
റാന്നി: പെരുനാട് മന്ദപ്പുഴ ചേര്‍ത്തലപ്പടി ഷീനാഭവനില്‍ ഹരീഷിന്റെയും രജനിയുടെയും നെഞ്ച് പൊട്ടിയുള്ള കരച്ചിൽ ഇനിയും അവസാനിച്ചിട്ടില്ല. പൊന്നുപോലെ നോക്കിയ മകൾ മണ്ണോട് ചേരുന്നത് കണ്ടതിന്റെ വേദനയിലാണ് ഇരുവരും. തെരുവുനായ കടിച്ച് ചികിത്സയിൽ കഴിയുമ്പോഴും രജനിക്കും ഹരീഷിനും പ്രതീക്ഷ ഉണ്ടായിരുന്നു.
‘എന്റെ കുഞ്ഞിനെ ഇവിടെ തനിച്ചാക്കി ഞാൻ വരില്ല, അവൾക്ക് ഒറ്റയ്ക്ക് പേടിയാ, അവൾ ഒരിടത്തും ഒറ്റയ്ക്ക് പോയിട്ടില്ല’ – അമ്മ രജനിയുടെ നൊമ്പരം.
’12 വയസുവരെ പൊന്നുപോലെ കൊണ്ടുനടന്നതാ ഞങ്ങടെ കുഞ്ഞിനെ. കുഞ്ഞിന്‍റെ അവയവങ്ങള്‍ മുഴുവന്‍ വാക്സിന്‍ കമ്പിക്കാര്‍ കൊണ്ടുപോയി’ – ഹരീഷ് കണ്ണീരോടെ പറയുന്നു.
മൂന്ന് തവണ വാക്സിൻ എടുത്തതോടെ മകൾ ജീവിതത്തിലേക്ക് തിരിച്ച് വരുമെന്ന് തന്നെയായിരുന്നു ഇവർ കരുതിയത്. എന്നാൽ, ഇവരുടെ പ്രതീക്ഷകളെല്ലാം അമ്പേ തകർത്ത് അഭിരാമി എന്നെന്നേക്കുമായി യാത്രയായി. ഇതോടെ, കേരളത്തിലെ ആരോഗ്യ സംവിധാനങ്ങളുടെ പിടിപ്പുകേടായി റാന്നിയിലെ കുരുന്നിന്റെ മരണത്തെ സോഷ്യൽ മീഡിയ വിമർശിച്ചു. ഓഗസ്ത് 13 ന് രാവിലെ ഏഴ് മണിക്കാണ് അഭിരാമിയെ തെരുവുനായ കടിച്ചത്. 7:30 ഓടെ പെരുനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ഇവിടെ ഡോക്ടർ ഉണ്ടായിരുന്നില്ല. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോൾ 10 മണിയായി. ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞാണ് ആദ്യ വാക്സിൻ നൽകിയത്. ഓഗസ്ത് 16 ന് രണ്ടാമത്തെ വാക്സിൻ നൽകി. ഓഗസ്ത് 20 ന് മൂന്നാമത്തെ വാക്സിനും നൽകി. സെപ്തംബർ 10 ന് നാലാമത്തെ വാക്സിൻ എടുക്കാൻ വരണമെന്നും പറഞ്ഞ് കുട്ടിയെ ഡിസ്ചാർജ് ചെയ്തു.
ഇതിനിടെ സെപ്തംബർ ഒന്നിന് ആരോഗ്യ നില വഷളായതോടെ അഭിരാമിയെ വീണ്ടും ആശിപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എക്സ്റേ എടുത്ത ശേഷം കുഴപ്പമൊന്നും ഇല്ലെന്ന് പറഞ്ഞ്, വിദഗ്ധ ചികിത്സയ്ക്കായി നിർദ്ദേശിക്കാതെ വീട്ടിലേക്ക് തിരിച്ചയച്ചു. രണ്ടാം തീയതി വായിൽ നിന്നും നുരയും പാതയും വന്നതോടെ ആദ്യം പത്തനംതിട്ട ജനറൽ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്കും കൊണ്ടുപോയി. ചികിത്സയിൽ കഴിയവേ അഞ്ചിനാണ് അഭിരാമി മരണപ്പെടുന്നത്.
Post Your Comments