തിരുവനന്തപുരം: ചുരുങ്ങിയ സമയത്തിൽ പെയ്യുന്ന തീവ്രമഴ റോഡ് തകർച്ചയ്ക്ക് കാരണമാകുന്നതിനാൽ റോഡ് നിർമാണത്തിൽ പുതിയ രീതികൾ അവലംബിക്കേണ്ടത് അവശ്യമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. മഴപ്പെയ്ത്തിന്റെ രീതി മാറിയിരിക്കുന്നു. ചുരുങ്ങിയ സമയത്തിനുള്ളിൽ തീവ്ര മഴയാണ് ലഭിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
Read Also: ഈ ജനപ്രിയ ഗെയിമുകളിൽ മാൽവെയർ സാന്നിധ്യം, കെണിയിൽ അകപ്പെട്ട് മൂന്നു ലക്ഷത്തിലധികം ഗെയിമർമാർ
ഈ വലിയ അളവിൽ ജലത്തെ ഉൾക്കൊള്ളാൻ ഭൂമിക്കോ റോഡിന്റെ വശത്തുള്ള ഓടകൾക്കോ സാധിക്കുന്നില്ല. ഫലമായി റോഡ് തകരുന്നു. മാറിയ മഴയെ, പ്രകൃതിയെ പ്രതിരോധിക്കാൻ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പുത്തൻ നിർമാണ രീതികൾ വേണം. എന്നാൽ നാം ഇപ്പോഴും പഴയ രീതികൾ പിന്തുടരുകയാണ്. ഇത് മാറേണ്ടതുണ്ട്-കാലാവസ്ഥാ വ്യതിയാനം പ്രതിരോധിക്കുന്ന പുത്തൻ നിർമാണ രീതികളെക്കുറിച്ച് കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ഐഐടി പാലക്കാടും ചേർന്ന് സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
കാലാവസ്ഥാ വ്യതിയാനത്തിനൊപ്പം ഉയർന്ന ജനസാന്ദ്രതയും വലിയ തോതിലുള്ള വാഹന പെരുപ്പവും ചേരുന്നതോടെ റോഡ് പരിപാലനം വെല്ലുവിളിയായി മാറുകയാണ്. കേരളത്തിന്റെ പ്രത്യേക സാഹചര്യം സവിശേഷമായി പരിഗണിച്ചുള്ള നിർമാണ രീതിയാണ് നമുക്ക് വേണ്ടതെന്ന് മന്ത്രി പറഞ്ഞു.
ദീർഘകാലം നിലനിൽക്കുന്ന, സുസ്ഥിരമായതും ചെലവ് കുറഞ്ഞതുമായ അസംസ്‌കൃത വസ്തുക്കൾ ഉപയോഗിച്ചുള്ള നിർമാണ രീതിയാണ് അഭികാമ്യം. പ്രീ-കാസ്റ്റ് മെറ്റീരിയലുകൾ കൂടുതലായി പ്രയോജനപ്പെടുത്തി, എല്ലാ കാലാവസ്ഥയിലും ബിറ്റുമിൻ ഒക്കെ ഉപയോഗിച്ചുള്ള റോഡ് നിർമാണ രീതി വികസിപ്പിക്കേണ്ടതുണ്ട്. കെ.എച്ച്.ആർ.ഐ ഈ ഗവേഷണപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
റോഡ് പരിപാലന കാലാവധിക്ക് ശേഷം ഉത്തരവാദിത്തം ആർക്കെന്ന് വ്യക്തമാക്കുന്ന നീല റണ്ണിംഗ് കോൺട്രാക്റ്റ് ബോർഡുകൾ സ്ഥാപിച്ചതിന്റെ തുടർച്ചയായുള്ള ചെക്കിംഗ് സ്‌ക്വാഡ് പരിശോധന ഈ മാസം 20 മുതൽ എല്ലാ ജില്ലകളിലും തുടങ്ങുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി അജിത് കുമാർ അധ്യക്ഷത വഹിച്ചു. നവീകരിച്ച കെഎച്ച്ആർഐ വെബ്സൈറ്റ്, സുവർണ ജൂബിലി സുവനീർ എന്നിവ മന്ത്രി പ്രകാശനം ചെയ്തു.
Read Also: ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹർ അഫ്ഗാനിസ്ഥാനിൽ: വെളിപ്പെടുത്തലുമായി പാകിസ്ഥാൻ വിദേശകാര്യ മന്ത്രി
Post Your Comments