KeralaLatest NewsNews

വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ കിട്ടിയ മകനെ നഷ്ടമായതറിയാതെ മാതാപിതാക്കൾ, പഴനി യാത്രയിൽ പൊലിഞ്ഞത് മൂന്ന് ജീവൻ

തിരുവനന്തപുരം: അഞ്ച് വർഷത്തെ കാത്തിരിപ്പിനൊടുവിൽ കിട്ടിയ മകനുമായി പഴനിയിലേക്ക് യാത്ര തിരിച്ച കുടുംബത്തിന്റെ കാർ അപകടത്തിൽ പെട്ടു. മൂന്ന് മരണം. മണക്കാട് കുര്യാത്തി റൊട്ടിക്കടമുക്ക് പണയൽ വീട്ടിൽ അശോകന്റെ ഭാര്യ ശൈലജ(48), മകൻ അഭിജിത്തിന്റെ ഒന്നര വയസ്സുള്ള മകൻ ആരവ്, അഭിജിത്തിന്റെ ഭാര്യ സംഗീതയുടെ അമ്മ ലോ കോളേജ് ജീവനക്കാരിയായ ജയ(52) എന്നിവരാണ് മരിച്ചത്. ദിണ്ടിഗൽ-പഴനി റോഡിൽ പണൈപ്പട്ടി എന്ന സ്ഥലത്ത് വെള്ളിയാഴ്ച രാവിലെ എട്ടിനായിരുന്നു അപകടമുണ്ടായത്.

അഞ്ച് വർഷം കാത്തിരുന്ന് കിട്ടിയ മകനെ പഴനിയിൽ നേർച്ച നൽകാനായി കൊണ്ടുപോകവെയായിരുന്നു അപകടം. അഭിജിത്തിന്റെ വിവാഹം കഴിഞ്ഞ്‌ അഞ്ചുവർഷത്തിനു ശേഷം കാത്തിരുന്ന് കിട്ടിയ കുട്ടിക്ക് പഴനിയിൽ ചെന്ന് മുടിയെടുക്കാൻ കുടുംബം നേർന്നിരുന്നു. ട്രെയിനിൽ പോകാനായിരുന്നു പദ്ധതി. എന്നാൽ, ടിക്കറ്റ് കിട്ടാതെ വന്നതോടെ കുടുംബം ചാലയിൽ നിന്നും കാറിൽ പോകാമെന്ന് തീരുമാനിക്കുകയായിരുന്നു. കാറിന്റെ മുന്നിലെ വലതുഭാഗത്തുള്ള ടയർ പഞ്ചറായതാണ് അപകടത്തിനു കാരണമായത്. നിയന്ത്രണം വിട്ട കാർ റോഡിന്റെ മറുഭാഗത്ത് പഴനിയിൽനിന്ന് മധുരയിലേക്കു വന്ന തമിഴ്‌നാട് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബസിൽ ഇടിക്കുകയായിരുന്നു.

റോഡരികിലാണ് അശോകന്റെ വീട്. വെറും 3 സെന്റിലെ വീടിന് ഫ്ലെക്സ് ഷീറ്റാണ് മേൽക്കൂര. ഭാര്യയും 3 ആൺമക്കളും മരുമകളും അടങ്ങുന്നതാണ് അശോകന്റെ കുടുംബം. അഭിജിത്ത് മാത്രമാണ് വിവാഹം കഴിച്ചിട്ടുള്ളത്. അഭിജിത്തിന്റെയും സംഗീതയുടെയും പ്രണയവിവാഹമായിരുന്നു. അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് ഇവർക്ക് കുഞ്ഞുണ്ടായത്. ഒന്നര വയസ്സിൽ ആദ്യമായി തലമുണ്ഡനം ചെയ്യാനുള്ള ആ യാത്രയിൽ തന്നെ മാതാപിതാക്കൾക്ക് ആരവിനെ നഷ്ടപ്പെട്ടതിന്റെ വേദനയിലാണ് നാടും വീടും. രണ്ട് മുത്തശ്ശിമാർക്കൊപ്പമാണ് ഒന്നര വയസുകാരൻ യാത്രയായത്. കാത്തിരുന്ന് കിട്ടിയ കണ്മണിയേയും രണ്ട് അമ്മമാരെയും നഷ്ടപ്പെട്ട വിവരം അഭിജിത്തിനെയും സംഗീതയെയും അറിയിച്ചിട്ടില്ല. ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button