രാജ്യത്തെ എണ്ണക്കമ്പനികൾക്ക് ധനസഹായം നൽകാനൊരുങ്ങി കേന്ദ്ര സർക്കാർ. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില കുതിച്ചുയർന്നെങ്കിലും എണ്ണക്കമ്പനികൾക്ക് വൻ തിരിച്ചടിയാണ് ഉണ്ടായത്. രാജ്യത്ത് നിലനിൽക്കുന്ന പണപ്പെരുപ്പത്തിന്റെ ആക്കം കുറയ്ക്കുന്നതിന്റെ ഭാഗമായി ഇന്ധനവില ഉയർത്താൻ എണ്ണക്കമ്പനികൾക്ക് സാധിച്ചിരുന്നില്ല. ഇത് എണ്ണക്കമ്പനികളെ പ്രതികൂലമായി ബാധിച്ച സാഹചര്യത്തിലാണ് കേന്ദ്രം 20,000 കോടി രൂപ ധനസഹായം നൽകാനൊരുങ്ങുന്നത്.
രാജ്യത്ത് മൂന്ന് പൊതു മേഖല എണ്ണക്കമ്പനികളാണ് സ്ഥിതി ചെയ്യുന്നത്. വിപണിയിലേക്ക് ആവശ്യമായ 90 ശതമാനത്തോളം പെട്രോളിയം ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്നത് ഈ പൊതുമേഖല എണ്ണക്കമ്പനികളാണ്. ധനസഹായവുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണെങ്കിലും അന്തിമ തീരുമാനം എടുത്തിട്ടില്ല. നിലവിലെ കണക്കുകൾ പ്രകാരം, കേന്ദ്ര പെട്രോളിയം മന്ത്രാലയം 28,000 കോടി രൂപയുടെ സഹായമാണ് തേടിയത്.
പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് വില വർദ്ധനവ് ഏർപ്പെടുത്തുന്നതിലൂടെയോ, സർക്കാർ നൽകുന്ന ധനസഹായത്തിടെയോ മാത്രമാണ് എണ്ണക്കമ്പനികൾ നിലവിൽ നേരിടുന്ന പ്രതിസന്ധിയെ അതിജീവിക്കുവാൻ സാധിക്കുകയുള്ളൂ. അതിനാൽ, എത്രയും പെട്ടെന്ന് തന്നെ കേന്ദ്രം അനുകൂല നിലപാട് സ്വീകരിക്കുമെന്നാണ് എണ്ണക്കമ്പനികളുടെ വിലയിരുത്തൽ.
Post Your Comments