KeralaLatest NewsNews

കോടതിയുടെ വിചിത്രവും സ്ത്രീവിരുദ്ധവുമായ പരാമർശത്തെ അനുകൂലിച്ച് സുന്നി നേതാവ് സത്താർ പന്തല്ലൂർ

കോഴിക്കോട്: ലൈംഗിക പീഡന പരാതിയിൽ എഴുത്തുകാരൻ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടുള്ള കോടതി ഉത്തരവിനെ അനുകൂലിച്ച് സുന്നി നേതാവ്. പരാതിക്കാരിയുടെ വസ്ത്രധാരണം പ്രകോപനപരമായതിനാൽ ലൈംഗിക പീഡന പരാതി നിലനില്‍ക്കില്ലെന്ന കോടതി പരാമർശത്തെ അനുകൂലിക്കുകയാണ് സുന്നി നേതാവ് സത്താർ പന്തല്ലൂർ. ജഡ്ജിയുടെ ഉത്തരവ് സമൂഹം ചർച്ച ചെയ്യേണ്ടതാണെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.

പ്രലോഭിപ്പിക്കുന്ന വസ്ത്രധാരണം ഒരു കൺസെന്‍റായി കണക്കാക്കാം എന്ന വാദത്തിൽ ന്യായം നിഴലിക്കുന്നുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ആഭാസകരമായ വസ്ത്രം ധരിക്കുന്ന രീതികൾ പൊതുയിടങ്ങളിൽ വർധിച്ചു വരുന്ന ഇക്കാലത്ത്, അതെല്ലാം വസ്ത്ര സ്വാതന്ത്യത്തിന്‍റെ പട്ടികയിൽപ്പെടുത്തി രക്ഷപ്പെടാവുന്നതല്ലെന്നാണ് സത്താർ പന്തല്ലൂർ പറയുന്നത്. വസ്ത്രം ധരിക്കുന്നത് ശരീരം മറക്കുന്നതിനാണെന്നും, അത് ശരീരം തുറന്നിടുന്നതിന് സമാനമാവരുതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പരാതിക്കാരിയുടെ വസ്ത്രധാരണം പ്രകോപനപരമായതിനാൽ ലൈംഗിക പീഡന പരാതി നിലനില്‍ക്കില്ലെന്ന കോടതി പരാമർശത്തിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. എഴുത്തുകാരൻ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ചുള്ള ഇത്തരവിലാണ് കോഴിക്കോട് സെഷന്‍സ് കോടതിയുടെ വിചിത്രവും സ്ത്രീവിരുദ്ധവുമായ പരാമർശമുണ്ടായത്. കോഴിക്കോട് സെഷൻസ് കോടതി ജഡ്ജി എസ് കൃഷ്ണകുമാർ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച് പുറപ്പെടുവിച്ച ഉത്തരവാണ് വിവാദമായത്. പരാതിക്കാധാരമായ സംഭവം നടന്ന ദിവസത്തെ ഫോട്ടോകൾ പ്രതി കോടതിയില്‍ ഹാജരാക്കിയിരുന്നു. ശരീരഭാഗങ്ങൾ കാണുന്ന നിലയിലാണ് യുവതി വസ്ത്രം ധരിച്ചിരുന്നതെന്നും, ഇത്തരത്തിൽ യുവതി പ്രകോപനമുണ്ടാക്കുന്ന വസ്ത്രം ധരിച്ചതിനാല്‍ പീഡനത്തിനുള്ള 354 എ വകുപ്പ് നിലനില്‍ക്കില്ലെന്നുമായിരുന്നു കോടതിയുടെ കണ്ടെത്തല്‍.

സത്താർ പന്തല്ലൂറിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം:

പരാതിക്കാരി ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രം ധരിച്ചതിനാൽ ലൈംഗികാതിക്രമ പരാതി നിലനിൽക്കില്ലെന്ന കോഴിക്കോട് ജില്ലാ സെഷൻസ് ജഡ്ജിയുടെ ഉത്തരവ് സമൂഹം ചർച്ച ചെയ്യേണ്ടതാണ്. പരാതിക്കാസ്പദമായ സംഭവം നടന്നിട്ടുണ്ടെങ്കിൽ പ്രതി ശിക്ഷിക്കപ്പെടട്ടെ.

Consent ഉണ്ടെങ്കിൽ ചിലർക്ക് എല്ലാമായല്ലൊ. അത് എന്താണെന്ന് കൃത്യമായി നിർവചിക്കപ്പെടാത്ത കാലത്തോളം, പ്രലോഭിപ്പിക്കുന്ന വസ്ത്രധാരണവും ഒരു കൺസെന്‍റായി കണക്കാക്കാം എന്ന വാദത്തിലും ന്യായം നിഴലിക്കുന്നുണ്ട്.

ആഭാസകരമായ വസ്ത്രം ധരിക്കുന്ന രീതികൾ പൊതുയിടങ്ങളിൽ വർധിച്ചു വരുന്ന ഇക്കാലത്ത് അതെല്ലാം വസ്ത്ര സ്വാതന്ത്യത്തിന്‍റെ പട്ടികയിൽപ്പെടുത്തി രക്ഷപ്പെടാവുന്നതല്ല. വസ്ത്രം ധരിക്കുന്നത് ശരീരം മറക്കുന്നതിനാണ്. അത് ശരീരം തുറന്നിടുന്നതിന് സമാനമാവരുത്. സ്ത്രീകൾക്ക് തന്നെയാണ് അത് സുരക്ഷിത പ്രശ്നമുണ്ടാക്കുന്നത്. എന്നാൽ മേൽ സൂചിപ്പിച്ച കോടതി പരാമർശം സ്ത്രീ സമൂഹത്തിൽ പോസിറ്റീവ് ചർച്ചകൾക്ക് ഇടം നൽകുന്നതിന് പകരം വനിതാ കമ്മീഷൻ പോലുള്ള സ്ത്രികൾക്ക് വേണ്ടിയുള്ള സംവിധാനങ്ങൾ അതിനെ എതിർക്കുന്നത് അത്ഭുതകരമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button