KeralaLatest NewsNews

റൈഡറെ ഉറക്കത്തിൽ നിന്നുണർത്തുന്ന ഹെൽമറ്റ്, പ്ലാസ്റ്റിക്കിൽ നിന്ന് ഇന്ധനം: ശ്രദ്ധേയമായി യുവ ബൂട്ട് എക്സ്പോ

തിരുവനന്തപുരം: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ് ഡെവലപ്‌മെന്റ് (കിഡ്) സംഘടിപ്പിക്കുന്ന യുവ ബൂട്ട് ക്യാംപിലെ വിദ്യാർഥി സംരംഭകരുടെ എക്‌സ്‌പോ ശ്രദ്ധേയമാകുന്നു. വൈവിധ്യം നിറഞ്ഞ സംരംഭങ്ങളുടെയും സംരംഭകത്വ ആശയങ്ങളുടെയും പ്രദർശനമാണ് തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിൽ നടക്കുന്ന കോൺക്ലേവിൽ ഒരുക്കിയിട്ടുള്ളത്. പ്ലാസ്റ്റിക് സംസ്‌കരണത്തിനും, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗപ്പെടുത്തിയുള്ള അധ്യാപനത്തിനും എന്നു വേണ്ട തേങ്ങയും അടക്കയും പൊളിക്കുന്നതിനുവരെ നൂതന ആശയങ്ങൾ അവതരിപ്പിക്കുകയാണ് വിദ്യാർത്ഥി സംരംഭകർ.

ബൈക്ക് ഓടിക്കുന്നതിനിടയിൽ ഉറങ്ങിപ്പോയാൽ റൈഡറെ വിളിച്ചുണർത്തുന്ന ഹെൽമറ്റുമായാണ് കോഴിക്കോട് എഡബ്ല്യൂഎച്ച് എഞ്ചിനിയറിങ് കോളജിലെ ആദർശും ജിജുവും എക്സ്പോയിൽ എത്തിയിട്ടുള്ളത്. ഹെൽമറ്റിന്റെ മുൻവശത്തു ഘടിപ്പിച്ച സെൻസറിലൂടെ ഡ്രൈവറുടെ കണ്ണുകളെ നിരീക്ഷിക്കുകയാണ് ഈ സംവിധാനത്തിൽ ചെയ്യുന്നത്. ഹെൽമറ്റിനകത്തു ഘടിപ്പിച്ചിരിക്കുന്ന ബോർഡും ബാറ്ററിയും ഉപയോഗിച്ചാണ് ഇത് പ്രവർത്തിക്കുന്നത്. റൈഡറുടെ കണ്ണുകൾ രണ്ടു സെക്കൻഡിൽക്കൂടുതൽ സമയം അടഞ്ഞിരുന്നാൽ സെൻസറിൽ നിന്നു ബോർഡിലേക്ക് സന്ദേശമെത്തും. ഇതോടെ ഹെൽമറ്റിനകത്തു ഘടിപ്പിച്ചിരിക്കുന്ന അലാം പ്രവർത്തിച്ച് ഉറക്കത്തിൽ നിന്ന് ഉണർത്തും.

പ്ലാസ്റ്റിക് സംസ്‌കരിക്കുന്നതിനോടൊപ്പം അതിൽ നിന്ന് മൂല്യവർദ്ധിത ഉത്പന്നങ്ങൾ ഉത്പാദിപ്പിക്കുകയും ചെയ്യുന്ന സംവിധാനം എക്‌സ്‌പോയിലെ ശ്രദ്ധേയമായ ഇനമാണ്. അന്തരീക്ഷ മലിനീകരണമില്ലാതെ പ്ലാസ്റ്റിക് കത്തിച്ചു കളയുന്നതിനൊപ്പം മണ്ണെണ്ണക്ക് സമാനമായ ദ്രാവക രൂപത്തിലുള്ള ഇന്ധനവും മീഥേനും എത്തിലിനും അടങ്ങുന്ന വാതക രൂപത്തിലുള്ള ഇന്ധനവും ഉത്പാദിപ്പിക്കുന്ന സംവിധാനമാണ് തൊടുപുഴ കുമാരമംഗലം എൻകെഎൻഎം എച്ച്എസ്എസിലെ വിദ്യാർത്ഥി അച്ച്യുത് അവതരിപ്പിക്കുന്നത്. പ്ലാസ്റ്റിക് സംസ്‌കരണത്തിലെ ഉപോത്പന്നങ്ങളായ ദ്രവ, വാതക ഇന്ധനങ്ങൾ ശാസ്ത്രീയമായി സംസ്‌കരിച്ചു ശേഖരിക്കാനുള്ള സംവിധാനംകൂടി സജ്ജമായാൽ വിപ്ലവകരമായ ഒരു കണ്ടുപിടുത്തമാകുമിത്. കൂടാതെ ഒഗ്മെന്റഡ് റിയാലിറ്റിയിലൂടെ അധ്യാപനം കൂടുതൽ ഫലപ്രദമാക്കുന്നതിനുള്ള സംവിധാനങ്ങളും എക്സ്പോയിൽ കാണാം.

കർഷികോത്പന്നങ്ങളെ മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കി മാറ്റുന്നതിനും അവയ്ക്ക് വിപണി കണ്ടെത്തുന്നതിനും സഹായിക്കുന്ന മൊബൈൽ അപ്ലിക്കേഷൻ, കർഷകർക്ക് വിദഗ്ധ സഹായം നൽകുന്നതിനുള്ള അഗ്രി ആംബുലൻസ്, പൈനാപ്പിൾ കർഷകർക്ക് പൈനാപ്പിൾ പാക് ചെയ്യുന്നതിനുള്ള യന്ത്രം, വിവിധ തരത്തിലുള്ള സോപ്പുകൾ, തേനിൽ നിന്നുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങൾ, കരകൗശല ഉത്പന്നങ്ങൾ, വിവിധ ഫ്‌ളേവറിലുള്ള ചായകൾ എന്നിങ്ങനെ വ്യത്യസ്ഥമായ സംരഭകത്വ ആശയങ്ങൾ എക്‌സപോയിലുണ്ട്. തൊഴിൽ അന്വേഷകർക്കും തൊഴിൽ ദാതാക്കൾക്കും സഹായകമാകുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം എന്നിങ്ങനെ നീളുന്നു വിദ്യാർഥി സംരംഭകരുടെ ആശയങ്ങൾ. മാസ്‌കോട്ട് ഹോട്ടലിൽ രാവിലെ 10 മുതൽ 5.30 വരെയാണ് സന്ദർശന സമയം.

Read Also: കശ്മീർ ഫയൽസിനായുള്ള തന്റെ ഗവേഷണത്തെക്കുറിച്ച് ‘വെബ് സീരീസ്’: സ്ഥിരീകരിച്ച് സംവിധായകൻ വിവേക് ​​അഗ്നിഹോത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button