കോട്ടയം: വൈക്കം മുളക്കുളം പഞ്ചായത്തില്‍ തെരുവുനായ്ക്കള്‍ കൂട്ടത്തോടെ ചത്തതില്‍ പൊലീസ് കേസെടുത്തു. കുഴിച്ചിട്ട നായ്ക്കളെ പുറത്തെടുത്തു. ടി.എം.സദന്‍ എന്നയാള്‍ വെള്ളൂര്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയിലാണ് നടപടി.
കടുത്തുരുത്തിയിലും പെരുവയിലും പരിസരപ്രദേശങ്ങളിലുമായി പത്തോളം തെരുവുനായ്ക്കളാണ് ചത്തത്. ഈ മേഖലയില്‍ പലതവണ നാട്ടുകാര്‍ക്ക് കടിയേറ്റിരുന്നു. എന്നിട്ടും അധികൃതര്‍ നടപടി എടുക്കാത്തതിനെത്തുടര്‍ന്ന് നായ്ക്കളെ വിഷം കൊടുത്തു കൊന്നതാണെന്ന് ആരോപണമുണ്ട്. ഇതുസംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും പൊലീസ് പുറത്തുവിട്ടിട്ടില്ല.
അതേസമയം, കോവിഡ് കാലത്ത് പെറ്റുപെരുകിയ നായക്കൂട്ടങ്ങളാണ് ആക്രമണകാരികളായി മാറിയതെന്നു വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. മനുഷ്യസമ്പര്‍ക്കമില്ലാതെ വളര്‍ന്നതും ഭക്ഷണത്തിന്റെ കുറവുമാണ് ഇവരെ ആക്രമണ സ്വഭാവമുള്ളവയാക്കിയത്. തദ്ദേശവകുപ്പ് വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ഈ അഭിപ്രായം ഉയര്‍ന്നത്. നായകള്‍ക്കു പേവിഷ പ്രതിരോധ വാക്സീന്‍ അടിയന്തരമായി നല്‍കണമെന്ന നിര്‍ദ്ദേശവും യോഗത്തില്‍ ഉയര്‍ന്നു.
Post Your Comments