News

തെരുവുനായ്ക്കളെ കൊന്നൊടുക്കാനുള്ള അനുമതി തേടി സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി കേരളം

നായ്ക്കളെ കൊല്ലുന്നതിന് നിയമ തടസമുള്ള സാഹചര്യത്തിലാണ് കേരളത്തിന്റെ നീക്കം

തിരുവനന്തപുരം: തെരുവുനായ്ക്കളെ കൊന്നൊടുക്കാനുള്ള അനുമതി തേടി സുപ്രീം കോടതിയെ സമീപിക്കാന്‍ കേരളം ഒരുങ്ങുന്നു. മന്ത്രി എം.ബി.രാജേഷ് വിളിച്ച വിവിധ വകുപ്പുകളുടെ യോഗത്തിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. നായ്ക്കളെ കൊല്ലുന്നതിന് നിയമ തടസമുള്ള സാഹചര്യത്തിലാണ് കേരളത്തിന്റെ നീക്കം. തെരുവു നായ ശല്യം നിയന്ത്രിക്കാന്‍ ഊര്‍ജ്ജിത വാക്‌സിനേഷന്‍ ഡ്രൈവ് നടത്താനും തീരുമാനമായി. ഈ മാസം 20 മുതല്‍ ഒക്ടോബര്‍ 20 വരെയാകും വാക്‌സിനേഷന്‍ ഡ്രൈവ് നടത്തുക. ഇതിനായി പ്രത്യേക വണ്ടികള്‍ വാടകയ്ക്ക് എടുക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു.

Read Also: ലിസ്റ്റിംഗിനൊരുങ്ങി ഇൻഡെജെൻ പ്രൈവറ്റ് ലിമിറ്റഡ്

നിലവില്‍ പരിശീലനം ലഭിച്ചിട്ടുള്ളവരെ വച്ച് യജ്ഞം തുടങ്ങും. കൂടുതല്‍ പേരെ പരിശീലിപ്പിക്കും. കുടുംബശ്രീയില്‍ നിന്നും കൊവിഡ് കാല വോളന്റിയര്‍മാരില്‍ നിന്നും സന്നദ്ധത അറിയിക്കുന്നവരെ തെരഞ്ഞെടുത്ത് പരിശീലനം നല്‍കി വാക്‌സിനേഷന്‍ ഡ്രൈവിനായി നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു. ഈ മാസം തന്നെ പരിശീലനം പൂര്‍ത്തിയാക്കും. സ്‌കൂളുകള്‍ കേന്ദ്രീകരിച്ചാകും വാക്‌സിനേഷന്‍ ഡ്രൈവ് നടത്തുക. തെരുവുനായ്ക്കള്‍ കടിച്ചാലും അപകടകരമായ സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്താതിരിക്കാനാണ് ഈ നീക്കമെന്നും എം.ബി.രാജേഷ് പറഞ്ഞു.

ഉടമസ്ഥരില്ലാത്ത നായ്ക്കളെ വാക്‌സിനേഷന് കൊണ്ടുവന്നാല്‍ 500 രൂപ പാരിതോഷികം നല്‍കും. തെരുവുനായ്ക്കള്‍ക്ക് ഓറല്‍ വാക്‌സിനേഷന്‍ നല്‍കാനുള്ള സാധ്യതയും പരിശോധിക്കും. തെരുവുനായ്ക്കളുടെ വാക്‌സിനേഷനായി 6 ലക്ഷം ഡോസ് ഇപ്പോള്‍ കൈവശമുണ്ടെന്നും മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button