കെയ്ണ്‍സ്: ന്യൂസിലന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ ഓസ്‌ട്രേലിയക്ക് ജയം. രണ്ട് വിക്കറ്റിനാണ് ഓസ്‌ട്രേലിയ ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 232 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ ഓസീസ് 45 ഓവറില്‍ ലക്ഷ്യം മറികടന്നു. പരിക്ക് വകവെയ്ക്കാതെ ബാറ്റ് വീശിയ കാമറോണ്‍ ഗ്രീനാണ് (89) ഓസീസിനെ വിജയത്തിലേക്ക് നയിച്ചത്. അലക്‌സ് കാരി 85 റണ്‍സെടുത്തു.
ഒരു ഘട്ടത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 44 എന്ന നിലയിലായിരുന്നു ഓസീസ്. ഡേവിഡ് വാര്‍ണര്‍ (20), ആരോണ്‍ ഫിഞ്ച് (5), സ്റ്റീവന്‍ സ്മിത്ത് (1), മര്‍നസ് ലബുഷെയ്ന്‍ (0), മാര്‍കസ് സ്റ്റോയിനിസ് (5) എന്നിവര്‍ നിരാശപ്പെടുത്തി. മത്സരത്തില്‍ നാല് വിക്കറ്റ് വീഴ്ത്തിയ ട്രന്റ് ബോള്‍ട്ടാണ് ഓസീസിന്റെ മുന്‍നിരയെ തകര്‍ത്തത്.
എന്നാല്‍, ക്രീസില്‍ ഒത്തുചേര്‍ന്ന ഗ്രീന്‍- കാരി സഖ്യം ഓസീസ് ഇന്നിംഗ്സ് വേഗത്തിൽ മുന്നോട്ട് നയിച്ചു. ഇരുവരും 158 റണ്‍സ് സ്കോർ ബോർഡിൽ കൂട്ടിച്ചേർത്തു. കാരിയെ പുറത്താക്കി, ലോക്കി ഫെര്‍ഗൂസണ്‍ ന്യൂസിലന്‍ഡിന് വിജയ പ്രതീക്ഷ നൽകി. ഗ്ലെന്‍ മാക്‌സ്‌വെല്ലും (2), മിച്ചല്‍ സ്റ്റാര്‍ക്കും (1) നിരാശപ്പെടുത്തിയതോടെ ഓസീസ് പ്രതിരോധത്തിലായി.
എന്നാല്‍, ആഡം സാംപയുടെ ചെറുത്തുനിൽപ്പ് (13 പന്തില്‍ 13) ഓസീസിന് തുണയായി. 92 പന്തില്‍ ഒരു സിക്‌സും 10 ഫോറും ഉള്‍പ്പെടുന്നതാണ് ഗ്രീനിന്റെ(89) ഇന്നിംഗ്സ്. കിവീസിന് വേണ്ടി മാറ്റ് ഹെന്റി, ഫെര്‍ഗൂസണ്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
Read Also:- ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ ‘ഏലയ്ക്ക’
നേരത്തെ, ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ നാല് വിക്കറ്റ് പ്രകടനമാണ് കിവീസിനെ തകര്‍ത്തത്. പത്ത് ഓവര്‍ പൂര്‍ത്തിയാക്കിയ മാക്‌സ്‌വെല്‍ 52 റണ്‍സ് വഴങ്ങിയാണ് നാല് വിക്കറ്റ് നേടിയത്. ന്യൂസിലന്‍ഡ് മധ്യനിര തകര്‍ന്നതോടെ കിവീസിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 232 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്.
Post Your Comments