ദുബായ്: മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണിയുമായുള്ള വ്യക്തിപരമായ ബന്ധത്തെക്കുറിച്ച് ഇന്ത്യന്‍ സൂപ്പർ താരം വിരാട് കോഹ്ലി. ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം രാജിവച്ചപ്പോൾ ഒപ്പം കളിച്ചവരില്‍ സന്ദേശം അയച്ച ഒരേയൊരാൾ ധോണി മാത്രമാണെന്നും ഇരുവരും തമ്മിൽ എക്കാലവും പരസ്‌പര ബഹുമാനം ഉണ്ടെന്നും കോഹ്ലി പറഞ്ഞു.
ഈ വര്‍ഷം ജനുവരിയിലായിരുന്നു ടെസ്റ്റ് ക്യാപ്റ്റന്‍സി കോഹ്ലി ഒഴിഞ്ഞത്. ടെസ്റ്റില്‍ ഇന്ത്യക്ക് ഏറ്റവും കൂടുതല്‍ വിജയം സമ്മാനിച്ച നായകനാണ് വിരാട് കോഹ്‌ലി. എം എസ് ധോണിയില്‍ നിന്നാണ് കോഹ്ലി ടെസ്റ്റ് ക്യാപ്റ്റന്‍സി ഏറ്റെടുത്തത്.
‘ഞാനൊരു കാര്യം നിങ്ങളോട് പറയാം. ഞാന്‍ ടെസ്റ്റ് ക്യാപ്റ്റന്‍സി ഉപേക്ഷിച്ചപ്പോഴായിരുന്നു അത്. ഞാന്‍ ഒന്നിച്ച് കളിച്ചവരില്‍ ഒരാളില്‍ നിന്ന് മാത്രമാണ് മെസേജ് ലഭിച്ചത്. അത് എം എസ് ധോണിയായിരുന്നു. എന്‍റെ നമ്പര്‍ പലരുടെയും കൈയിലുള്ളപ്പോഴായിരുന്നു ഇത്. ഏറെപ്പേര്‍ ടെലിവിഷന്‍ ചാനലുകള്‍ വഴി നിര്‍ദേശങ്ങള്‍ നല്‍കി. അവര്‍ക്ക് ഒരുപാട് പറയാനുണ്ടായിരുന്നു’.
‘എല്ലാവരുടേയും എടുത്ത് എന്‍റെ നമ്പറുണ്ടായിരുന്നു. എന്നാല്‍, ആരും സന്ദേശം അയച്ചില്ല. എനിക്ക് ധോണിയില്‍ നിന്ന് ഒന്നും വേണ്ട. ധോണിക്ക് എന്നില്‍ നിന്നും. രണ്ട് പേര്‍ക്കും പരസ്‌പരം അരക്ഷിതാവസ്ഥ ഉണ്ടായിരുന്നില്ല. എനിക്ക് ആരോടേലും എന്തെങ്കിലും പറയാനുണ്ടേല്‍ വ്യക്തിപരമായി സമീപിച്ച് പറയും. അതാണ് മറ്റുള്ളവരില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. ടീമിനായി കഠിനപ്രയത്‌നം നടത്തുകയാണ് എന്‍റെ ജോലി, അത് തുടരും’ കോഹ്ലി പറഞ്ഞു.
Read Also:- രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ!
ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരായ സൂപ്പര്‍ ഫോര്‍ തോല്‍വിക്ക് ശേഷമാണ് കോഹ്ലി വാർത്താസമ്മേളനത്തിൽ ഇക്കാര്യം വെളിപ്പെടുത്തുന്നത്. മൂന്ന് ഫോര്‍മാറ്റിലെയും ക്യാപ്റ്റന്‍സി ഒഴിഞ്ഞ ശേഷം കുറച്ച് നാളുകളായി മാധ്യമങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു താരം. ഫോമില്ലായ്‌മയെ ചൊല്ലിയുള്ള വിമര്‍ശനങ്ങളും കോഹ്ലിയെ ഈ തീരുമാനത്തിലേക്ക് നയിച്ചിരുന്നു.
Post Your Comments