തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രി പരിസരത്തെ സ്വാതന്ത്ര്യസമര സേനാനികളുടെ സ്മൃതി മണ്ഡപം അനാച്ഛാദനം ചെയ്യാൻ രാഹുൽ ഗാന്ധി എത്താതിരുന്നത് കോൺഗ്രസിന് അടിയായിരിക്കുകയാണ്. രാഹുലിനെതിരെ സംഘാടകർ പരസ്യപ്രതിഷേധം ഉയർത്തുമെന്ന സ്ഥിതി വന്നതോടെ കെ.പി.സി.സി നേതൃത്വം മാപ്പ് പറഞ്ഞ് തടിയൂരി. രാഹുലിനെതിരെ കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ പരസ്യമായി രംഗത്തെത്തി. രാഹുൽ എത്താതിരുന്നത് മോശമായെന്ന് അദ്ദേഹം പറഞ്ഞു.
ഉദ്ഘാടനത്തിനായി കാത്തുനിന്ന നേതാക്കളെയും ജനങ്ങളെയും രാഹുല്‍ ഗാന്ധി വരില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ അറിയിച്ചതോടെ നേതാക്കൾ അതൃപ്തി പ്രകടിപ്പിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നു. ഇത് ഭാരത്‌ജോഡോ യാത്രയുടെ കേരളത്തിലെ ആദ്യദിവസം തന്നെ വിവാദത്തിലാക്കി.
സ്വാതന്ത്ര്യ സമര സേനാനികളായ ഗാന്ധിയൻ പി ഗോപിനാഥൻ നായർ, കെ ഇ മാമൻ എന്നിവരുടെ നെയ്യാറ്റിൻകരയിലെ സ്‌മൃതി മണ്ഡപം അനാച്ഛാദനം ചെയ്യാമെന്ന് നേരത്തെ രാഹുൽ ഉറപ്പുനൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഗാന്ധിയന്‍ ഗോപിനാഥന്‍ നായരുടെയും കെ ഇ മാമന്റെയും ബന്ധുക്കളും, യുഡിഎഫ് കണ്‍വീനര്‍ എം എം ഹസനും, ശശി തരൂരും അടക്കമുള്ള നേതാക്കൾ ചടങ്ങിനെത്തിയിരുന്നു. ഭാരത് ജോഡോ യാത്ര ഞായറാഴ്ച കടന്നുപോകുമ്പോള്‍ സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്.
വൈകിട്ട് നാലിനായിരുന്നു ചടങ്ങ് നിശ്ചയിച്ചിരുന്നത്. സമയം കഴിഞ്ഞിട്ടും രാഹുൽ എത്തിയില്ല. രാഹുലിന് വേണ്ടി കാത്തിരുന്നവരോട് രാഹുല്‍ പങ്കെടുക്കില്ലെന്ന് കെ സുധാകരന്‍ അറിയിക്കുകയായിരുന്നു. ഇതുകേട്ട് നേതാക്കള്‍ ഉള്‍പ്പടെ അസ്വസ്ഥരാകുന്നത് വീഡിയോയില്‍ കാണാം. ഉദ്‌ഘാടനത്തിന് എത്താൻ സമയമില്ലെന്ന് സംഘാടകരെ അറിയിക്കുകയായിരുന്നു. ഇതോടെ സംഘാടകർ കെപിസിസി നേതൃത്വത്തെ പരാതി അറിയിച്ചു. ഇതോടെയാണ് കെ.പി.സി.സി നേതൃത്വം മാപ്പ് പറഞ്ഞ് തടിയൂരിയത്.
Post Your Comments