത്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ ഒളിവില്‍ പോയ മോദി, അവിടെയിരുന്ന് കേന്ദ്ര സര്‍ക്കാരിനെതിരേ ലഘുലേഖകള്‍ തയ്യാറാക്കി ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്തു. 1985 ല്‍ ഭാരതീയ ജനതാ പാര്‍ട്ടിയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ ആര്‍.എസ്സ്.എസ്സാണു മോദിയോട് ആവശ്യപ്പെട്ടത്. 1988 ല്‍ ഭാരതീയ ജനതാ പാര്‍ട്ടിയുടെ ഗുജറാത്ത് ഘടകത്തിന്റെ ഓര്‍ഗനൈസിംഗ് സെക്രട്ടറിയായി മോദി തിരഞ്ഞെടുക്കപ്പെട്ടു, 1995 ല്‍ ഗുജറാത്തില്‍ ഭാരതീയ ജനതാ പാര്‍ട്ടി നേടിയ വന്‍വിജയത്തിനു പിന്നില്‍ മോദിയുടെ തിരഞ്ഞെടുപ്പു തന്ത്രങ്ങളായിരുന്നു.

ഗുജറാത്തിന്റെ മുഖ്യമന്ത്രി

മോദി ഗുജറാത്തിന്റെ മുഖ്യമന്ത്രിയായി മൂന്നു തവണ തിരഞ്ഞെടുക്കപ്പെട്ടു. ആദ്യം 2001-ല്‍ കേശുഭായ് പട്ടേല്‍ സ്ഥാനമൊഴിഞ്ഞിടത്തേക്ക് അദ്ദേഹത്തിനു പകരം ബി.ജെ.പിയുടെ മുഖ്യമന്ത്രിയായി മോദി സ്ഥാനമേറ്റെടുത്തു. അതിനു ശേഷം നടന്ന മൂന്നു നിയമസഭാ തിരഞ്ഞെടുപ്പുകളിലും ബി.ജെ.പിയുടെ സര്‍ക്കാര്‍ അധികാരത്തില്‍ വരുകയും 2002-ലും 2007-ലും തുടര്‍ന്ന 2012-ലും മോദി തന്നെ മുഖ്യമന്ത്രിയായി തുടരുകയും ചെയ്തു.

 

ഇന്ത്യയുടെ പ്രധാനമന്ത്രി

 

 

ഇന്ത്യയില്‍ 2014-ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഭാരതീയ ജനതാ പാര്‍ട്ടി നരേന്ദ്രമോദിയെയായിരുന്നു ഉയര്‍ത്തിക്കാട്ടിയിരുന്നത്. വിജയത്തിന് ശേഷം ലോകസഭാ കക്ഷി നേതാവായി എന്‍ഡിഎയുടെ സഖ്യ കക്ഷികള്‍ നരേന്ദ്ര മോദിയെ തിരഞ്ഞെടുക്കുകയും, സഖ്യകക്ഷികളുടെ നേതാവായി പ്രധാനമന്ത്രിപദത്തിന് അവകാശം ഉന്നയിക്കയും ചെയ്തു. നരേന്ദ്ര മോദിയുടെ അവകാശത്തെ അംഗീകരിച്ച രാഷ്ട്രപതി പ്രണബ് മുഖര്‍ജി 2014 മേയ് 20-ന് നരേന്ദ്രമോദിയെ ഇന്ത്യയുടെ പതിനഞ്ചാമത് പ്രധാനമന്ത്രിയായി നിയമിച്ചു. മെയ് 26-ന് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

2014-ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ വഡോദരയില്‍ നിന്നും ഉത്തര്‍പ്രദേശിലെ വാരണസിയില്‍ നിന്നും ഒരേസമയം ജനവിധി തേടിയിരുന്നു. രണ്ടിടത്തും ജയിച്ച മോദി വാരാണസി മണ്ഡലം നിലനിര്‍ത്തി വഡോദരയില്‍ നിന്ന് രാജി വെയ്ക്കുകയായിരുന്നു.

2019 ല്‍ നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പിലും വന്‍ ഭൂരിപക്ഷത്തോടെ ബിജെപി വിജയിക്കുകയും പ്രധാനമന്ത്രിയായി നരേന്ദ്ര മോദി അധികാരം ഏറ്റെടുക്കുകയും ചെയ്തു.

 

 

 

 

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button