മലപ്പുറം: സമൂഹ മാധ്യമങ്ങളിൽ സജീവമായ സി.പി.എമ്മിന്റെ സൈബർ പോരാളിയെന്ന് അറിയപ്പെടുന്ന ജഹാംഗീർ ആമിന റസാഖിനെ മലപ്പുറം പോലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ പരാതിയിൽ മലപ്പുറം കോട്ടക്കൽ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. മാനഹാനി ഉണ്ടാക്കുന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ ഫോട്ടോ പ്രചരിപ്പിച്ചു എന്ന പരാതിയെ തുടർന്നാണ് അറസ്റ്റ്. പ്രമാദമായ പല കേസുകളിലും നിലപാടുകൾ വ്യക്തമാക്കി ഇയാൾ രംഗത്ത് വന്നിരുന്നു.
ഇയാൾക്കെതിരെ നേരത്തെ ഒരു വീട്ടമ്മ പരാതി പറഞ്ഞിരുന്നു. പോലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടെങ്കിലും കാര്യമുണ്ടായില്ല. വർഷങ്ങൾക്ക് മുൻപ് ട്യൂഷൻ സെന്ററിൽ അധ്യാപകനായി ജോലി ചെയ്യവേ മോഹനവാഗ്ദാനങ്ങൾ നൽകി ജഹാംഗീർ തന്നെ വഞ്ചിച്ചുവെന്നാണ് യുവതി നൽകിയ പരാതിയിലുള്ളത്. പരസ്പരം പ്രണയത്തിലായിരുന്നുവെന്നും, വിവാഹം വരെ എത്തിയ ബന്ധത്തിൽ നിന്നും കാരണമില്ലാതെ ജഹാംഗീർ പിന്മാറിയെന്നുമാണ് പരാതിയിലുള്ളത്.
വർഷങ്ങൾക്ക് ശേഷം 2018 ൽ ഇയാളുമായി യുവതി വീണ്ടും അടുത്തു. ഈ സമയം യുവതി തന്റെ ഭർത്താവുമായി പിണങ്ങി കഴിയുകയായിരുന്നു. പ്രണയം വേണ്ടെന്ന് വെച്ചതിൽ കുറ്റബോധമുണ്ടെന്ന് ജഹാംഗീർ തന്നോട് പറഞ്ഞുവെന്നും, ഡിവോഴ്സ് ചെയ്ത് വന്നാൽ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകിയെന്നുമാണ് യുവതി പറയുന്നത്. തുടർന്ന് യുവതിയുമായി ഇയാൾ ബന്ധം സ്ഥാപിച്ചു. ശാരീരിക ബന്ധത്തിൽ ഏർപ്പെട്ട ശേഷം നഗ്നചിത്രങ്ങൾ പകർത്തിയെന്നാണ് യുവതി ആരോപിക്കുന്നത്.
വിവാഹകാര്യത്തെ കുറിച്ച് സംസാരിച്ച് തുടങ്ങിയതോടെ ജഹാംഗീർ യുവതിൽ നിന്നും അകന്നു. വിളിച്ചാൽ ഫോൺ എടുക്കാതെ ആയി. ഇതിനിടെ യുവതിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ഇതോടെയാണ് താൻ കബളിപ്പിക്കപ്പെട്ടതായി യുവതി തിരിച്ചറിയുന്നത്. തന്നെ കൂടാതെ, മുപ്പതിലധികം സ്ത്രീകളെ ഇയാൾ ചതിയിൽ വീഴ്ത്തിയിട്ടുണ്ടെന്നാണ് യുവതിയുടെ ആരോപണം.
ഐടി ആക്ട് പ്രകാരമാണ് ഇയാൾക്കെതിരെ പോലീസ് കേസെടുത്തത്. മലപ്പുറം സിജെഎം കോടതിയിൽ ഹാജരാക്കിയ ഇയാൾക്ക് ഇടക്കാല ജാമ്യം ലഭിച്ചു. ഇടത് പ്രൊഫൈൽ ആണ് ജഹാംഗീറിന്റെത്. യൂത്ത് കോൺഗ്രസ് നേതാവ് വീണ എസ് നായർക്കെതിരെ മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്നാരോപിച്ച് ഇയാൾ മുൻപ് പരാതി നൽകിയിരുന്നു. ഈ പരാതിയിൽ വീണയ്‌ക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു. കഴിഞ്ഞ പ്രളയ സമയത്ത് വടക്കൻ ജില്ലക്കാരെ തെക്കൻ ജില്ലക്കാർ തിരിഞ്ഞുനോക്കിയില്ലെന്നാരോപിച്ച് ഇയാൾ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഇത് ഏറെ വിവാദമാവുകയും ചെയ്തു.
Post Your Comments