Latest NewsNewsIndia

അച്ഛനും അമ്മയും വിവാഹത്തിന് നിർബന്ധിച്ചു, തൂങ്ങിമരിച്ച് ഗാനരചയിതാവ് കബിലന്റെ മകൾ: തൂരിഗൈയുടെ മരണത്തിൽ വിശദ അന്വേഷണം

ചെന്നൈ: തമിഴ് ഗാനരചയിതാവും എഴുത്തുകാരനുമായ കബിലന്റെ മകൾ തൂരിഗൈ കബിലന്റെ ആത്മഹത്യയിൽ ഞെട്ടി കുടുംബവും സുഹൃത്തുക്കളും. ചെന്നൈയിലെ അറുമ്പാക്കത്തെ എംഎംഡിഎ കോളനിയിലെ വസതിയിൽ സെപ്റ്റംബർ 9 വെള്ളിയാഴ്ച യുവതിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 28 കാരിയായ പെൺകുട്ടി ഫാഷൻ ഡിസൈനർ ആയിരുന്നു. അവളുടെ വിയോഗം അവളുടെ കുടുംബത്തെയും സുഹൃത്തുക്കളെയും കോളിവുഡ് സിനിമാലോകത്തെയും ഞെട്ടിച്ചിരിക്കുകയാണ്.

2020 ഡിസംബറിൽ ആത്മഹത്യയ്‌ക്കെതിരെ തൂരിഗൈ എഴുതിയ കുറിപ്പ് പെൺകുട്ടികൾക്ക് ഏറെ പ്രചോദനമായിരുന്നു. അങ്ങനെയുള്ള തൂരിഗൈ ആത്മഹത്യ ചെയ്യുമെന്ന് ആരും ഒരിക്കലും കരുതിയതല്ല. എംബിഎ ബിരുദധാരിയായ തൂരിഗൈ നിരവധി തമിഴ് സിനിമകളിൽ കോസ്റ്റ്യൂം ഡിസൈനറായി പ്രവർത്തിക്കുകയും പ്രമുഖ ഇംഗ്ലീഷ് മാധ്യമങ്ങൾക്ക് നിരവധി ലേഖനങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്. നിരവധി തമിഴ് നടന്മാരുടെ സ്റ്റൈലിസ്റ്റും അവർ ആയിരുന്നു.

2020-ൽ ‘ബീയിംഗ് വിമൻ’ എന്ന പേരിൽ ഒരു ഡിജിറ്റൽ മാഗസിൻ ആരംഭിച്ചു. അതിൽ വിവിധ മേഖലകളിൽ കാര്യമായ നേട്ടങ്ങൾ കൈവരിച്ച സ്ത്രീകളുമായി നടത്തിയ അഭിമുഖങ്ങൾ പ്രസിദ്ധീകരിച്ചു. സംവിധായകൻ പാ രഞ്ജിത്തും അഭിനേതാക്കളായ ചേരനും വിമല രാമനും ചേർന്നാണ് മാഗസിൻ പ്രകാശനം ചെയ്തത്. വിജയികളായ സ്ത്രീകളുടെ നല്ല കഥകൾ പങ്കുവയ്ക്കുന്നതിനുള്ള ഒരു പ്ലാറ്റ്ഫോമായി തൂരിഗൈ തന്റെ ഓൺലൈൻ മാഗസിനെ നോക്കി കണ്ടിരുന്നു. അവളുടെ മാസികയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ഐഐടി മദ്രാസ് കാമ്പസിൽ ഫ്രണ്ട്ഷിപ്പ് ഐക്കൺ അവാർഡ് എന്ന പേരിൽ ഒരു അവാർഡ് ഷോ സംഘടിപ്പിക്കാൻ പദ്ധതിയിട്ടതിനിടെയാണ് അപ്രതീക്ഷിത വിയോഗം.

അതേസമയം, തൂരിഗൈയുടെ മരണത്തിൽ വിശദമായ അന്വേഷണത്തിനൊരുങ്ങുകയാണ് പോലീസ്. മാതാപിതാക്കളുമായുള്ള വഴക്കിനെ തുടർന്നാണ് ആത്മഹത്യയെന്നാണ് റിപ്പോർട്ട്. അച്ഛനും അമ്മയും നിരന്തരമായി വിവാഹം കഴിക്കാൻ ഇവരെ നിർബന്ധിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചും, വിഷമിച്ചുമാണ് ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം നിലവിൽ സാലിഗ്രാമത്തിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Post Your Comments


Back to top button